പാരീസ്: ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്തുമായി പാരീസില്‍ കരുത്തുകാട്ടുകയാണ് ഇന്ത്യ. 27ാമത്തെ മെഡലും അക്കൗണ്ടിലേക്കു ഇന്ത്യ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ എഫ്57 വിഭാഗത്തില്‍ ഹൊക്കാട്ടോ ഹൊട്ടോഷെ സെമയാണ് രാജ്യത്തിനു 27ാമത്ത മെഡല്‍ സമ്മാനിച്ചിരിക്കുന്നത്. ഈയിനത്തില്‍ മൂന്നംസ്ഥാനത്തു ഫിനിഷ് ചെയ്ത അദ്ദേഹം വെങ്കല മെഡലിനു അവകാശിയാവുകയായിരുന്നു.
നാഗാലാന്‍ഡില്‍ നിന്നുള്ള ഹൊട്ടോഷെ നാലാമത്തെ ത്രോയിലാണ് മെഡലുറപ്പിച്ചത്. 14.65 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം മെഡല്‍ കഴുത്തിലണിഞ്ഞത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് ത്രോ കൂടിയാണിത്. ഇറാന്റെ യാസിന്‍ ഖൊസ്രാവിക്കാണ് ഈയിനത്തില്‍ സ്വര്‍ണം. പുതിയ പാരാലിംപിക് റെക്കോര്‍ഡ് കുറിച്ച അദ്ദേഹം 15.96 മീറ്ററാണ് എറിഞ്ഞത്. ബ്രസീലിന്റെ തിയാഗോ ഡോസ് സാന്റോസ് പൗലിഞ്ഞോ 15.06 മീറ്റര്‍ എറിഞ്ഞ് വെള്ളിക്കും അവകാശിയായി.

ഹൊട്ടോഷെയെക്കൂടാതെ ഇന്ത്യക്കു വേണ്ടി സോമന്‍ റാണയെന്ന മറ്റൊരു പാരാ അത്‌ലറ്റ് കൂടി ഈയിനത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസിലെ വെള്ളി മെഡല്‍ വിജയി കൂടിയാണ് അദ്ദേഹം. അന്നു ഹൊട്ടോഷെയെ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു റാണയുടെ നേട്ടം. പക്ഷെ പാരീസില്‍ ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. 14.07 മീറ്റര്‍ എറിഞ്ഞ റാണയ്ക്കു നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.
കന്നി മെഡല്‍
കരിയറിലെ ആദ്യത്തെ പാരാലിംപിക് മെഡല്‍ കൂടിയാണ് ഹൊക്കാട്ടോ ഹൊട്ടോഷെ സെമ സ്വന്തമാക്കിയത്. നേരത്തേ 2022ലെ ഏഷ്യന്‍ പാരാ ഗെയിംസില്‍ രാജ്യത്തിനു വേണ്ടി അദ്ദേഹം വെങ്കല മെഡല്‍ കൊയ്തിരുന്നു. ഇപ്പോള്‍ കന്നി പാരാലിംപിക്‌സിലും വെങ്കല നേട്ടം ഹൊട്ടോഷെ ആവര്‍ത്തിച്ചിരിക്കുകയാണ്.
ഇതു കൂടാതെ 2022ലെ മൊറാക്കോ ഗ്രാന്റ്പ്രിയില്‍ വെള്ളി മെഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനമായി ഈ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നാലാമനായിരുന്നു ഹൊട്ടോഷെ.
ആരാണ് ഹൊട്ടോഷെ?
നാഗാലാന്‍ഡിലെ കര്‍ഷക കുടുംബത്തിലാണ് ഹൊക്കാട്ടോ ഹൊട്ടോഷെ സെമയുടെ ജനനം. നാലു മക്കളില്‍ രണ്ടാമത്തെയാളായിരുന്നു അദ്ദേഹം. സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കുകയെന്നത് ചെറുപ്പം മുതലുള്ള ഹൊട്ടാഷെയുടെ സ്വപ്‌നമായിരുന്നു. അതു അദ്ദേഹം യാഥാര്‍ഥ്യമാക്കുകയും ചെയ്തു.
അസ്സം റെജിമെന്റില്‍ ഹവില്‍ദാറായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഹൊട്ടോഷെയുടെ ജീവിതത്തിലെ വലിയ ദുരന്തം സംഭവിക്കുന്നത്. 2002ല്‍ അതിര്‍ത്തില്‍ ഡ്യൂട്ടിക്കിടെ അബദ്ധത്തില്‍ കുഴിബോംബില്‍ ചവിട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ഒരു കാല്‍ നഷ്ടപ്പെടുകയായിരുന്നു.
അതിനു ശേഷം 32ാം വയസ്സിലാണ് ഷോട്ട്പുട്ടിലേക്കു ഹൊട്ടോഷെ വരുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പാരാംലിംപിക്‌സില്‍ രാജ്യത്തിനായി മെഡല്‍ ചൂടിയ ഇതിഹാസങ്ങളുടെ ലിസ്റ്റിലേക്കും അദ്ദേഹം പേര് ചേര്‍ത്തിരിക്കുകയാണ്.