സപ്പോറൊ: സൗദി അറേബ്യയുടെ വെല്ലുവിളികളെ ഗോളുകളില്‍ മുക്കിക്കൊന്ന് ജര്‍മ്മനി അരങ്ങേറ്റം കുറിച്ചു. ലോകകപ്പിലെ ആദ്യ ഹാട്രിക് ജര്‍മ്മനിയുടെ സ്ട്രൈക്കര്‍ മിറോസ്ലൊവ് ക്ലോസിന്റെ തലയില്‍ നിന്ന് പിറന്നു. സൗദിക്കെതിരെ ക്ലോസ് നേടിയ മൂന്നു ഗോളുകളും ഹെഡറുകളിലൂടെയായിരുന്നു.
മറുപടിയില്ലാത്ത എട്ടുഗോളുകള്‍ക്ക് സൗദിയെ തോല്പിച്ച് ഇഗ്രൂപ്പില്‍ ജര്‍മ്മനി തങ്ങളുടെ മേധാവിത്വം വിളിച്ചറിയിക്കുകയായിരുന്നു. ജര്‍മ്മനിയുടെ വിമര്‍ശകരുടെ വായടപ്പിക്കുന്നതായിരുന്നു ജര്‍മ്മനിയുടെ വിജയം. ജര്‍മ്മന്‍ താരങ്ങളായ ഒളിവര്‍ ബീറോഫ്, മൈക്കേല്‍ ബള്ളാക്ക്, തോമസ് ലിങ്കെ, കാഴ്സ്ടണ്‍ ജാന്‍കെര്‍, ഷ്നീഡര്‍ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി.
ജര്‍മ്മനിയെ അട്ടിമറിക്കുമെന്ന സൗദിയുടെ വീരവാദത്തെ അപ്പാടെ തകര്‍ത്തുകളയുന്നതായിരുന്നു ജര്‍മ്മനിയുടെ വിജയം. പേരുകേട്ട സപ്പോറെ സ്റേഡിയത്തില്‍ ജര്‍മ്മനി ഗോളുകള്‍ കൊണ്ട് അഭിഷേകം നടത്തുകയായിരുന്നു. ജര്‍മ്മിയുടെ അടുത്ത കളി ജൂണ്‍ അഞ്ച് ബുധനാഴ്ച അയര്‍ലണ്ടിനോടാണ്.