റിയോ: 2016ലെ ഒളിംപിക്‌സ് അവസാനിക്കാന്‍ ഇനി ആറുദിവസംമാത്രമാണ് ശേഷിക്കുന്നത്. ലോകത്തെ കുഞ്ഞന്‍ രാജ്യങ്ങള്‍ പോലും മെഡല്‍പട്ടികയില്‍ ഇടം നേടിയപ്പോള്‍ 120 കോടി ജനങ്ങളുള്ള ഇന്ത്യ ഒരു വെങ്കലമെഡല്‍പോലും ഇല്ലാതെ മടങ്ങേണ്ടിവരുമോ എന്ന ആശങ്കയിലാണ്. ഒളിമ്പിക്‌സിലെ ഏറ്റവും വലുതും മികവുറ്റതുമായ താരങ്ങളെയാണ് ഇന്ത്യ റിയോയില്‍ അയച്ചത്.
എന്നാല്‍ വിരലിലെണ്ണാവുന്ന താരങ്ങള്‍ ഒഴിച്ച് മറ്റാര്‍ക്കും മെഡലിന്റെ പരിസരത്തുപോലും എത്താനായിട്ടില്ല. ബാഡ്മിന്റണിലും ഗുസ്തിയും മാത്രമാണ് ഇനി ഇന്ത്യയുടെ സാധ്യതകള്‍ അവശേഷിക്കുന്നത്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ സിന്ധു അതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ഒരു മെഡല്‍ ലഭിച്ചേക്കാം. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും മത്സരിക്കുന്നുണ്ടെങ്കിലും മെഡല്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

ഗുസ്തിയില്‍ നര്‍സിങ് യാദവും യോഗേശ്വര്‍ ദത്തും മെഡല്‍ പ്രതീക്ഷയുള്ളവരാണ്. എന്നാല്‍, നേരത്തെയെന്നപോലെ അവസാന ഘട്ടത്തില്‍ ഇവരും കാലിടറിയാല്‍ വലിയൊരു നാണക്കേടിന്റെ ഭാരവും ചുമന്നാകും ഇന്ത്യയുടെ മടക്കം. ഷൂട്ടിങ്ങിലാണ് ഇന്ത്യ ഏറെ പ്രതീക്ഷിച്ച മെഡലുകളെല്ലാം. എന്നാല്‍, അഭിനവ് ബിന്ദ്രയുടെ നാലാം സ്ഥാനം ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി.
ബാഡ്മിന്റണില്‍ സൈനയും, ടെന്നീസില്‍ സാനിയ സഖ്യവും, പേസ് സഖ്യവും കായികപ്രേമികളെ നിരാശപ്പെടുത്തിയപ്പോള്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ദിപ കര്‍മാകറാണ്. ജിംനാസ്റ്റിക്കില്‍ ഇന്ത്യയില്‍ നിന്നും മത്സരിച്ച ഏക താരമായ ദിപ ലോകോത്തര താരങ്ങളുമായി ഏറ്റവുമുട്ടി സ്വര്‍ണത്തേക്കാള്‍ തിളക്കമുള്ള നാലാംസ്ഥാനവുമായാണ് മടങ്ങുന്നത്.