പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു വെള്ളി മെഡല്‍ കിട്ടുമോ, ഇല്ലയോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. താരം നല്‍കിയ പരാതിയില്‍ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതി ഇന്നു രാത്രി വിധി പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അന്തിമ വിധി പറയുന്നത് കോടതി വീണ്ടും നീട്ടിയിരിക്കുകയാണ്. വെള്ളിയാഴ്ച (ആഗസ്റ്റ് 16) വിധി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരം. വെള്ളി മെഡല്‍ വിനേഷിനു ലഭിക്കുമെന്നു പ്രതീക്ഷയോടെ കാത്തിരുന്ന രാജ്യം വീണ്ടും നിരാശരാവുകയും ചെയ്തിരിക്കുകയാണ്.

വനിതകളുടെ 50 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് പാരീസില്‍ വിനേഷ് മല്‍സരിച്ചത്. മിന്നുന്ന പ്രകടനം നടത്തി പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും സെമിയും ജയിച്ച അവര്‍ ഫൈനലിലും കടന്നിരുന്നു. എന്നാല്‍ ഫൈനലിനു മുമ്പുള്ള ഭാര പരിശോധനയില്‍ 100 ഗ്രാം അധികമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നു വിനേഷിനെ ഫൈനലില്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. മാത്രമല്ല നേരത്തേ സെമിയില്‍ വിനേഷിനോടു തോറ്റ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്തു.
ഫൈനല്‍ വരെയെത്തിയതിനാല്‍ തന്നെ തനിക്കു വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ വിനേഷ് സമീപിച്ചിരിക്കുന്നത്. തലേ ദിവസം താന്‍ നിശ്ചിത ഭാരം കാത്തുസൂക്ഷിച്ചിരുന്നതായും പ്രീക്വാര്‍ട്ടറില്‍ ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവും നാലു തവണ ലോക ചാംപ്യനായ യുയി സസാക്കിയെ തോല്‍പ്പിച്ചയായും അപ്പീലില്‍ വിനേഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാച്ചിനെയും സെമിയില്‍ യുസ്‌നെയ്‌ലിസ് ഗുസ്മാനെയും അനായാസം പരാജയപ്പെടുത്തിയെന്നും അതിനാല്‍ വെള്ളിക്കു തനിക്കു അര്‍ഹതയുണ്ടെന്നുമാണ് ഹര്‍ജിയില്‍ വിനേഷ് കുറിച്ചിട്ടുള്ളത്.
കഴിഞ്ഞ ആറു ദിവസത്തോളമായി വിനേഷിന്റെ പരാതിയെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടും കോടതിക്കു അന്തിമ തീരുമാനത്തിലേക്കു ഇനിയുമെത്താന്‍ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ചയെങ്കിലും വിനേഷും ഇന്ത്യയും ആഗ്രഹിക്കുന്നതു പോലെയൊരു വിധി കോടതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ആറു മെഡലുകളുമായിട്ടാണ് ഇന്ത്യ പാരീസ് ഒളിംപ്കസില്‍ നിന്നും വിടവാങ്ങിയത്. നീരജ് ചോപ്രയിലൂടെ ഒരു വെള്ളി മെഡല്‍ ഇന്ത്യക്കു ലഭിച്ചപ്പോള്‍ ശേഷിച്ചത് അഞ്ചും വെങ്കല മെഡലുകളാണ്.