മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ശക്തരായ വില്ലാറയലിനെതിരേ 5-0ന്റെ തകര്‍പ്പന്‍ ജയമാണ് സ്പാനിഷ്-യൂറോപ്പ്യന്‍ കപ്പ് ചാംപ്യന്മാര് സ്വന്തമാക്കിയത്. സ്റ്റാര്‍ പ്ലെയര്‍ ലയണല്‍ മെസ്സി രണ്ടും സെക് ഫെബ്രഗാസ്, അലെക്സി സാഞ്ചെസ്, തിയാഗോ അല്കാന്ററെ എന്നിവരാണ് ബാഴ്സയ്ക്കുവേണ്ടി വല കുലുക്കിയത്.
25ാം മിനിറ്റില്‍ തിയാഗോയിലൂടെയായിരുന്നു ആദ്യ ഗോള്‍. സ്പെയിന് അണ്ടര്‍ 21 ടീമംഗം പന്തുമായി ഒറ്റയ്ക്കു മുന്നേറി പോസ്റ്റിലേക്ക് ഇടങ്കാലന്‍ ഷോട്ട് പായിക്കുമ്പോള്‍ വില്ലാറയല്‍ പ്രതിരോധഭടന്മാര് പിറകെ ഓടിയെത്തുന്നേ ഉണ്ടായിരുന്നുള്ളൂ.
ആദ്യപകുതി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ഫെബ്രഗാസിന്റെ ഗോള്‍. ഓടിയെത്തുന്ന ഫെബ്രഗാസിന്റെ കാലിലേക്ക് മെസ്സിയുടെ പാസ്. പെനല്‍റ്റി ബോക്സിനുള്ളില്‍ പന്ത് സ്വീകരിച്ച മുന്‍ ആഴ്സണല്‍ നായകന് ഗോളി ഡീഗോ ലോപ്പസിനെ വലം വച്ച് കാലി പോസ്റ്റിലേക്ക് പന്ത് തൊടുത്തുവിട്ടു.
രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ തിയാഗോയും സാഞ്ചെസും നടത്തിയ മുന്നേറ്റത്തില്‍ നിന്നായിരുന്നു ഗോള്‍. 52ാം മിനിറ്റില്‍ ഇനീസ്റ്റയുടെ നല്ലൊരു പാസ്സില്‍ നിന്നും മെസ്സി ലക്ഷ്യം കണ്ടു. ബാഴ്സലോണയ്ക്കുവേണ്ടി അര്‍ജന്റീനിയന്‍ താരം നേടുന്ന നൂറാം ഗോള്‍ കൂടിയായിരുന്നു അത്. 74ാം മിനിറ്റില്‍ പോസ്റ്റിലേക്ക് ഓടികയറുന്നതിനിടെ തിയാഗോയ്ക്ക് നല്കിയ പാസ്സ് അതേ നാണയത്തില്‍ തിരിച്ചെത്തിയപ്പോള്‍ മെസ്സിക്കു കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.