Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുന്നു, അമ്പെയ്ത്തില്‍ ഹര്‍വീന്ദറിനു വെങ്കലം

1

ടോക്കിയോ: ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്തുമായി പാരാലിംപിക്‌സില്‍ ഇന്ത്യയുടെ കുതിപ്പ് തുടരുകയാണ്. 13ാമത്തെ മെഡല്‍ ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗം റീകര്‍വ് ഓപ്പണ്‍ വിഭാഗത്തില്‍ ഹര്‍വീന്ദര്‍ സിങ് ഇന്ത്യക്കു വേണ്ടി വെങ്കല മെഡല്‍ കരസ്ഥമാക്കി. വെങ്കലത്തിനു വേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തില്‍ സൗത്ത് കൊറിയന്‍ താരം കിം മിന്‍ സുയെ ഷൂട്ട്ഓഫില്‍ അദ്ദേഹം 6-5ന് വീഴ്ത്തുകയായിരുന്നു.

സെമി ഫൈനലില്‍ അമേരിക്കന്‍ താരം ക മത്തേറിനോടു 4-6നു പരാജയപ്പെട്ടതോടെയാണ് ഹര്‍വീന്ദര്‍ വെങ്കല മെഡലിനായുള്ള മല്‍സരത്തിനു യോഗ്യത നേടിയത്. മെഡലിനു വേണ്ടി ഹര്‍വീന്ദറും കിമ്മും ഇഞ്ചോടിഞ്ച് പൊരുതി. സ്‌കോര്‍ 5-5നു തുല്യമായതോടെയാണ് ഷൂട്ട് ഓഫ് വേണ്ടി വന്നത്. ഇതില്‍ ജയിച്ച ഇന്ത്യന്‍ താരം മല്‍സരവും ഒപ്പം മെഡലും തന്റെ പേരിലേക്കു ചേര്‍ക്കുകയായിരുന്നു. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യക്കു അമ്പെയ്ത്തില്‍ ലഭിച്ച ആദ്യത്തെ മെഡല്‍ കൂടിയാണിത്.

ലോക റാങ്കിങില്‍ 23ാംസ്ഥനത്തുള്ള താരം കൂടിയാണ് ഹര്‍വീന്ദര്‍. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണ മെഡല്‍ നേടാന്‍ അദ്ദേഹത്തിനായിരുന്നു. ഇപ്പോള്‍ പാരാ അത്‌ലറ്റുകളുടെ ഏറ്റവും വലിയ മേളയായ പാരാലിംപിക്‌സിലും മെഡലുമായി ഹര്‍വീന്ദര്‍ അമ്പെയ്ത്തില്‍ ഇന്ത്യയുടെ ഹീറോയായി മാറിയിരിക്കുകയാണ്. വെങ്കലത്തിനു വേണ്ടിയുള്ള പ്ലേഓഫില്‍ ഒരു ഘട്ടത്തില്‍ 31 കാരനായ ഹര്‍വീന്ദര്‍ 5-3ന് ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ കൊറിയന്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തി ഒപ്പമെത്തുകയായിരുന്നു. ഷൂട്ട് ഓഫില്‍ ഹര്‍വീന്ദര്‍ പെര്‍ഫെക്ട് 10 നേടിയപ്പോള്‍ കിമ്മിന് എട്ട് നേടാനേ ആയുള്ളൂ. (26-24, 27-29, 28-25, 25-25, 26-27), (10-8) എന്നതായിരുന്നു മല്‍സരത്തിലെ സ്‌കോര്‍.

ഹരിയാനയിലെ ഗുല ചീക്കയെന്ന ചെറിയ ഗ്രാമത്തില്‍ നിന്നാണ് ഹര്‍വീന്ദറിന്റെ വരവ്. ഇടത്തരം കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഒന്നര വയസ്സുള്ളപ്പോള്‍ ഹര്‍വീന്ദറിനു ഡെങ്കിപ്പനി പിടിപെട്ടിരുന്നു. തുടര്‍ന്ന് ഒരു പ്രാദേശി ഡോക്ടര്‍ അദ്ദേഹത്തിനു കുത്തിവയ്പ്പും നല്‍കി. പക്ഷെ ഇതു ഹര്‍വീന്ദറിന്റെ ശരീരത്തില്‍ വിപരീത ഫലമാണുണ്ടാക്കിയത്. അതിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു കാലുകളുടെയും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു.

ഇന്ത്യക്കു ഇന്നു ലഭിച്ച മൂന്നാമത്തെ മെഡല്‍ കൂടിയാണ് ഹര്‍വീന്ദറിന്റേത്. രാവിലെ വനിതകളുടെ ഷൂട്ടിങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ SH1 വിഭാഗത്തില്‍ അവാനി ലെഖാര വെങ്കലവും പുരുഷന്‍മാരുടെ ഹൈജംപില്‍ T64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ റെക്കോര്‍ഡോടെയായിരുന്നു പ്രവീണ്‍ വെള്ളിക്കു അവകാശിയായത്. എന്നാല്‍ 19 കാരിയായ അവാനിയുടെ ഈ ഗെയിംസിലെ രണ്ടാമത്തെ മെഡല്‍ കൂടിയായിരുന്നു ഇന്നത്തേത്. നേരത്തേ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ താരം സ്വര്‍ണം കൊയ്തിരുന്നു. ഒരു ഗെയിംസില്‍ രണ്ടു മെഡലുകള്‍ നേടിയ ഇന്ത്യയുടെ ആദ്യ വനിതാ താരം കൂടിയാണ് അവാനി.

Story first published: Friday, September 3, 2021, 18:52 [IST]
Other articles published on Sep 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+