ഒളിംപിക്‌സില്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയില്‍ മെഡല്‍ നഷ്ടമായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു പിന്തുണയുമായി മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി രംഗത്ത്. 50 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലിനു ഇറങ്ങുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം വിനേഷ് അയോഗ്യയാക്കപ്പെട്ടത്. അനുവദിക്കപ്പെട്ട ഭാരത്തേക്കാള്‍ 100 ഗ്രാം അധികമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു താരത്തെ അയോഗ്യയായി പ്രഖ്യാപിക്കുകയായിരുന്നു.
സെമി ഫൈനലില്‍ ജയിച്ചിട്ടും തനിക്കു മെഡല്‍ പോലും നല്‍കാതെ അയോഗ്യയാക്കിയ തീരുമാനത്തിനെതിരേ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ വിനേഷ് ഹര്‍ജി നല്‍കിയിരിക്കുകയാണ്. ഇതിന്റെ വിധി അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് വിനേഷ് വെള്ളി മെഡലെങ്കിലും അര്‍ഹിക്കുന്നതായി ഗാംഗുലി അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഗുസ്തിയിലെ യഥാര്‍ഥ നിയമങ്ങളെ കുറിച്ചൊന്നും എനിക്കറിയില്ല. പക്ഷെ വിനേഷ് ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതു ശരിയായ രീതിയില്‍ തന്നെയാണെന്നു എനിക്കുറപ്പുണ്ട്. അതുകൊണ്ടു തന്നെ നിങ്ങള്‍ ഫൈനലില്‍ എത്തിയിട്ടുണ്ടെങ്കില്‍ ഒന്നുകില്‍ സ്വര്‍ണ മെഡലോ, അല്ലെങ്കില്‍ വെള്ളി മെഡലോ ലഭിക്കണം. വിനേഷ് തെറ്റായ രീതിയിലാണോ ഫൈനലില്‍ കടന്നതെന്നു എനിക്കറിയില്ല. പക്ഷെ കുറഞ്ഞത് വെള്ളി മെഡലെങ്കിലും അവര്‍ അര്‍ഹിക്കുന്നതായും ഗാംഗുലി പിടിഐയോടു വ്യക്തമാക്കി.
മിന്നുന്ന ഫോമിലാണ് ഒളിംപിക്‌സില്‍ വിനേഷ് പെര്‍ഫോം ചെയ്തത്. തകര്‍പ്പന്‍ പ്രകടനങ്ങളുമായി മുന്നേറിയ അവര്‍ ഫൈനലും ജയിച്ച് രാജ്യത്തിനു ഇത്തവണത്ത ആദ്യ സ്വര്‍ണം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഫൈനലിനു കാത്തിരുന്ന ആരാധകരെ മുഴുവന്‍ സ്തബ്ധരാക്കിയാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. ഫൈനലിനു തലേ ദിനസം ഭാരം 50 കിഗ്രാമിനുള്ളില്‍ നിര്‍ത്തുന്നതിനായി താരം കഠിനാധ്വാനം നടത്തിയിരുന്നെങ്കിലും ഇവയൊന്നും ഫലം കണ്ടില്ല.

ഇന്ത്യക്കായി നേരത്തേ ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടു വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നു വെള്ളിയും ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് എന്നിവയിലെല്ലാം മെഡലുകള്‍ നേടിയിട്ടുള്ള താരമാണ് വിനേഷ്. പക്ഷെ പാരീസ് ഒളിംപിക്‌സില്‍ അവര്‍ക്കു അപ്രതീക്ഷിത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെ ഗുസ്തിയില്‍ നിന്നും വിനേഷ് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു.
ഈ ഒളിംപിക്‌സില്‍ ഗംഭീരമായിട്ടാണ് വിനേഷ് തുടങ്ങിയത്. പ്രീക്വാര്‍ട്ടറില്‍ കഴിഞ്ഞ തവണത്തെ സ്വര്‍ണ മെഡല്‍ ജേതാവായ യുയി സുസാക്കിയെ വീഴ്ത്തിയാണ് ഇന്ത്യന്‍ താരം തുടങ്ങിയത്. മല്‍സരം തീരാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ 0-2നു പിന്നിലായിരുന്ന വിനേഷ് അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് എതിരാളിയെ 3-2നു മലര്‍ത്തിയടിച്ചത്.
2010നു ശേഷം സുസാക്കിയുടെ ആദ്യത്തെ പരാജയം കൂടിയായിരുന്നു ഇത്. പിന്നീട് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാച്ചിനെ തോല്‍പ്പിച്ച വിനേഷ് സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാനെയും പരാജയപ്പെടുത്തുകയായിരുന്നു.