പാരീസ്: ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ കറുത്ത ദിനങ്ങളിലൊന്നായി മാറിയിക്കുകയാണ് ഇന്നത്തെ ദിവസം. കാരണം രാജ്യത്തിന്റെ പ്രാര്‍ഥനകളുമായി ഗുസ്തിയില്‍ ഇന്ത്യക്കായി സ്വര്‍ണ മെഡല്‍ പോരാടത്തിനു ഇറങ്ങാന്‍ തയ്യാറെടുക്കവെയാണ് വനിതാ താരം വിനേഷ് ഫോഗട്ട് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച് അയോഗ്യയാക്കപ്പെട്ടിരിക്കുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അമിത ഭാരമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിനു ഫൈനലില്‍ ഇറങ്ങാന്‍ സാധിക്കാതെ പോയത്. ഇതോടെ സ്വര്‍ണ മെഡല്‍ മാത്രമല്ല, തോറ്റാല്‍ ലഭിക്കേണ്ടിയിരുന്ന വെള്ളിയും താരത്തിനും ഇന്ത്യക്കും നഷ്ടമായിരിക്കുകയാണ്.
മിന്നുന്ന ഫോമില്‍ കുതിക്കുകയായിരുന്ന വിനേഷ് ഇത്തവണ രാജ്യത്തിന്റെ ആദ്യത്തെ സ്വര്‍ണമെഡല്‍ ജേതാവ് ആവുമെന്നായിരുന്നു എല്ലാവരും ഉറച്ചു വിശ്വസിച്ചത്. അതിനിടെയാണ് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അവര്‍ അയോഗ്യയാക്കപ്പെട്ടത്. 50 കിഗ്രാം വിഭാഗത്തിലാണ് ഫൈനലില്‍ വിനേഷ് മല്‍സരിക്കാനിരുന്നത്. പക്ഷെ ഫൈനല്‍ ദിനമായ ഇന്നു നടത്തിയ ഭാരപരിശോധനയില്‍ താരം 50 കിഗ്രാമിനേക്കാള്‍ 100 ഗ്രാം കൂടുതലുള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ഈയിനത്തില്‍ മല്‍സരിക്കുന്നതില്‍ നിന്നും വിനേഷിനെ അയോഗ്യയാക്കിയത്.

വിനേഷിന്റെ മെഡല്‍ നഷ്ടവും അയോഗ്യതയും രാജ്യത്തെ കായിക പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അവിശ്വസനീയമെന്നാണ് പലരും ഇതിനോടു സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയാണ് നടന്നിട്ടുള്ളതെന്നും ചിലര്‍ ആരോപിക്കുന്നു. ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെല്ലാം ഇതിനു പിന്നിലുണ്ടെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
നേരത്തേ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ സിങ് ശരണിനെതിരേ ഗുസ്തി താരങ്ങളുടെ വന്‍ പ്രതിഷേധ സമരം നടന്നപ്പോള്‍ ഇതില്‍ മുന്‍നിരയില്‍ തന്നെ വിനേഷുമുണ്ടായിരുന്നു. മാത്രമല്ല പോലീസ് അവരുള്‍പ്പെടെയുള്ള ഒളിംപ്യന്‍മാരെ പ്രതിഷേധത്തിനിടെ വലിച്ചിഴച്ചു മാറ്റിയതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. അതുകൊണ്ടുതന്നെ പാരീസില്‍ മെഡല്‍ നേടി സര്‍ക്കാരിനു ശക്തമായ മറുപടി നല്‍കാനുള്ള തയ്യാറെടുപ്പിലായിന്നു വിനേഷ്. മെഡല്‍ നേട്ടത്തിന് കൈയെത്തും ദൂരത്തു നില്‍ക്കെയാണ് നിര്‍ഭാഗ്യം താരത്തെ തേടിയെത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരേയും പലരും രംഗത്തു വന്നിട്ടുണ്ട്. മാത്രമല്ല സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ഗുരുതരമായ ഒരു വീഴ്ചയെക്കുറിച്ചും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വിനേഷ് ഫോഗട്ടിനു പാരീസ് ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ലഭിക്കുമായിരുന്നു. ഭാര പരിശോധനയ്ക്കു മുമ്പ് താരം അസുഖം കാരണം മല്‍സരിക്കുന്നില്ലെന്നു അധികൃതരെ സപ്പോര്‍ട്ട് സ്റ്റാഫ് അറിയിച്ചിരുന്നെങ്കില്‍ ഇത്തരമൊരു വീഴ്ച സംഭവിക്കില്ലായിരുന്നു. എങ്കില്‍ വെള്ളിയെങ്കിലും വിനേഷിനു ലഭിച്ചേനെയെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

വിനേഷ് ഫോഗട്ട് കഴിഞ്ഞ ദിവസം ഒളിംപിക്‌സിന്റെ ഫൈനലിലേക്കു യോഗ്യത നേടിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു കൊണ്ടുള്ള പോസ്‌റ്റൊന്നും ഇട്ടിരുന്നില്ല. പക്ഷെ ഇപ്പോള്‍ വിനേഷിനെ അയോഗ്യയാക്കിയ ശേഷം മോദി പോസ്റ്റിട്ടതിനു പിന്നില്‍ ദുരൂഹതയുണ്ട്. എല്ലാം നേരത്തേയുള്ള പ്ലാന്‍ ആണോയെന്നു സംശയിക്കേണ്ടി വരുമെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
പുരുഷനായ അത്‌ലറ്റിനെ വനിതകളുടെ ബോക്‌സിങില്‍ മല്‍സരിക്കാന്‍ അനുവദിച്ചു. ഇപ്പോഴിതാ ലോക ചാംപ്യനായ താരത്തെ വീഴ്ത്തി ഫൈനലിലെത്തിയ നമ്മുടെ വിനേഷ് ഫോഗട്ടിനെ കുറച്ചു ഗ്രാം ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കിയിരിക്കുന്നു. ഇത്രയും മോശമൊരു ഒളിംപിക്‌സ് ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.