ഉള്‍സാന്‍ : ലോകകപ്പ് ഫുട്ബാളില്‍ ഡെന്‍മാര്‍ക്ക് ഗ്രൂപ്പ് എയില്‍ ജയത്തോടെ അരങ്ങേറി. പൊരുതിക്കളിച്ച ഉറുഗ്വെയെ 2-1 നാണ് ഡാനിഷുകാര്‍ പരാജയപ്പെടുത്തിയത്.
രണ്ടു ഗോളുകള്‍ നേടിയ ടൊമ്മാസണ്‍ ആണ് ഡാനിഷ് വിജയത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ റോഡ്രിഗ്സ് നേടി.
ഒന്നാം പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുളളപ്പോഴാണ് ടൊമ്മാസണ്‍ ഉറുഗ്വെയുടെ വല ചലിപ്പിച്ച് ഡെന്‍മാര്‍ക്കിന് ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയുടെ ആരംഭത്തില്‍ റൊഡ്രിഗ്സിലുടെ ഉറുഗ്വെ പകരം വീട്ടി. കളിയുടെ 83-ാം മിനിട്ടില്‍ മികച്ച ഒരു ഹെഡ്ഡറിലൂടെ ടൊമ്മാസണ്‍ ഡാനിഷ് വിജയത്തിന് അടിക്കുറിപ്പെഴുതി.
എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന ഫ്രാന്‍സ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ഡെന്‍മാര്‍ക്കിന്റെ വിജയത്തിന് പ്രാധാന്യമേറുകയാണ്.