കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ 39ാം മിനിറ്റിലും 53ാം മിനിറ്റിലുമാണ് ഛെത്രി നിറയൊഴിച്ചത്. ജെജെ ലാല്പെഖ്ലു ആതിഥേയര്‍ക്കു വേണ്ടി 47ാം മിനിറ്റില്‍ ലക്ഷ്യം കണ്ടിരുന്നു. മലേഷ്യക്കുവേണ്ടി 45, 59 മിനുറ്റുകളിലായി മുഹമ്മദ് സാലിയാണ് ഗോള്‍വല കുലുക്കിയത്.
മികച്ച കളി പുറത്തെടുത്ത ഇന്ത്യക്ക് ഇതിനും മികച്ച സ്കോറില്‍ ജയിക്കാന്‍ കഴിയുമായിരുന്നെങ്കിലും സ്കോറിങിലെ പിഴവുകള്‍ തിരിച്ചടിയായി. ബല്ദീപ് സിങ്, ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ്, റോകസ് ലാമരെ, ലാല്‍റിന്‍ഡിക റാള്‍ട്ടെ കൂട്ടുകെട്ട് നിയന്ത്രിച്ച മിഡ്ഫീല്‍ഡിലെ പ്രകടനമാണ് മലേഷ്യയെ പിടിച്ചുനിര്‍ത്തിയത്.
താരങ്ങള്‍ മനസ്സു തുറന്നു കളിച്ചു. സാഫ് ഗെയിംസ് കടന്നു വരുന്നതിനാല്‍ ടീമിലെ മുഴുവന്‍ താരങ്ങളെ പരീക്ഷിക്കാനുള്ള അവസരമായാണ് ഇതുപയോഗിച്ചത്- ഇന്ത്യന്‍ കോച്ച് സാവിയോ മദെയ്ര പറഞ്ഞു. നല്ല കളി പുറത്തെടുക്കാന്‍ സാധിച്ചു. ഇന്ത്യക്കുവേണ്ടി ഗോള്‍ നേടുകയെന്നത് വിവരിക്കാനാവാത്ത ഒരു വികാരമാണ്- ഛെത്രി വ്യക്തമാക്കി. ഗുവാഹത്തിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ആദ്യ സൗഹൃദമല്‍സരം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു.