Olympics 2024: പാരീസില്‍ എപ്പോള്‍ പൂരം കൊടിയേറും? ഉദ്ഘാടനച്ചടങ്ങിന്റെ സമയം, സംപ്രേക്ഷണം എല്ലാമറിയാം
പാരീസ്: വിശ്വകായിക മാമാങ്കമായ ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ലോകം മുഴുവനും തയ്യാറെടുത്തു കഴിഞ്ഞു. ഈ മാസം 26നാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ഒളിംപിക്‌സ് പോരാട്ടങ്ങള്‍ക്കു തിരിതെളിയുന്നത്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു അത്‌ലറ്റുകള്‍ വ്യത്യസ്ത കായിക ഇനങ്ങളില്‍ മെഡല്‍ പ്രതീക്ഷയുമായി ദേശീയ പതാകയ്ക്കു കീഴില്‍ അണിനിരക്കും. 118 പേരുള്‍പ്പെട്ട സംഘത്തെയാണ് ഇന്ത്യ ഇത്തവണ പാരീസിലേക്കു അയക്കുക.
മുന്‍ മേളകളെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന ഉദ്ഘാടനച്ചടങ്ങുകളാണ് പാരീസിലും കായിക ലോകത്തെ കാത്തിരിക്കുന്നത്. ഉദ്ഘാടനചടങ്ങുകള്‍ എപ്പോഴാണെന്നും വേദി, തല്‍സമയ സംപ്രേക്ഷണം എവിടെ കാണാമെന്നുമെല്ലാം അറിയാം. പ്രശസ്തമായ ഈഫല്‍ ടവറിലാണ് 26നു ഉദ്ഘാടന ചടങ്ങുകള്‍ നടക്കാനിരിക്കുന്നത്.

ഉദ്ഘാടനത്തോടു അനുബന്ധിച്ച് 100നടുത്ത് ബോട്ടുകള്‍ സെയ്ന്‍ നദിയിലൂടെ പരേഡ് നടത്തും. ഫ്രാന്‍സിലെ പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളും ലാന്‍ഡ്മാര്‍ക്കുകളുമെല്ലാം ഈ സമയത്തു ദൃശ്യങ്ങളായി കടന്നുപോവും. പ്രശസ്തമായ ഗ്രാന്റ് പാലീസും ഇതിന്റെ ഭാഗമായി വരുമെന്നാണ് വിവരം.
ഈഫല്‍ ടവറിലാണ് ബോട്ട് പരേഡ് അവസാനിക്കുക. തുടര്‍ന്നായിരിക്കും ഉദ്ഘാടനച്ചടങ്ങുകള്‍ക്കു ഔദ്യോഗികമായി തുടക്കമാവുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണായിരിക്കും ഗെയിംസ് ഉദ്ഘാടനം ചെയ്തതായി ലോകത്തിനു മുന്നില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ഇന്ത്യന്‍ സമയം 26നു രാത്രി 11 മണിക്കാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. സ്‌പോര്‍ട്‌സ് 18 ചാനലാണ് ഇന്ത്യയില്‍ ഒളിംപിക്‌സിന്റെ സംപ്രേക്ഷണാവകാശം നേടിയെടുത്തത്. കൂടാതെ ജിയോ സിനിമയിലും കായിക പ്രേമികള്‍ക്കു മല്‍സരങ്ങള്‍ ആസ്വദിക്കാം. ജിയോ സിനിമ ഒളിംപിക്‌സ് ഫ്രീയായി സംപ്രേക്ഷണം ചെയ്യുമെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളും വന്നിരുന്നു.
അതേസമയം, 2020ല്‍ ജപ്പാനിലെ ടോക്കിയോയില്‍ നടന്ന അവസാന ഒളിംപിക്‌സില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. 124 പേരുള്‍പ്പെടുന്ന ജംബോ സംഘത്തെയായിരുന്നു ഇന്ത്യ അന്നു മേളയില്‍ അണിനിരത്തിയത്. എക്കാലത്തെയും വലിയ മെഡല്‍വേട്ടയുമായി ചരിത്രം കുറിക്കാനും ഇന്ത്യക്കു സാധിച്ചിരുന്നു.
ഒരു സ്വര്‍ണമുള്‍പ്പെടെ എഴു മെഡലുകളുമായിട്ടാണ് ഇന്ത്യ അന്നു നാട്ടിലേക്കു മടങ്ങിയത്. ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ വകയായിരുന്നു സ്വര്‍ണ നേട്ടം. ഇതോടെ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനത്തില്‍ പൊന്നണിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ അത്‌ലറ്റെന്ന വമ്പന്‍ റെക്കോര്‍ഡ് കുറിക്കാനും നീരജിനായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications