പാരീസ്: പാരീസ് ഒളിംപിക്‌സ് അവസാന ഘട്ടത്തോടടുക്കവെ ഇന്ത്യക്ക് നിരാശയാണ്. അഞ്ച് മെഡലുകള്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതില്‍ മൂന്ന് വെങ്കല മെഡല്‍ ഷൂട്ടിങ്ങിലാണ് പിറന്നത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളി നേടിയപ്പോള്‍ ഇന്ത്യയുടെ ഹോക്കി ടീം വെങ്കലവും നേടി. എന്നാല്‍ ഇന്ത്യയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ മെഡല്‍ പ്രതീക്ഷിച്ച പല താരങ്ങളും പിന്നോട്ട് പോകുന്നതാണ് കാണാനായത്. ബാഡ്മിന്റണില്‍ പിവി സിന്ധു, എച്ച് എസ് പ്രണോയി, ലക്ഷ്യ സെന്‍ എന്നിവര്‍ക്ക് മെഡല്‍ നേടാനായില്ല.
അമ്പെയ്ത്ത് ടീം തീര്‍ത്തും നിരാശപ്പെടുത്തി. ബോക്‌സിങ്ങില്‍ വിനേഷ് ഫോഗട്ട് ഫൈനലില്‍ പ്രവേശിച്ചെങ്കിലും ഭാരക്കൂടുതല്‍ കണ്ടെത്തിയതോടെ അയോഗ്യയാക്കപ്പെട്ടു. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിനും മെഡലിലേക്കെത്താനായില്ല. ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരമാണ് മീരാഭായി. എന്നാല്‍ 30കാരിയായ താരം ഇത്തവണ നിരാശപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ ആകെയുള്ള പ്രകടനം നോക്കുമ്പോള്‍ പിന്നോട്ടാണെന്ന് തന്നെ പറയാം.
ഇന്ത്യയ്ക്കായി അവസാന ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ താരമായിട്ടും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മീരാഭായി കാഴ്ചവെച്ചത്. 88 കിലോഗ്രാം കഷ്ടപ്പെട്ട് ഉയര്‍ത്തിയ മീരാഭായിക്ക് 111 കിലോഗ്രാം ഉയര്‍ത്താനായില്ല. ഇതിന് കാരണം പരിക്കാണെന്ന് പറയാം. അവസാന വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ താരത്തിന് പരിക്കിനെത്തുടര്‍ന്ന് മികച്ച പ്രകടനം നടത്താനായില്ല. പിന്നീട് മത്സരങ്ങളിലൊന്നും മീരാഭായി പങ്കെടുത്തിരുന്നില്ല.
പിന്നീട് ഡോ. ദിന്‍ഷ് പര്‍ഡിവാലക്ക് കീഴില്‍ ചികിത്സ നടത്തി ഫിറ്റ്‌നസിലേക്കെത്താന്‍ മീരാഭായിക്ക് സാധിച്ചെങ്കിലും പാരീസ് ഒളിംപിക്‌സിന് മുമ്പ് കാര്യമായ പരിശീലനം നടത്താന്‍ താരത്തിനായില്ല. പ്രായവും താരത്തെ തളര്‍ത്തുന്നു. പാരീസ് ഒളിംപിക്‌സിന് മുമ്പ് ഇന്ത്യ എത്രത്തോളം മികച്ച മുന്നൊരുക്കം നടത്തിയെന്നത് ഇപ്പോള്‍ ചോദ്യമായി ഉയരുന്നു. ഇന്ത്യയുടെ ബോക്‌സിങ് ടീം ജര്‍മനിയില്‍ ഒരു വര്‍ഷത്തോളം പരിശീലനം നടത്തിയിരുന്നു.

11 അംഗ പരിശീലന സംഘം ബോക്‌സിങ് താരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ നിഖാത്ത് സെറീന്‍ അടക്കമുള്ള താരങ്ങള്‍ക്ക് കാര്യമായ മുന്നേറ്റം നടത്താനായില്ല. ജര്‍മനിയില്‍വെച്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് വൈറല്‍ പനി വരികയും താരങ്ങളുടെ ഫിറ്റ്‌നസിനെ അത് ബാധിക്കുകയും ചെയ്തിരുന്നു. കൂടാതെ പല താരങ്ങളും നേരത്തെ മത്സരിച്ചിരുന്ന വിഭാഗത്തില്‍ നിന്ന് മാറ്റപ്പെട്ടു. 53 കിലോഗ്രാമില്‍ മത്സരിച്ച പല താരങ്ങളും 50 കിലോഗ്രാമിലേക്ക് മാറ്റപ്പെട്ടു.
ശരീര ഭാരം നിയന്ത്രിക്കാന്‍ മത്സരത്തിന് മുമ്പ് വെള്ളം പോലും കുടിച്ചിരുന്നില്ലെന്ന് നിഖാത്ത് സെറീന്‍ പറഞ്ഞതിനെ ഗൗരവമായി വേണം കാണാന്‍. ഇന്ത്യന്‍ താരങ്ങളുടെ മുന്നൊരുക്കങ്ങളില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്ന് പറയാം. നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ വെള്ളിയിലേക്ക് ഒതുങ്ങി. 90 മീറ്റര്‍ ദൂരം താണ്ടാന്‍ താരത്തിനായില്ല. അടുത്ത ഒളിംപിക്‌സ് 2028ല്‍ നടക്കാനിരിക്കെ നീരജ് ചോപ്രക്കടക്കം പകരക്കാരെ കണ്ടെത്തി ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടികള്‍ ഇന്ത്യന്‍ ടീം നേരിടേണ്ടി വരുമെന്നുറപ്പാണ്.