പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വിസ്മയച്ചെപ്പ് തുറക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. ലോകം കാത്തിരിക്കുന്ന വിശ്വ മഹാകായിക മാമാങ്കമായ ഒളിംപിക്‌സിനു വെള്ളിയാഴ്ച രാത്രി തിരി തെളിയുകയാണ്. ഇന്ത്യന്‍ സമയം രാത്രി 11.30നു ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങുകള്‍ പുതിയ ദൃശ്യവിസ്മയമായിരിക്കും ലോകത്തിനു സമ്മാനിക്കുക. ഇതുവരെയുള്ള മറ്റൊരു ഗെയിംസുകളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൈദിധ്യമാര്‍ന്ന അദ്ഭുത കാഴ്ചകളാണ് പാരീസില്‍ ഒരുക്കിയിരിക്കുന്നത്.
നാലു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന ഒളിംപിക്‌സ് അവിസ്മരണീയമാക്കാനുള്ള അവസാന വട്ട മിനുക്കുപണിയിലാണ് സംഘാടകര്‍. ഗെയിംസിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി ഒരു സ്റ്റേഡിയത്തിനു പുറത്തു വച്ച് ഉദ്ഘാടന ചടങ്ങുകള്‍ നടക്കാന്‍ പോവുന്നുവെന്നത് പാരീസ് ഒളിംപിക്‌സിനെ സ്‌പെഷ്യലാക്കി മാറ്റിയിരിക്കുകയാണ്.

ഊ ഗെയിംസിലെ ഏറ്റവും വലിയ സര്‍പ്രൈസും ഇതു തന്നെയായിരിക്കും. മുന്‍ ഒളിംപിക്‌സുകളിലെല്ലാം അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റ് നടന്നിരുന്നത് സ്റ്റേഡിയങ്ങളിലായിരുന്നെങ്കില്‍ ഇത്തവണ അതു വെള്ളത്തിലൂടെ ആയിരിക്കുമെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.
ലോകാല്‍ഭുതങ്ങളിലൊന്നായ ഈഫല്‍ ടവറിനു സമീപത്തു കൂടിയൊഴുകുന്ന സെയ്ന്‍ നദിയിലൂടെയാണ് ബോട്ടുകളില്‍ സഞ്ചരിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകള്‍ കാണികളെ അഭിവാദ്യം ചെയ്യുക. പരമ്പരാഗതമായ മാര്‍ച്ച് പാസ്റ്റുകളില്‍ നിന്നും ഇതു തീര്‍ത്തും വ്യത്യസ്തവും ലോകത്തിനു ഇതു പുതിയൊരു അനുഭവവും കൂടിയായിരിക്കും. ഈയൊരു ഔട്ട്‌ഡോര്‍ ആശയം കാരണം പാരീസ് ഒളിംപിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍ കാണികളുടെ എണ്ണം കൊണ്ടും ഭൂമിശാസ്ത്രപരമായും എക്കാലത്തെയും വലുതായി മാറുകയും ചെയ്യുമെന്നുറപ്പാണ്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്റ്റുകള്‍ക്കു ഉദ്ഘാടന ചടങ്ങില്‍ പരേഡ് നടത്തുന്നതിനായി 100ഓളം ബോട്ടുകളാണ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 10,500ഓളം അത്‌ലറ്റുകള്‍ സെയ്ന്‍ നദിയിലൂടെയുള്ള പരേഡില്‍ ബോട്ടുകളില്‍ നിന്നും നദിയുടെ ഇരുകരകളിലുമുള്ള കാണികളെ അഭിവാദ്യം ചെയ്യും. ഈ ബോട്ടുകളുടെ ഡെക്കുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ അത്‌ലറ്റുകളെ അടുത്തു കാണാനും അവരുടെ വികാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കാനും കാണികളെ സഹായിക്കും.
അത്‌ലറ്റുകളുടെ പരേഡിനെക്കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന ആഘോഷ പരിപാടികളും ഉദ്ഘാടനച്ചടങ്ങുകള്‍ക്കു കൊഴുപ്പേകും. 3000ത്തോളം കലാകാരന്‍മാരാണ് ചടങ്ങുകളില്‍ അണിനിരക്കുന്നത്. ഉദ്ഘാടനച്ചടങ്ങുകളെല്ലാം പുറത്തു വച്ചായതിനാല്‍ തന്നെ ഏകദേശം ആറു ലക്ഷത്തോളം പേര്‍ക്കു ഇവയെല്ലാം നേരില്‍ കണ്ട് ആസ്വദിക്കാനുള്ള ഭാഗ്യം ലഭിക്കുകയും ചെയ്യും.
സെയ്ന്‍ നദിയുടെ മുകളിലെ തീരങ്ങളില്‍ നിന്നും ചടങ്ങുകള്‍ ആസ്വദിക്കുന്നതിനു 2,22,000 സൗജന്യ ടിക്കറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നദിയുടെ താഴത്തെ തീരങ്ങളിലുള്ള കാണികള്‍ക്കു പണം മുടക്കി ടിക്കറ്റെടുക്കേണ്ടതായി വരും. ഇതിനായി 1,04,000 ടിക്കറ്റുകളാണ് നീക്കി വച്ചിട്ടുള്ളത്. ടിക്കറ്റ് ലഭിക്കാതെ പോയവര്‍ക്കു ഉദ്ഘാടനച്ചടങ്ങുകള്‍ ആസ്വദിക്കാന്‍ നഗരത്തിലുടനീളം 80 കൂറ്റന്‍ സ്‌ക്രീനുകളും സ്ഥാപിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1.5 ബില്ല്യണ്‍ ജനങ്ങള്‍ ടെലിവിഷനിലൂടെയും ഉദ്ഘാടന ചടങ്ങുകള്‍ ആസ്വദിക്കുമെന്നാണ് കണക്കുകള്‍.