പ്രോ കബഡി ലീഗിന്റെ പുതിയൊരു സീസണിനു ഒക്ടോബറില്‍ തുടക്കമാവുകയാണ്. 12 ഫ്രാഞ്ചൈസികള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇത്തവണ തീപാറുന്ന പോരാട്ടങ്ങള്‍ കബഡി ആരാധകര്‍ക്കു പ്രതീക്ഷിക്കാം. 11ാം സീസണിനു മുന്നോടിയായുള്ള താരലേലം ഈ മാസം നടക്കുകയും ചെയ്തിരുന്നു. ഇനി പോരാട്ടങ്ങള്‍ക്കായുള്ള കാത്തിരിപ്പാണ്. ടൂര്‍ണമെന്റിന്റെ 10 വര്‍ഷത്തെ ചരിത്രമെടുത്താല്‍ വിജയക്കുതിപ്പ് നടത്തിയിട്ടുള്ള ചില ക്യാപ്റ്റന്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പികെഎല്ലില്‍ ഏറ്റവുമധികം വിജയങ്ങളുള്ള മൂന്നു നായകര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.
ഫസെല്‍ അത്രാചെലി
പ്രോ കബഡി ലീഗില്‍ ഏറ്റവുമധികം വിജയങ്ങളുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഒരു ഇന്ത്യന്‍ താരത്തിനല്ല, മറിച്ച് ഒരു വിദേശ താരമാണ് ഈ റെക്കോര്‍ഡിന്റെ നിലവിലെ അവകാശി. ഇറാന്റെ ഇതിഹാസ താരം കൂടിയായ ഫസെല്‍ അത്രാചെലിയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 70 വിജയങ്ങളുമായിട്ടാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളും കൂടിയാണ് ഫസെല്‍. 486 ടാക്കിള്‍ പോയിന്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

പികെഎല്ലിന്റെ രണ്ടാം സീസണിലൂടെയാണ് ഫസെല്‍ അരങ്ങേറിയത്. യു മുംബ, പുനേരി പള്‍ത്താന്‍ തുടങ്ങി ഏറ്റവും അവസാനമായി ഗുജറാത്ത് ജയന്റ്‌സുള്‍പ്പെടെ നിരവധി ഫ്രാഞ്ചൈസികളെ അദ്ദേഹം നയിച്ചു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ഫസെലിനു കീഴില്‍ ഗുജറാത്ത് ടീം പ്ലേഓഫില്‍ കടന്നിരുന്നു. വരാനിരിക്കുന്ന സീസണില്‍ അദ്ദേഹം ബംഗാള്‍ വാരിയേഴ്‌സിന്റെ ഭാഗമാണ്. 50 ലക്ഷം രൂപയ്ക്കാണ് താരത്തെ അവര്‍ റാഞ്ചിയത്. പുതിയ ടീമിലും ക്യാപ്റ്റന്‍സി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫസെല്‍.
സുനില്‍ കുമാര്‍
ഇന്ത്യന്‍ താരവും ഡിഫന്‍ഡറുമായ സുനില്‍ കുമാറാണ് കൂടുതല്‍ വിജയങ്ങള്‍ നേടിയ രണ്ടാമത്തെ ക്യാപ്റ്റന്‍. 65 വിജയങ്ങളാണ് നായകനെന്ന നിലയില്‍ അദ്ദേഹം തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്. പികെഎല്ലിന്റെ ഒമ്പതാം സീസണില്‍ തന്റെ മുന്‍ ടീമായ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെ പ്ലേഓഫിലെത്തിക്കാന്‍ 27 കാരനായ സുനില്‍ കുമാറിനു സാധിച്ചിരുന്നു. 82 പോയിന്റാണ് സീസണില്‍ ടീം നേടിയത്.
വരാനിരിക്കുന്ന സീസണില്‍ യു മുംബയ്ക്കു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ലേലത്തില്‍ 1.01 കോടി രൂപയ്ക്കു സുനില്‍ കുമാറിനെ മുംബൈയില്‍ നിന്നുള്ള ഫ്രാഞ്ചൈസി സ്വന്തമാക്കകുയായിരുന്നു. പുതിയ സീസണില്‍ ടീമിനായി മിന്നുന്ന പ്രകടന നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഹരിയാനയില്‍ നിന്നുള്ള താരം.
അനൂപ് കുമാര്‍
ഇന്ത്യയുടെ മുന്‍ താരം കൂടിയായ അനൂപ് കുമാറാണ് പ്രോ കബഡി ലീഗില്‍ കൂടുതല്‍ വിജയങ്ങളുള്ള മൂന്നാമത്തെ ക്യാപ്റ്റന്‍. 52 വിജയങ്ങളാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളത്. പികെഎല്ലിലെ സൂപ്പര്‍ താരങ്ങളിലൊരാളെന്നു തന്നെ അനൂപിനെ വിശേഷിപ്പിക്കാം.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന അനൂപ് കന്നി സീസണില്‍ തന്നെ തന്റെ ടീമായ യു മുംബയെ ഫൈനലിലെത്തിച്ചിരുന്നു. രണ്ടാം സീസണില്‍ അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കുകയും ചെയ്തു. റെയ്ഡര്‍ കൂടിയായ അനൂപ് ടീമിനെ മുന്നില്‍ നിന്നു നയിക്കുകയും പ്രഥമ സീസണില്‍ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തിരുന്നു.
പികെഎല്ലിന്റെ മൂന്നാം സീസണിലും അനൂപ് നയിച്ച മുംബ ടീം ഫൈനലില്‍ കടന്നിരുന്നു. പക്ഷെ നാലാമത്തെ സീസണ്‍ മുതല്‍ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഇടിവ് സംഭവിച്ച് തുടങ്ങുകയായിരുന്നു. തുടരെ രണ്ടു സീസണുകളില്‍ പ്രകടനം മോശമായതോടെ അനൂപിനെ മുംബ കൈവിടുകയും ചെയ്തു. എന്നാല്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ് അദ്ദേഹത്തെ വാങ്ങുകയും നായകസ്ഥാനമേല്‍പ്പിക്കുകയുമായിരുന്നു. പക്ഷെ ഫോം കണ്ടെത്താന്‍ പാടുപെട്ട അനൂപ് ആറാം സീസണിന്റെ പകുതിയോടെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.