പാരീസ്: ഒളിംപിക്‌സിനു പാരീസില്‍ അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം. വെള്ളിയാഴ്ചയാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന വിശ്വ കായികമേളയേ്ക്കു ഫ്രാന്‍സില്‍ ദീപം തെളിയുക. ഇന്ത്യക്കായി 117 അത്‌ലറ്റുകളാണ് ഇത്തവണ ട്രാക്കിലും ഫീല്‍ഡിലുമായി അണിനിരക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിനു അത്‌ലറ്റുകളെ കാത്ത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒളിംപിക് വില്ലേജ് തയ്യാറായിക്കഴിഞ്ഞു.
അത്‌ലറ്റുകള്‍ക്കു ആവശ്യമുള്ളതെല്ലാം ഇവിടെ സജ്ജീകരിച്ചു കഴിഞ്ഞു. ഒരു കൊച്ചു നഗരമെന്നു തന്നെ ഒളിംപിക് വില്ലേജിനെ നമുക്കു വിശേഷിപ്പിക്കാം. പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിലാണ് ഈ ഒളിംപിക് വില്ലേജ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 2019ലാണ് ഈ വില്ലേജിന്റെ നിര്‍മാണം ആരംഭിച്ചത്. 14,250 അത്‌ലറ്റുകള്‍ക്കു താമസിക്കുന്നതിനു വേണ്ടി 2500 വീടുകളാണ് ഇവിടെ സജ്ജമായിരിക്കുന്നത്. സെന്റ് ഡെനിസ്, സെന്റ് ക്വെന്‍, ലില്ലെ സെന്റ് ഡെനിസ് എന്നിങ്ങനെ മൂന്നു നഗരങ്ങളിലായിട്ടാണ് ഒളിംപിക് ഗ്രാമമൊരുക്കിയത്.

26 മുതല്‍ ആഗസ്റ്റ് 11 വര നടക്കാനിരിക്കുന്ന ഒളിംപിക്‌സിനു പിന്നാലെ അംഗ പരിമിതര്‍ക്കുള്ള പാരാലിംപിക്‌സിനും പാരീസ് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഈ മേളയില്‍ പങ്കെടുക്കുന്ന 8000ത്തോളം പാരാലിംപ്യന്‍സും ഇതേ ഒളിംപിക് വില്ലേജില്‍ തന്നെയാണ് താമസിക്കുക. ഇവിടെ അത്‌ലറ്റുകള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.
ഈ ഒളിംപിക് വില്ലേജില്‍ ഏഴു ഏക്കറുകളോളം പൂന്തോട്ടങ്ങളും പാര്‍ക്കുകളുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസുകളും നഗര സേവനങ്ങളും 1,20,000 ചതുരശ്ര മീറ്ററിലാണ് തയ്യാറാക്കിയിട്ടുള്ളത്. 3,200 ചതുരശ്ര മീറ്ററില്‍ അയല്‍പക്ക ഷോപ്പുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.
24 മണിക്കൂറും അത്‌ലറ്റുകള്‍ക്കായി തുറന്നു വച്ചിരിക്കുന്ന 3000 ചതുശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫിറ്റ്‌നസ് സെന്ററും ഒളിംപിക് വില്ലേജിലുണ്ട്. ഒരു ഗെയിമിങ് സെന്ററും ഇവിടെയുണ്ടാവും. 3,200 പേര്‍ക്കു ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കാവുന്ന വലിയ ഡൈനിങ് ഹാളാണ് ഈ വില്ലേജിനകത്തുള്ളത്. ഇവിടെ ഒരുക്കിയിരിക്കുന്ന ഓരോ അപ്പാര്‍ട്ട്‌മെന്റിലും നാലു മുതല്‍ എട്ടു വരെ അത്‌ലറ്റുകള്‍ക്കു താമസിക്കാന്‍ സാധിക്കും.
ഒളിംപിക്‌സ്, പാരാലിംപിക്‌സ് എന്നിവയ്ക്കു ശേഷം ഈ ഒളിംപിക് വില്ലേജിനു എന്തു സംഭവിക്കുമെന്നതായിരിക്കും പലരുടെയും മനസ്സിലുയരുന്ന ചോദ്യം. നവംബറില്‍ ഈ വില്ലേജിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ പുനര്‍ നിര്‍മിക്കാന്‍ ആരംഭിക്കും. തുടര്‍ന്നു ഇവ പരിസ്ഥിതി ഉത്തരവാദിത്വമുള്ള, പ്രവര്‍ത്തനക്ഷമമായ ഒരു അയല്‍പക്കത്തിനു കൈമാറും. 2025ല്‍ ഇതു ഭാവിയിലെ നഗരവുമായി കൂട്ടിച്ചേരുകയും ചെയ്യും.