റിയോ: ഏറെ പ്രതീക്ഷകളുമായി ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി റിയോയില്‍ ഒളിംപിക്‌സിനെത്തിയ ഇന്ത്യ രണ്ടുമെഡലുമായി മടങ്ങുന്നു. അവസാന ദിവസം ഗുസ്തിയില്‍ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത്.
അപ്രതീക്ഷിതമായി വനിതാ ഗുസ്തിയില്‍ സ്വര്‍ണം നേടിയ സാക്ഷി മാലിക്കും, ബാഡ്മിന്റണിലെ വനിതാ സിംഗിള്‍സില്‍ വെള്ളി നേടിയ സിന്ധുവുമാണ് ഇന്ത്യയ്ക്കായി റിയോയില്‍ മെഡല്‍ നേടിയത്. 120 അംഗങ്ങളുമായി റിയോയിലെത്തിയ ഇന്ത്യന്‍ സംഘത്തിലെ പുരുഷന്മാര്‍ക്ക് മെഡല്‍ നേടാന്‍ സാധിച്ചില്ല. മെഡല്‍ പട്ടികയില്‍ 66ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

അവസാന ദിവസം മാരത്തണില്‍ മലയാളി താരം ഗോപി 25ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. കേത്താ റാം 26ാം സ്ഥാനത്തും നിതേന്ദ്ര സിങ് 84ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. കെനിയയുടെ എല്യൂഡ് കിപ്‌ച്ചൊഗെയ്ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണം. എത്യോപ്യയുടെ ഫെയ്‌സി ലിലേസയ വെള്ളിയും അമേരിക്കയുടെ ഗാലന്‍ റപ്പ് വെങ്കലവും നേടി.
അതേസമയം ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്ത് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 65 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മല്‍സരിച്ച യോഗേശ്വര്‍ മംഗോളിയന്‍ താരം ഗാന്‍സോറിജിന്‍ മന്താക്‌നരനോടാണ് തോറ്റത്. മംഗോളിയന്‍ താരം ഫൈനലില്‍ കടക്കാതിരുന്നതോടെ വെങ്കല മെഡലിനായുള്ള ഇന്ത്യയുടെ സാധ്യതയും അവസാനിക്കുകയായിരുന്നു.