Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: ഇനി വയ്യ, വിവാദ അയോഗ്യതക്ക് പിന്നാലെ വിരമിക്കല്‍; നോവായി വിനേഷ്‌ ഫോഗട്ട്

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡല്‍ വിനേഷ് ഫോഗട്ട് കൊണ്ടുവരുമെന്ന് കരുതിയിരിക്കവെയാണ് ഇന്നലെ എല്ലാവരേയും ഞെട്ടിച്ച് ഇന്ത്യന്‍ ഗുസ്തി താരത്തിന് അയോഗ്യത കല്‍പ്പിച്ചത്. 50 കിലോഗ്രാമില്‍ മത്സരിച്ചിരുന്ന വിനേഷ് ഫൈനലില്‍ എത്തിയിരുന്നെങ്കിലും ഫൈനലിന് മുമ്പ് നടത്തിയ പരിശോധനയില്‍ 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് താരത്തെ അയോഗ്യയാക്കുകയും മെഡല്‍ നിഷേധിക്കുകയും ചെയ്തു.

വിനേഷ് ഫോഗട്ടിനും ഇന്ത്യയിലെ കായിക ലോകത്തിനും ഒരുപോലെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു ഇത്. മെഡല്‍ ഉറപ്പിച്ചിടത്തു നിന്നാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. പരിശീലകനും ഡോക്ടറുമെല്ലാം ഉണ്ടായിട്ടും ഇത്തരമൊരു പിഴവ് എങ്ങനെയെന്നതാണ് എല്ലാവരും ചോദിക്കുന്നത്. അപ്പീലടക്കം നല്‍കിയെങ്കിലും ഒരു തീരുമാനവുമായില്ല. വാര്‍ത്ത അറിഞ്ഞ് നിര്‍ജ്ജലീകരണം സംഭവിച്ച വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

വിനേഷിന്റെ അയോഗ്യതക്ക് പിന്നില്‍ ചതിയുണ്ടെന്ന ആരോപണം ശക്തമാകവെ ഇപ്പോഴിതാ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 29ാം വയസിലാണ് താരത്തിന്റെ പടിയിറക്കം. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലം, ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണം, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും എല്ലാം നേടിയിട്ടുള്ള താരമാണ് വിനേഷ്.

എന്നാല്‍ ഒളിംപിക്‌സ് മെഡല്‍ നേടി വിരമിക്കണമെന്ന വലിയ മോഹം വിനേഷിനുമുണ്ടായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി. മെഡല്‍ ഉറപ്പിച്ചിടത്തു നിന്ന് അയോഗ്യത കല്‍പ്പിച്ച് ഏറ്റവും അവസാന സ്ഥാനക്കാരിയായി മാറിയതാണ് വിനേഷിനെക്കൊണ്ട് കടുത്ത തീരുമാനം എടുപ്പിച്ചതെന്ന് പറയാം. നേരത്തെ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ സാക്ഷി മാലിക്കടക്കം ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

vinesh phogat olympics 2024

വനിതാ താരങ്ങള്‍ക്കെതിരേ നടക്കുന്ന ചൂഷണം ഉയര്‍ത്തിക്കാട്ടാന്‍ വിനേഷ് ഫോഗട്ടും സാക്ഷിക്കൊപ്പം മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വിനേഷ് ഫൈനലിലെത്തിയത് എല്ലാവരും വലിയ ചര്‍ച്ചയാക്കി മാറ്റുകയും രാഷ്ട്രീയമായ പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. എല്ലാവരോടും പ്രകടനംകൊണ്ട് മറുപടി പറയാന്‍ വിനേഷിന് സാധിച്ചുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകവെയാണ് 100 ഗ്രാം കൂടുതലുള്ളതിന്റെ പേരില്‍ അയോഗ്യത കല്‍പ്പിക്കുന്നത്.

'ഗുസ്തി എന്നെ തോല്‍പ്പിച്ചു, ഞാന്‍ തോറ്റു' എന്നാണ് വിരമിക്കല്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ വിനേഷ് കുറിച്ചത്. എന്തായാലും വിനേഷ് ഫോഗട്ട് വികാര നിമിഷത്തില്‍ എടുത്ത തീരുമാനം മാത്രമാണിതെന്ന് കരുതാം. തീരുമാനം മാറ്റി തിരിച്ചുവരാന്‍ വിനേഷിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യക്കായി ഒളിംപിക്‌സ് മെഡല്‍ നേടാന്‍ കരുത്തുള്ള താരമാണ് വിനേഷ്. ഇത്തവണ ലോക ഒന്നാം നമ്പര്‍ താരത്തെയടക്കം തോല്‍പ്പിച്ചാണ് വിനേഷ് ഫൈനലിലെത്തിയത്. പക്ഷെ വിധി വേട്ടയാടുകയായിരുന്നു. എന്തായാലും വിനേഷിന്റെ വിരമിക്കല്‍ വലിയ വിവാദമാവുമെന്നുറപ്പാണ്.

Story first published: Thursday, August 8, 2024, 6:53 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+