Olympics 2024: പാരീസില്‍ കൊടിയിറക്കം എപ്പോള്‍? സമാപനച്ചടങ്ങില്‍ ഇന്ത്യക്കായി ആര് പതാകയേന്തും, അറിയാം
പാരീസ്: രണ്ടാഴ്ചിയേറെ നീണ്ടുനിന്ന പാരീസ് ഒളിംപിക്‌സ് ക്ലൈമാക്‌സിലേക്ക്. നാളെയാണ് ഗെയിംസിനു തിരശീല വീഴുന്നത്. അത്‌ലറ്റിക്‌സ് പോരാട്ടങ്ങള്‍ക്കു വേദിയായിട്ടുള്ള സ്റ്റേഡ് ഡി ഫ്രാന്‍സ് എന്ന സ്റ്റേഡിയത്തിലാണ് സമാപച്ചടങ്ങുകള്‍ നടക്കാനിരിക്കുന്നത്. നേരത്തേ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത് സെയ്ന്‍ നദിയിലായിരുന്നു. ബോട്ടുകളിലായിരുന്നു അത്‌ലറ്റുകള്‍ പരേഡ് നടത്തി കാണികളെ അഭിവാദ്യം ചെയ്തത്. ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ആ തരത്തില്‍ തുറന്നൊരു വേദിയില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്.
എന്നാല്‍ സമാപനച്ചടങ്ങുകളില്‍ ഇത്തരം അദ്ഭുതങ്ങളൊന്നുമില്ല. പരമ്പരാഗതമായ ശൈലിയില്‍ സ്റ്റേഡിയത്തിനകത്താണ് ചടങ്ങുകള്‍ നടക്കാന്‍ പോവുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നായിരിക്കും സമാപനച്ചടങ്ങുകള്‍ ആരംഭിക്കുക. രണ്ടു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ളതായിരിക്കും ചടങ്ങുകളെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റും 2028ലെ ലോസ് ആഞ്ചലസ് ഗെയിംസിനായുള്ള പതാക കൈമാറലുമെല്ലാം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.

എച്ച്.ഇ.ആര്‍ (H.E.R) എന്നറിയപ്പെടുന്ന പ്രശസ്ത അമേരിക്കന്‍ പോപ് ഗായികയും അഞ്ചു തവണ ഗ്രാമി അവാര്‍ഡ് ജോതാവുമായ ഗബ്രിയേല സര്‍മിയെന്റോ വില്‍സണായിരിക്കും സമാപനച്ചടങ്ങില്‍ അമേരിക്കയുടെ ദേശീയ ഗാനമാലപിക്കുന്നത്. ഒളിംപിക് പതാക അമേരിക്കയേറ്റു വാങ്ങവെയായിരിക്കും അവരുടെ ദേശീയ ഗാനം വേദിയില്‍ മുഴങ്ങുക.
ഉദ്ഘാടനച്ചടങ്ങിലേതു പോലെ വര്‍ണാഭമായ പരിപാടികളാണ് സമാപനച്ചടങ്ങിലും ലോകത്തിനായി പാരീസ് കാത്തുവച്ചിരിക്കുന്നത്. 100ല്‍ കൂടുതല്‍ നര്‍ത്തകരും കായികാഭ്യാസികളും സര്‍ക്കസ് കലാകാരന്‍മാരുമെല്ലാം സമാപനച്ചടങ്ങില്‍ ദൃശ്യവിസ്മയം തീര്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഇത് കൂടാതെ ലോക പ്രശസ്ത ഗായകരുടെയും മ്യൂസിക് ബാന്‍ഡുകളുടെയും സംഗീത വിരുന്നും കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
നേരത്തേ ഉദ്ഘാടനച്ചടങ്ങളില്‍ വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചന്ത ശരത് കമലും ബാഡ്മിന്റണ്‍ താരമായ പിവി സിന്ധുവുമായിരുന്നു ഇന്ത്യുടെ പതാക വാഹകര്‍. സമാപാനച്ചടങ്ങില്‍ ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷും വനിതാ ഷൂട്ടിങിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്ന മനു ഭാക്കറുമായിരിക്കും ഇന്ത്യക്കായി പതാകയേന്തുകയെന്നാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അറിയിച്ചിരിക്കുന്നത്.
ഹോക്കി ടീമിനൊപ്പം പാരീസില്‍ വെങ്കല മെഡല്‍ നേടിയതിനു പിന്നാലെ ഹോക്കിയില്‍ നിന്നും ശ്രീജേഷ് വിരമിക്കുകയും ചെയ്തിരുന്നു. മനുവാകട്ടെ ഷൂട്ടിങില്‍ ഇത്തവണ ഇന്ത്യക്കായി രണ്ടു വെങ്കല മെഡല്‍ നേടിയ താരം കൂടിയാണ്. വ്യക്തിഗത, ടീമിനത്തിലാണ് താരത്തിന്റെ നേട്ടം. ഗെയിംസിന്‍റെ ഒരു എഡിഷനില്‍ ഒന്നിലേറെ മെഡല്‍ നേടിയ ആദ്യ താരം കൂടിയാണ് അവര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications