പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യക്കു ഷൂട്ടിങില്‍ വീണ്ടുമൊരു മെഡല്‍ പ്രതീക്ഷയേകി പുരുഷ വിഭാഗത്തില്‍ സ്വപ്‌നില്‍ കുസാലെ ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ ജേതാവും ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളിലൊരാളുമായ സൂപ്പര്‍ താരം പിവി സിന്ധു പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. പുരുഷ സിംഗിള്‍സില്‍ യുവതാരം ലക്ഷ്യ സെന്നും അവസാന 16ല്‍ ഇടം നേടി. ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ ശ്രീജ അകൂലയും പ്രീക്വാര്‍ട്ടറില്‍ കടന്നു.
സ്വപ്‌നിലിന്റെ ഫൈനല്‍ എപ്പോള്‍?
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ വിഭാഗത്തിലാണ് സ്വപ്‌നില്‍ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. യോഗ്യതാ റൗണ്ടില്‍ ഏഴാംസ്ഥാനത്തു ഫിനിഷ് ചെയ്തതോടെയാണ് അദ്ദേഹം മുന്നേറിയത്. 60 ഷോട്ടുകളുള്‍പ്പെട്ട യോഗ്യതാ മല്‍സരത്തില്‍ 590 പോയിന്റ് നേടിയാണ് സ്വപ്‌നില്‍ ഫൈനലിനു അര്‍ഹത നേടിയത്. താരത്തിന്റെ കന്നി ഒളിംപിക്‌സ് കൂടിയാണിത്.

മെഡല്‍ പോരാട്ടത്തിനായി അദ്ദേഹമിറങ്ങുക വ്യാഴാഴ്ചയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു ഒരു മണി മുതലാണ് ഫൈനല്‍ നടക്കാനിരിക്കുന്നത്. ഫൈനലില്‍ സ്വപ്‌നിലിനു പോരാട്ടം വളരെ കടുപ്പം തന്നെയായിരിക്കും. യോഗ്യതാ റൗണ്ടില്‍ പുതിയ ഒളിംപിക് റെക്കോര്‍ഡ് കുറിച്ച ചൈനയുടെ ലിയു യുകുനായിരിക്കും ഇന്ത്യന്‍ താരത്തിനു ഏറ്റവും വലിയ ഭീഷണിയാവുക. കഴിഞ്ഞ മാസം ജര്‍മനിയിലെ മ്യൂണിക്കില്‍ വച്ച് യോഗ്യതാ റൗണ്ടില്‍ പുതിയ ലോക റെക്കോര്‍ഡും കുറിച്ചിരുന്നു.
50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനെന്നത് ഒരു ഷൂട്ടറെ സംബന്ധിച്ച് ഏറെ വെല്ലുവിളിയുയര്‍ത്തുന്ന ഇനം കൂടിയാണ്. കാല്‍മുട്ടിലൂന്നിയും, നിന്നു കൊണ്ടും, പ്രോണ്‍ പൊസിഷനുകളിലുമായി 15 വീതം ഷോട്ടുകള്‍ പരീക്ഷിക്കേണ്ടതായി വരും. ഓരോയിനത്തിലും നിശ്ചിത സമയം മാത്രമേ അനുവദിക്കുകയുള്ളൂ.
സിന്ധുവിന്റെ എതിരാളിയാര്?
ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഗ്രൂപ്പുഘട്ടത്തിലെ രണ്ടു മല്‍സരങ്ങളും അനായാസം ജയിച്ചാണ് സിന്ധു അവസാന 16ല്‍ ഇം നേടിയത്. ഗ്രൂപ്പ് എമ്മിലെ രണ്ടാംമറൗണ്ട് മല്‍സരത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യുബയെ 21-5, 21-10നാണ് ഇന്ത്യന്‍ താരം കെട്ടുകകെട്ടിച്ചത്. വളരെ പെട്ടെന്നു തന്നെ സിന്ധു മല്‍സരം അവസാനിപ്പിക്കുകയും ചെയ്തു. നേരത്തേ ആദ്യ മല്‍സരത്തില്‍ മാലദ്വീപിന്റെ ഫാത്തിമത്ത് നബാബ അബ്ദുള്‍ റസാഖിനെ 21-9, 21-6നും അവര്‍ കെട്ടുകെട്ടിക്കുകയായിരുന്നു.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രീക്വാര്‍ട്ടറില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയാണ് സിന്ധുവിന്റെ എതിരാളി. ഈ മല്‍സരം തീപാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ മല്‍സരത്തിന്റെ റീപ്ലേയും കൂടിയാണിത്. അന്നു 21-13, 21-15 എന്ന സ്‌കോറിനു ജയിച്ച് സിന്ധു മെഡലും ചൂടുകയായിരുന്നു.
അതേസമയം, പുരുഷ സിംഗിള്‍സില്‍ മൂന്നാം സീഡും മെഡല്‍ ഫേവറിറ്റുമായ ഇന്തോനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയെയാണ് ലക്ഷ്യ സെന്‍ ഞെട്ടിച്ചത്. ലോക നാലാം നമ്പര്‍ താരം കൂടിയായ എതിരാളിയെ 21-18, 21-12 എന്ന സ്‌കോറിനു ലക്ഷ്യ വീഴ്ത്തുകയായിരുന്നു.
ചരിത്രം കുറിച്ച് ശ്രീജ
പിറന്നാള്‍ ദിനത്തില്‍ ഇറങ്ങിയ ശ്രീജ അകൂല ടേബിള്‍ ടെന്നീസില്‍ മിന്നുന്ന ജയത്തോടൊണ് പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആറു ഗെയിമുകളിലേക്കു നീണ്ട ത്രില്ലറില്‍ സിംഗപ്പൂരിന്റെ സെങ് ജിയാനിനെയാണ് ശ്രീജ 9-11, 12-10, 11-4, 11-5, 10-12, 12-10നു പരാജയപ്പെടുത്തിയത്. മാനിക ബത്രയ്ക്കു ശേഷം ഒളിംപിക്‌സ് ചരിത്രത്തില്‍ സിംഗിളില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന രണ്ടാമത്തെ താരമായും പ്രീജ മാറിയിരിക്കുകയാണ്.