റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ മെഡല്‍നേടുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് കോടികള്‍ പാരിതോഷികമായി ലഭിക്കുമ്പോള്‍ ഡിസ്‌കസ് ത്രോയില്‍ വെള്ളിമെഡല്‍ നേടിയ പോളിഷ് താരം തന്റെ മെഡല്‍ വില്‍പ്പനയ്ക്കുവച്ചിരിക്കുകയാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പ്യോറ്റര്‍ മാലഹോവ്‌സ്‌കി ആണ് മെഡല്‍ ലേലത്തിനുവെച്ച് വാര്‍ത്തകളില്‍ ഇടംനേടിയത്.
തന്റെ ദാരിദ്ര്യംകൊണ്ടല്ല പ്യോറ്റര്‍ മെഡല്‍ വില്‍ക്കുന്നത്. കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റനൊബ്ലാസ്‌റ്റോമ എന്ന അപൂര്‍വമായ കാന്‍സറിന് ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഒലെക് സിമാന്‍സ്‌കി എന്ന ബാലന് വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായുള്ള പണം സ്വരൂപിക്കുന്നതിനാണ് ലേലം.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ഓഗസ്ത് 26 വരെയാണ് ലേലം. വെള്ളിയാഴ്ച വൈകീട്ട് വരെ വന്ന ഏറ്റവും ഉയര്‍ന്ന തുക ആറായിരം ഡോളറാണ്. അവസാന ദിവസം കഴിയുമ്പോഴേക്കും നല്ലൊരു തുക ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും കുട്ടിയുടെ ചികിത്സയ്ക്കായി നല്‍കും. പോളിഷ് ഫൗണ്ടേഷനായ സിയേപോമാഗ എന്ന സന്നദ്ധ സംഘടനയും പണം സ്വരൂപിക്കുന്നുണ്ട്.
സംഘടന ഇതിനോടകം തന്നെ 1,26,000 ഡോളര്‍ സ്വരൂപിച്ചുകഴിഞ്ഞിട്ടുണ്ട്. പോളണ്ടില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ രക്ഷിക്കാന്‍ ന്യൂയോര്‍ക്കിലെ വിദഗ്ധ ചികിത്സകൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. വന്‍ തുകയാണ് ഇതിന് വേണ്ടിവരികയെന്ന് 2008ല്‍ ബെയ്ജിങ്ങിലും ഡിസ്‌ക്കസ് ത്രോയില്‍ വെള്ളി നേടിയ മുപ്പത്തിമൂന്നുകാരനായ മാലഹോവ്‌സ്‌കി പറഞ്ഞു.