Paralympics 2024: അമ്പെയ്ത്തില്‍ നിന്നും ഷൂട്ടിങിലേക്ക്! ടോക്കിയോയിലെ താരോദയം, ആരാണ് അവനി?
പാരീസ്: പാരാലിംപികസില്‍ വീണ്ടും രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് വനിതാ ഷൂട്ടിങ് താരം അവനി ലെഖാറ. ഗെയിംസിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യ ആദ്യ സ്വര്‍ണം കൊയ്തപ്പോള്‍ ഇതിനു അവകാശിയായത് അവനിയാണ്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ എസ്എച്ച് 1 ഇനത്തിലാണ് താരം സ്വര്‍ണത്തിലേക്കു വെടിയുതിര്‍ത്തത്. ഫൈനലില്‍ 249.7 എന്ന സ്‌കോര്‍ നേടിയാണ് അവനി ഒന്നാമതെത്തിയത്.
ഇതോടെ രണ്ടു പാരാലിംപിക്‌സില്‍ പൊന്നണിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡും അവനിയെ തേടിയെത്തി. കഴിഞ്ഞ ടോക്കിയോ ഗെയിംസിലും താരം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

ആരാണ് അവനി ലെഖാറ?
2001 നവംബര്‍ എട്ടിനു രാജസ്ഥാനിലെ ജയ്പൂരിലാണ് അവനി ലെഖാറയുടെ ജനനം. 11ാം വയസ്സിലാണ് വലിയൊരു ദുരന്തം താരത്തിന്റെ കരിയറില്‍ സംഭവിക്കുന്നത്. ഒരു കാറപകടത്തില്‍ പെട്ട് അവനിയുടെ അരക്കെട്ടിനു താഴെ ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. പക്ഷെ ഇതു അവരെ തളര്‍ത്തിയില്ല. വീല്‍ചെയറിലേക്കു ഒതുക്കപ്പെട്ട അവനിയെ കായികംഗത്തേക്കു വരാന്‍ പ്രചോദിപ്പിച്ചത് അച്ഛനാണ്.
മാനസികവും ശാരീരികവുമായി അവനിക്കു പുത്തനുണര്‍വ് നല്‍കാന്‍ സ്‌പോര്‍ട്‌സിനു സാധിക്കുമെന്നും അദ്ദേഹം തിരിച്ചറിയുകയായിരുന്നു. അച്ഛന്റെ പ്രോല്‍സാഹനവും പിന്തുണയും കായിക രംഗത്തേക്കു വരാന്‍ അവനിക്കു ഊര്‍ജം നല്‍കുകയും ചെയ്തു.

അമ്പെയ്ത്തില്‍ നിന്നും ഷൂട്ടിങിലേക്ക്
തുടക്കകാലത്തു അമ്പെയ്ത്തിലാണ് താരം ശ്രദ്ധ നല്‍കിയത്. പിന്നീട് ഷൂട്ടിങിലേക്കു ചുവട് മാറുകയായിരുന്നു. ഇതിനു പ്രചോദനമായത് ഒളിംപിക്‌സിലെ മുന്‍ സ്വര്‍ണ മെഡല്‍ ജേതാവായ ഷൂട്ടര്‍ അഭിനവ് ബിന്ദ്രയുമാണ്. 2015 മുതലാണ് ഷൂട്ടിങില്‍ അവനി സജീവമായത്. ജന്‍മസിദ്ധമായി ലഭിച്ച കഴിവിനൊപ്പം കഠിനാധ്വാനവും അവനിയെ വളരെ പെട്ടെന്നു തന്നെ വലിയ നേട്ടങ്ങളിലേക്കു നയിക്കുകയും ചെയ്തു.
ദേശീയ തലത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും അവനി വിജയങ്ങള്‍ കൊയ്ത് മുന്നേറി. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ലോക റെക്കോര്‍ഡുകള്‍ കുറിക്കാനും താരത്തിനു സാധിച്ചിരുന്നു. 2021ലെ കഴിഞ്ഞ ടോക്കിയോ പാരാലിംപിക്‌സിലൂടെയാണ് അവനിയെ ലോകമറിഞ്ഞത്. രണ്ടു മെഡലുകളാണ് ഷൂട്ടിങില്‍ താരം രാജ്യത്തിനു സമ്മാനിച്ചത്. 10 മീറ്റര്‍ എയര്‍ ഫൈളില്‍ വിഭാഗത്തില്‍ സ്വര്‍ണം ചൂടിയ അവനി അതിനു പിന്നാലെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ വെങ്കലവും സ്വന്തമാക്കി.
2023 ജനുവരി മുതല്‍ നോക്കിയാല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ലോക റാങ്കില്‍ (ലോക ഷൂട്ടിങ് പാരാ സ്‌പോര്‍ട്ട് റാങ്കിങ്) തലപ്പത്തുള്ളതും അവനിയാണ്. ടോക്കിയോ പാരാലിംപിക്‌സില്‍ മാത്രമല്ല 2018ലെ ഏഷ്യന്‍ പാരാ ഗെയിംസിലും അവനി മല്‍സരിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications