ബുഡാപെസ്റ്റ്: ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പൂജാ ദണ്ഡയ്ക്ക് വെങ്കലം. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ നോര്‍വെയുടെ ഗ്രേസ് ജേക്കബിനെ നേരിട്ട പൂജ 10-7 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. 2014ലെ യൂത്ത് ഒളിമ്പിക്‌സ് ചാമ്പ്യനായിരുന്ന പൂജ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ അഭിമാനമായി.
യൂറോപ്പ ലീഗ്: ലോഫസ് ചീക്ക് ഹാട്രിക്കില്‍ ചെല്‍സി... ആഴ്‌സനല്‍, സെവിയ്യ മുന്നേറി, മിലാന്‍ വീണു
മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യന്‍ താരം 4-1 എന്ന നിലയില്‍ ലീഡെടുത്തിരുന്നു. എതിരാളിക്കുമേല്‍ ആധിപത്യം സ്ഥാപിച്ച പൂജ സ്‌കോര്‍ 6-1 എന്ന നിലയില്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ ഒരു പോയന്റ് വഴങ്ങിയെങ്കിലും വീണ്ടും നാലു പോയന്റുനേടി സ്‌കോര്‍ 10-2ല്‍ എത്തിച്ചു. കോമണ്‍വെല്‍ത്തില്‍ വെള്ളിമെഡല്‍ നേടിയ പൂജയുടെ വലിയ നേട്ടങ്ങളിലൊന്നായി ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് പൂജ. നേരത്തെ അല്‍ക്ക തൊമാര്‍(2006), ഗീത(2012), ബബിത ഫോഗട്ട്(2012) എന്നിവര്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇത്തവണത്തെ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ കൂടിയാണിത്. നേരത്തെ പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്‌റംഗ് പൂണിയ വെള്ളിമെഡല്‍ നേടിയിരുന്നു. പൂജയുടെയും ബജ്‌റംഗിന്റെയും നേട്ടം ഒളിമ്പിക്‌സിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.