കൊല്‍ക്കത്ത: അന്താരാഷ്ട്രകരിയറില്‍ നിന്നു വിടവാങ്ങിയ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബെയ്ച്ചുങ് ബൂട്ടിയയെ പ്രശംസിക്കാന്‍ വിദേശകോച്ചുകളും ഫുട്‌ബോള്‍ അസോസിയേഷനും കളിക്കാരും മല്‍സരിക്കുമ്പോള്‍ ചിലര്‍ മാത്രം മാറി നില്‍ക്കുന്നു.
2006ലെ എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാറൗണ്ടില്‍ ഇന്ത്യയെ പരിശീലിപ്പിച്ച സഈദ് നയീമുദ്ദീന്റെ അഭിപ്രായത്തില്‍ ബൂട്ടിയ രാജ്യദ്രോഹിയാണ്. ഐ.എം വിജയന്‍ ബൂട്ടിയയേക്കാള്‍ എത്രയോ മികച്ച താരമാണ്. ജപ്പാനും യെമനുമെതിരേയുള്ള മല്‍സരത്തില്‍ ഇന്ത്യ നാണം കെട്ടു പുറത്തായതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. റാങ്കിങില്‍ ഏറെ താഴെയുള്ള യെമനുമായി തോറ്റതിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണം. വിജയന് അച്ചടക്കവും പ്രതിഭയുമുണ്ടായിരുന്നു. ഏറെ സാങ്കേതിക തികവുണ്ടായിരുന്ന കേരളതാരം എന്നും ടീമിന്റെ ആവേശമായിരുന്നു.
ഈ രാജ്യദ്രോഹിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രതീകമാണെന്ന് മാധ്യമങ്ങള്‍ പുകഴ്ത്തുന്നത്. മാധ്യമങ്ങളാണ് ബൂട്ടിയയെ വളര്‍ത്തിയത്. അല്ലാതെ കളിച്ചു വളര്‍ന്നതല്ല. - മുന്‍ ഇന്ത്യന്‍ ഡിഫന്‍ഡര്‍ സുബ്രതാ ഭട്ടാചാര്യയും ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവ് ഷബീര്‍ അലിയും പറഞ്ഞു.