ലണ്ടന്‍: കാര്യം സൂര്യനസ്തമിക്കാത്ത രാജ്യമാണ്. കുറേയേറെ സംസ്‌കാരങ്ങളെ കാല്‍ക്കീഴിലിട്ട് അധിക്ഷേപിച്ച പോയ കാലവുമുണ്ട്. ഇപ്പോഴിതാ സ്വന്തം കളിക്കാര്‍ വംശീയതയുടെയും സംസ്‌കാരങ്ങളുടെയും പേരില്‍ നാട്ടുകാര്‍ കാണ്‍കേ വാളെടുക്കുന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി അച്ചട്ടായ പോലെയാണ് ഇംഗ്ലണ്ട് സ്‌പോര്‍ട്‌സിലെ വാര്‍ത്തകള്‍.
ഇംഗ്ലീഷുകാര്‍ മാത്രം കായിക ഇനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചാല്‍ മതി എന്ന ഫുട്‌ബോള്‍ താരം ജാക്ക് വില്‍ഷറിന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. വേറെ ആരെല്ലാം സഹിച്ചാലും കെവിന്‍ പീറ്റേഴ്‌സന്‍ സഹിക്കുമോ? ദക്ഷിണാഫ്രിക്കയിലെ പീറ്റര്‍മാരിറ്റ്‌സ്ബര്ഡഗിലാണ് കക്ഷി ജനിച്ചത്. കളിക്കുന്നതോ ഇംഗ്ലണ്ടിന് വേണ്ടി. മറുപടി പറയാനുള്ള ബാധ്യത കെവിന്‍ ഏറ്റെടുത്തതില്‍ ആര്‍ക്കെങ്കിലും പരാതി പറയാന്‍ പറ്റുമോ?

എങ്ങിനെയാണ് വിദേശികളെ കണ്ടെത്തി മാറ്റിനിര്‍ത്തുന്നത് എന്ന് മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ മറുചോദ്യവുമായ പീറ്റേഴ്‌സന്‍ രംഗത്തുവന്നു. സോമാലിയയില്‍ ജനിച്ച് ഇംഗ്ലണ്ടിന് വേണ്ടി രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായ മോ ഫറാ വിദേശിയാണോ? ഞാനും ആന്‍ഡ്രൂ സ്‌ട്രോസും മാറ്റ് പ്രയറും ജോനാഥന്‍ ട്രോട്ടും ജസ്റ്റിന്‍ റോസും വിദേശികളാണോ - പീറ്റേഴ്‌സന്‍ ചോദിക്കുന്നു.
എന്നാല്‍ ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്ന ആളുകള്‍ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് വില്‍ഷര്‍ തിരിച്ചടിച്ചു. മാത്രമല്ല, താന്‍ പറഞ്ഞത് ഫുട്‌ബോളിനെക്കുറിച്ച് മാത്രമാണ് എന്നും താരം വിശദീകരിച്ചു. നാലോ അഞ്ചോ വര്‍ഷം ഇംഗ്ലണ്ടില്‍ താമസിച്ചാല്‍ നിങ്ങള്‍ ഇംഗ്ലണ്ടുകാരനാകും എന്നര്‍ഥമില്ല. ഒരു പാസ്‌പോര്‍ട്ട് കയ്യിലുണ്ടെന്ന് കരുതി ഒരു നാട്ടില്‍പോയി താമസിച്ച് അവിടത്തെ ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് ശരിയല്ല - ഇങ്ങനെ പോകുന്നു 21 കാരനായ ജാക്ക് വില്‍ഷറിന്റെ പരാതികള്‍.