പാരീസ്: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സിന് നാളെ പാരീസില്‍ തുടക്കമാവുകയാണ്. ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 8വരെയാണ് പാരാലിംപിക്‌സ് നടക്കുന്നത്. ഇത്തവണ കരുത്തുറ്റ നിരയുമായാണ് ഇന്ത്യ പാരാലിംപിക്‌സിന് ഇറങ്ങുന്നത്. 2020ലെ ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യ 14 വനിതകള്‍ ഉള്‍പ്പെടെ 54 അംഗ ടീമുമായാണ് പോയത്. എന്നാല്‍ ഇത്തവണ 84 അംഗങ്ങളുമായാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്.
ഇതില്‍ 32 വനിതാ താരങ്ങളുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. 12 ഇനങ്ങളിലാണ് വനിതാ താരങ്ങള്‍ പങ്കെടുക്കുന്നത്. ഇത്തവണ പാരാ സൈക്ലിങ്ങിലും പാരാ റോവിങ്ങിലും (തുഴച്ചില്‍) അന്ധരുടെ ജൂഡോയിലും ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്. പാരാ സൈക്ലിങ്ങില്‍ അര്‍ഷാദ് ഷെയ്ക്കാണ് മത്സരിക്കുന്നത്. വനിതകളില്‍ ജ്യോതി ഗഡേരിയയും ഈ ഇനത്തില്‍ മത്സരിക്കും. അവസാന പാരാലിംപിക്‌സില്‍ ഇന്ത്യക്ക് 19 മെഡലുകളാണ് നേടാനായത്.
ഇത്തവണ ഇതില്‍ നിന്ന് വലിയ ഉയര്‍ച്ച ഇന്ത്യ പ്രതീക്ഷിക്കുന്നു. അന്ധരുടെ ജൂഡോയില്‍ കപില്‍ പര്‍മാറും വനിതകളില്‍ കോകിലയുമാണ് മത്സരിക്കുന്നത്. തുഴച്ചിലില്‍ അനിതയും കെ നാരായണനുമാണ് പോരാട്ടത്തിനിറങ്ങുന്നത്. ടോക്കിയോയില്‍ അഞ്ച് സ്വര്‍ണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഇന്ത്യ നേടി. ടോക്കിയോയില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ആവണി ലെഖാറ ചരിത്ര സ്വര്‍ണ്ണം നേടിയിരുന്നു. ഈ ഇനത്തില്‍ പാരാലിംപിക്‌സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ആവണി ചരിത്രമെഴുതിയിരുന്നു.
ഇത്തവണയും ആവണിയില്‍ വലിയ പ്രതീക്ഷയാണുള്ളത്. സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്താന്‍ ആവണിക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. സുമിത് അന്റില്‍ ജാവലിന്‍ത്രോയില്‍ ടോക്കിയോയില്‍ സ്വര്‍ണ്ണം നേടിയിരുന്നു. ഇത്തവണ പാരീസിലും താരം മെഡല്‍ നേട്ടം ആവര്‍ത്തിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ടേബിള്‍ ടെന്നിസില്‍ ബവിന പട്ടേല്‍ ടോക്കിയോയില്‍ മെഡല്‍ നേടിയിരുന്നു. വ്യക്തിഗത ഇനത്തില്‍ പാരീസിലും താരം പ്രതീക്ഷ നല്‍കുന്നു.

അമ്പെയ്ത്തില്‍ ഇന്ത്യക്കായി ആറംഗ സംഘമാണ് ഇറങ്ങുന്നത്. ഹര്‍വീന്ദര്‍ സിങ്, രാകേഷ് കുമാര്‍, ശ്യാം സുന്ദര്‍ സ്വാമി, പൂജ, സരിത, ശീതള്‍ ദേവി എന്നിവരാണ് അമ്പെയ്ത്തില്‍ ഇന്ത്യക്കായി മത്സരിക്കാനൊരുങ്ങുന്നത്. 38 താരങ്ങളാണ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കായി പൊരുതാനിറങ്ങുന്നത്. ബാഡ്മിന്റണില്‍ 13 പേര്‍ ഇന്ത്യക്കായി ഇറങ്ങും. ഭാരോദ്വഹനത്തില്‍ പരംജീത് കുമാറും അശോകും സക്കീന ഖാറ്റുനും കസ്തൂരി രാജമണിയും ഇന്ത്യക്കായി മത്സരിക്കാനിറങ്ങും.
ഷൂട്ടിങ്ങില്‍ 10 പേര്‍ ഉള്‍പ്പെടുന്ന ടീമാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. നീന്തലില്‍ സുയാഷ് നാരായണ്‍ ജാദവ് മാത്രമാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ടേബിള്‍ ടെന്നിസില്‍ സൊനാല്‍ബെന്‍ പട്ടേലും ബവിനബെന്‍ പട്ടേലുമാണ് ഇറങ്ങുന്നത്. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ സംഘം ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ഇതിന്റെ ക്ഷീണം പാരാലിംപിക്‌സ് ടീം തീര്‍ക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.