ലണ്ടന്‍: വിംബിള്‍ഡണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ച് രോഹന് ബൊപ്പണ്ണ- വാസലൈന്‍ സഖ്യം സെമി ഫൈനലില്‍ തോറ്റു. വനിതാ സിംഗിള്‍സ് ഫൈനലില്‍ ജര്‍മനിയുടെ സബെയ്ന് ലിസിക്കി ഫ്രാന്‍സിന്റെ മറിയന്‍ ബര്ട്ടോളിയെ നേരിടും.
പുരുഷ ഡബിള്‍സ് സെമിയില്‍ ബൊപ്പണ്ണ സഖ്യം അമേരിക്കയുടെ ബ്രയാന്‍ സഹോദരങ്ങളോട് പൊരുതി തോല്‍ക്കുകയായിരുന്നു. ലോക ഒന്നാം സീഡ് ആണ് ബോബ് ബ്രയാന്‍- മൈക് ബ്രയാന്‍ സഖ്യം. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണയും വാസലൈനും കീഴടങ്ങിയത്. സ്കോര്‍: 7-6, 4-6, 3-6, 7-5, 3-6.
15-ാം സീഡ് ആയ മരിയന്‍ ബര്‍ട്ടോളി ബെല്‍ജിയത്തിന്റെ ക്രിസ്റ്റെന് ഫഌപ്കെനെയാണ് സെമിയില്‍ തോല്പിച്ചത്. 62 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബര്‍ട്ടോളി വിജയം നേടിയത്. സെന്റര്‍ കോര്‍ട്ടില്‍ നടക്കുന്ന ഫൈനലില്‍ ജര്‍മനിയുടെ സബെയ്ന് ലിസിക്കിയെയാണ് ബര്‍ട്ടോളി നേരിടേണ്ടി വരിക. നിലവിലെ ചാമ്പ്യനായ സെറീന വില്യംസിനെ അട്ടിമറിച്ച ലിസിക്കി 24-ാം സീഡുകാരിയാണ്. നാലാം സീഡുകാരിയായ പോളണ്ടിന്റെ അഗ്നിയേസ്ക റഡ്വാന്സ്കയെയാണ് ലിസിക്കി സെമിയില്‍ അട്ടിമറിച്ചത്. സ്കോര്‍:6-4, 2-6, 9-7.
പുരുഷ സിംഗിള്‍സിന്റെ സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവികും, രണ്ടാം നമ്പര്‍ ആന്‍ഡി മറേയും, യുവാന്‍ മാര്ട്ടിന് ഡെല്‍പോട്രോയും ജെര്സി ജാനോവികും എത്തിനില്‍ക്കുന്നു. ജോകോവിക് ഡെല്പോട്രോയോടും, മറേ ജാനോവികിനോടും സെമിയല്‍ ഏറ്റുമുട്ടും. ഒരു പക്ഷെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിനും ഇത്തവണത്തെ വിംബിള്‍ഡണ്‍ സാക്ഷിയായേക്കും.
വിംബിള്‍ഡണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിച്ചു. പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-സ്റ്റെഫാനെക് സഖ്യവും മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-ഹൊറിയ തകാവു സഖ്യവും പുറത്തായി.