പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ആവേശത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. എന്നാല്‍ ആറ് മെഡലുകളോടെ ഇന്ത്യ 71ാം സ്ഥാനക്കാരായാണ് പാരീസില്‍ നിന്ന് മടങ്ങുന്നത്. അഞ്ച് വെങ്കല മെഡലുകളും ഒരു വെള്ളിയുമാണ് ഇന്ത്യ നേടിയത്. 117 അംഗ ടീമുമായി പോയ ഇന്ത്യയുടെ ആകെയുള്ള പ്രകടനം പരിശോധിക്കുമ്പോള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം.
പാകിസ്താന്‍ വെറും 7 താരങ്ങളുമായാണ് പാരീസ് ഒളിംപിക്‌സിനിറങ്ങിയത്. നേടിയത് ഒരു സ്വര്‍ണ്ണം മാത്രമാണ്. ജാവലിന്‍ത്രയില്‍ അര്‍ഷാദ് നദീമാണ് പാകിസ്താനായി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഇന്ത്യ ആറ് മെഡലും പാകിസ്താന്‍ 1 മെഡലുമാണ് നേടിയതെങ്കിലും ഒടുവിലെ റാങ്ക് പട്ടികയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് പാകിസ്താന്റെ സ്ഥാനം. പാകിസ്താന്‍ 62ാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യ നിലവില്‍ 71ാം സ്ഥാനത്താണ്. ഇതിന് കാരണമെന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിയുടെ റാങ്കിങ് രീതിയാണ് ഇതിന് കാരണം. സ്ഥാനം നിര്‍ണ്ണയിക്കുന്നതില്‍ പ്രഥമ പരിഗണന നല്‍കുന്നത് സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിനനുസരിച്ചാണ്. ഒരു സ്വര്‍ണ്ണ മെഡല്‍ നേടിയ ടീം 10 വെള്ളിയോ വെങ്കലമോ നേടിയ ടീമിനെക്കാളും റാങ്കിങ്ങില്‍ മുന്നിലായിരിക്കും. ഇതാണ് ഇന്ത്യയെ മറികടന്ന് പാകിസ്താന്‍ മുന്നിലെത്താന്‍ കാരണം. ഇന്ത്യയെ സംബന്ധിച്ച് ആത്മ പരിശോധന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് പറയാം.
വെറും 7 താരങ്ങളുമായി വന്ന പാകിസ്താന്‍ ഇന്ത്യയെക്കാള്‍ ഉയര്‍ന്ന റാങ്കുമായി മടങ്ങുമ്പോള്‍ ഇന്ത്യയുടെ വലിയ പാളിച്ചയാണ് തുറന്ന് കാട്ടപ്പെടുന്നത്. ടീം തിരഞ്ഞെടുപ്പിലും മുന്നൊരുക്കത്തിലുമെല്ലാം ഇന്ത്യക്ക് പാളിച്ച പറ്റിയിട്ടുണ്ടെന്ന് പറയാം. ഇന്ത്യയുടെ വലിയ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ നീരജ് ചോപ്രയായിരുന്നു. എന്നാല്‍ അര്‍ഷാദിന് മുന്നില്‍ നീരജ് വീണപ്പോള്‍ വെള്ളികൊണ്ട് ഒതുങ്ങേണ്ടി വന്നു. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.

വിനേഷ് ഫോഗട്ട് ഫൈനലിലേക്കെത്തിയപ്പോള്‍ ഇന്ത്യ സ്വര്‍ണ്ണമടക്കം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ ഭാരക്കൂടുതലിനെത്തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടു. ഇതും ഇന്ത്യയുടെ പിഴവിനെയാണ് തുറന്ന് കാട്ടുന്നത്. എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയിട്ടും എങ്ങനെയാണ് വിനേഷ് ഫോഗട്ടിന്റെ ഭാരം ഉയര്‍ന്നതും അയോഗ്യയാക്കപ്പെട്ടതും എന്നത് പ്രസക്തമായ ചോദ്യമാണ്. ജര്‍മനിയിലും അമേരിക്കയിലുമടക്കം ഇന്ത്യ മുന്നൊരുക്കം നടത്തിയിരുന്നു.
എന്നാല്‍ ഈ മികവൊന്നും ഇന്ത്യക്ക് കളത്തില്‍ കാട്ടാനായിട്ടില്ല. ബോക്‌സിങ്ങില്‍ ഇന്ത്യ ജര്‍മനിയിലാണ് പരിശീലന ക്യാംപ് നടത്തിയത്. വിദേശ പരിശീലകനടക്കം ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. എന്നിട്ടും ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഒറ്റ മെഡല്‍ നേടാനായില്ല. ഗുസ്തി ടീം ഭേദപ്പെട്ട് നിന്നപ്പോള്‍ അമ്പെയ്ത്തില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തി. ബാഡ്മിന്റണിലും ഇന്ത്യക്ക് അടിപതറി. ഇന്ത്യയുടെ ആകെയുള്ള പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് നിസംശയം പറയാം.