കൊല്‍ക്കത്ത: വിവാദ നായകന്‍ മൈക്ക് ഡെന്നിസ് മാച്ച് റഫറിയാവുന്ന മത്സരങ്ങളില്‍ ഇനി ഇന്ത്യ കളിക്കില്ല.നവംബര്‍ 26 തിങ്കളാഴ്ച കൊല്‍ക്കൊത്തയില്‍ ചേര്‍ന്ന അടിയന്തര ബി സി സി ഐ യോഗമാണ് ഈ തീരുമാനമെടുത്തതെന്ന് ബോര്‍ഡ് പ്രസിഡന്റ് ജഗമോഹന്‍ ഡാല്‍മിയ വാര്‍ത്താ ലേഖകരെ അറിയിച്ചു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ തീീരുമാനം ദൂരവ്യാപകമായ ഫലം ഉണ്ടാക്കും. ഐ സി സിയുടെ താന്‍ പോരിമയ്ക്ക് വഴങ്ങേണ്ട എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. പുറമേ ഏറ്റുമുട്ടലിനില്ല എന്നു ഭാവിക്കുന്നുണ്ടെങ്കിലും വരും ദിനങ്ങളില്‍ പോരു വര്‍ദ്ധിക്കാനാണ് സാദ്ധ്യത.വീരേന്ദ്ര സെവാഗിനെ മുന്‍നിര്‍ത്തിയും ഒരു ഏറ്റു മുട്ടല്‍ ഉണ്ടാകും.
മൈക്ക് ഡെന്നിസിന്റെ ധിക്കാരമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്ന് ഇന്ത്യ കരുതുന്നു. രാജ്യമെങ്ങും ഈ വികാരമാണുള്ളത്. പാര്‍ലമെന്റില്‍ വരെ സംഭവം എത്തിയതിനാല്‍ ബി സി സി ഐയ്ക്ക് പ്രശ്നത്തെ ഇനി ലാഘവ ബുദ്ധിയോടെ സമീപിക്കാനാവില്ല. മാച്ച് റഫറിമാരുടെ തീരുമാനത്തിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് അവകാശം നല്‍കുംവിധം ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.
ക്രിക്കറ്റിലെ അവഗണിക്കാനാവാത്ത സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അതിനാല്‍ ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്ന അഭിപ്രായം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശക്തമാണ്. പരമ്പരാഗത വൈരികളായ പാകിസ്ഥാനും പ്രശ്നത്തില്‍ ഇന്ത്യയ്ക്കൊപ്പമാണെന്ന് ഏറെക്കുറെ ഉറപ്പാണ്. പക്ഷേ തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്ത ഇന്ത്യയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നു. വരുന്ന ഐ സി സി സമ്മേളനം അതുകൊണ്ടു തന്നെ വന്‍ പ്രാധാന്യമര്‍ഹിക്കുന്നു.