പാരീസ്: പാരാലിംപിക്‌സില്‍ അഞ്ചാമത്തെ മെഡലും ഇന്ത്യ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. വനിതകളുടെ ഷൂട്ടിങില്‍ റുബിന ഫ്രാന്‍സിസാണ് രാജ്യത്തിനായി മെഡല്‍ കഴുത്തിലണിഞ്ഞത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ എസ്എച്ച് 1 കാറ്റഗറിയിലാണ് താരത്തിന്റെ വെങ്കല മെഡല്‍ നേട്ടം. ആറു റൗണ്ടുകള്‍ നീണ്ട പോരാട്ടത്തില്‍ 211.1 എന്ന സ്‌കോറുമായിട്ടാണ് റുബിന മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്.
ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ താരം മെഡല്‍ നേടില്ലെന്നു ഭയപ്പെട്ടെങ്കിലും അവസാന റൗണ്ടുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്തി മൂന്നാംസ്ഥാനത്തേക്കു കയറുകയായിരുന്നു. ഈ മെഡല്‍ വിജയത്തോടെ പുതിയൊരു റെക്കോര്‍ഡിടാനും റുബിനയ്ക്കു സാധിച്ചു. പാരാലിംപിക്‌സില്‍ പിസ്റ്റള്‍ ഇനത്തില്‍ മെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായി അവര്‍ മാറിയിരിക്കുകയാണ്.

ആരാണ് റുബിന ഫ്രാന്‍സിസ്?
മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് റുബിന ഫ്രാന്‍സിസിന്റെ വരവ്. ഒരു താഴ്ന്ന ഇടത്തരം കുടുംബത്തിലാണ് താരം ജനിച്ചത്. കാലിലെ വൈകല്യവും റുബിനയുടെ ജീവിത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഷൂട്ടിങിനോടു റുബിനയ്ക്കു തുടക്കത്തില്‍ തന്നെ ഇഷ്ടമുണ്ടായിരുന്നെങ്കിലും മകളുടെ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള സാമ്പത്തികശേഷി മെക്കാനിക്ക് കൂടിയായ അച്ഛന്‍ സൈമണ്‍ ഫ്രാന്‍സിസിനു ഇല്ലായിരുന്നു. എങ്കിലും തന്റെ കഴിവിന്റെ പരമാവധി റുബിനയെ സഹായിക്കാനും പ്രചോദിപ്പിക്കാനുമെല്ലാം അദ്ദേഹം തുടക്കം മുതല്‍ ശ്രമിച്ചു കൊണ്ടിരുന്നു.
മുന്‍ ഒളിംപ്യന്‍ കൂടിയായ ഗഗന്‍ നാരംഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് റുബിന 2015ല്‍ ഷൂട്ടിങിലേക്കു വന്നത്. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും താരത്തിന്റെ കഠിനാധ്വാനവും അച്ഛന്റെ പിന്തുണയും ചേര്‍ന്നതോടെ കരിയര്‍ മുന്നോട്ടു തന്നെ പോയി.
2017ല്‍ പൂനെയിലെ ഗ്‌ളോറി അക്കാദമിയിലേക്കു വന്നതോടെയാണ് റുബിനയുടെ കരിയര്‍ മറ്റൊരു തലത്തിലേക്കുയര്‍ന്നത്. അവിടെ തുടങ്ങിയ യാത്ര ഇപ്പോള്‍ ഏതൊരു പാരാ അത്‌ലറ്റിന്റെയും സ്വപ്‌നമായ പാരാലിംപിക്‌സ് മെഡലെന്ന ഏറ്റവും വലിയ ലക്ഷ്യത്തില്‍ എത്തിനില്‍ക്കുകയാണ്.
റുബിനയുടെ പ്രധാനപ്പെട്ട നേട്ടങ്ങള്‍
ഏഷ്യന്‍ പാരാ ഗെയിംസ് (2022)- വെങ്കല മെഡല്‍ (P2- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍).
ലോകകപ്പ് (2023)- വെള്ളി മെഡല്‍ (P2- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), വെങ്കല മെഡല്‍ (P5- മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍).
ലോകകപ്പ് (2023)- രണ്ടു വെള്ളി മെഡലുകള്‍ (P2 ടീം- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, P5 മിക്‌സഡ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍), വെങ്കല മെഡല്‍ (P2- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍).
ലോകകപ്പ് (2022)-വെള്ളി മെഡല്‍ (P2 ടീം) 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍) 2 വെങ്കല മെഡല്‍ (P2- 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, P6 മിക്‌സഡ് ടീം).