ന്യൂയോര്‍ക്ക്: വമ്പന്‍ ജയങ്ങളിലൂടെ ഫൈനലിലെത്തിയ പീറ്റ് സാംപ്രാസിനെ അവസാനം ആസ്ത്രേലിയക്കാരനായ ലെയ്ട്ടണ്‍ ഹ്യൂവിറ്റ് പിടിച്ചുകെട്ടി. സപ്തംബര്‍ ഒമ്പത് ഞായറാഴ്ച വൈകീട്ട് ആര്‍തര്‍ ആഷെ സ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 7-6, 6-1, 6-1 എന്ന സ്കോറിന് സാംപ്രാസിനെ തകര്‍ത്ത് ഹ്യൂവിറ്റ് യുഎസ് ഓപ്പണ്‍ സിംഗിള്‍സ് കിരീടം നേടി. ലോക അഞ്ചാം റാങ്കുകാരനായ ഈ 20കാരന്റെ ആദ്യ ഗ്രാന്റ് സ്ലാം കിരീടമാണിത്.
കഷ്ടിച്ച് രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റില്‍ മാത്രമേ സാംപ്രാസിന്റെ തന്റെ താളം കണ്ടെത്താനായുള്ളൂ. ഇരുവരും തുടങ്ങിയത് എതിരാളികളുടെ സര്‍വ് ഭേദിച്ചുകൊണ്ടായിരുന്നു.
തുടര്‍ന്ന് ഇരുവരും സര്‍വുകള്‍ നിലനിര്‍ത്തിയപ്പോള്‍ വിജയിയെ നിര്‍ണയിക്കാന്‍ ടൈബ്രേക്കര്‍ വേണ്ടിവന്നു. എന്നാല്‍ ടൈബ്രേക്കറിലെ അവസാന പോയിന്റ് സാംപ്രാസിന്റെ ഒരു പിഴവിലൂടെ ലഭിച്ചതോടെ ആദ്യസെറ്റ് ഹ്യൂവിറ്റിന് സ്വന്തമായി.
ഈ പിഴവ് സാംപ്രാസിന്റെ പിന്നീടുള്ള കളിയെ സാരമായി ബാധിച്ചു. തുടര്‍ന്നുള്ള രണ്ടു സെറ്റുകളില്‍ സാംപ്രാസിന് രണ്ടു ഗെയിമുകള്‍ മാത്രമേ നേടാനായുള്ളൂ. സാംപ്രാസിന്റെ തീ പാറുന്ന സര്‍വുകളെ മികച്ച റിട്ടേണുകളിലൂടെ ഹ്യൂവിറ്റ് നേരിട്ടു. മുമ്പെങ്ങുമില്ലാത്ത വിധം സാംപ്രാസ് അണ്ഫോഴ്സ്ഡ് എററുകള്‍ കൂടി വരുത്തിയതോടെ ചാമ്പ്യന്‍ഷിപ്പ് ഹ്യവിറ്റിന് സ്വന്തമായി.