ധോണിയും ടീം ഇന്ത്യയും റെക്കോര്‍ഡിനരികെ
ബര്‍മിംഗ്ഹാം: അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍, മലയാളി താരം സഞ്ജു സാംസന്‍ അരങ്ങേറ്റം കുറിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതോടെ പകരക്കാരനായി സഞ്ജു ഇറങ്ങിയേക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ നറുക്ക് വീണത് അമ്പാട്ടി റായിഡുവിന്. റായിഡു മിന്നും അര്‍ധസെഞ്ചുറിയോടെ കളം നിറഞ്ഞപ്പോള്‍ മങ്ങിയത് സഞ്ജുവിന്റെ പ്രതീക്ഷകള്‍.
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലും സഞ്ജു ആദ്യ ഇലവനില്‍ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിഖര്‍ ധവാനും വിരാട് കോലിയും മാത്രമാണ് ടീമില്‍ മങ്ങിയ ഫോമിലുള്ളവര്‍. ഇതില്‍ കോലിയെ മാറ്റുന്ന കാര്യം ധോണി ചിന്തിക്കുക കൂടിയില്ല. ഓപ്പണര്‍ ശിഖര്‍ ധവാനെ മാറ്റി പകരം സഞ്ജുവിനെ കളിപ്പിക്കാനും സാധ്യത തീരെയില്ല. മൂന്നാം ഏകദിനത്തില്‍ സഞ്ജു പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങിയിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന വിജയം നേടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡിന് അരികിലാണ് ധോണി. ഒരേയൊരു ജയം കൂടി നേടിയാല്‍ അഞ്ചുമത്സരങ്ങളുടെ പരമ്പരയും ഇന്ത്യയുടെ കയ്യിലിരിക്കും. ബാറ്റിംഗ്, ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ മികച്ച ഫോമിലാണ് എന്നതാണ് ഇന്ത്യയ്ക്ക് കളിക്ക് മുന്‍പേ മേല്‍ക്കൈ തരുന്ന ഘടകം. രോഹിത് ശര്‍മയ്ക്ക് പകരക്കാരനായി സ്‌പെഷലിസ്റ്റ് ഓപ്പണര്‍ മുരളി വിജയ് കളിക്കാനും സാധ്യതയുണ്ട്.
ബാറ്റിംഗില്‍ സുരേഷ് റെയ്‌ന, ധോണി, അമ്പാട്ടി റായിഡു, അജിന്‍ക്യ രഹാനെ എന്നിവരും ബൗളിംഗില്‍ സ്പിന്നര്‍മാരായ അശ്വിനും ജഡേജയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഫോമില്‍. എന്നാല്‍ മറുവശത്ത് ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമല്ല. രണ്ട് കളികള്‍ തുടര്‍ച്ചയായി തോറ്റതോടെ കുക്കിന്റെ ക്യാപ്റ്റന്‍സിക്ക് നേരെ മുറവിളി ഉയര്‍ന്നിട്ടുണ്ട്. ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന വിജയമൊക്കെ ഇംഗ്ലണ്ട് ആരാധകര്‍ മറന്ന മട്ടാണ്. മത്സരം മൂന്ന് മണി മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications