പാരീസ്: വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ അനുകൂല വിധിയില്ല. ഫൈനലിലെത്തിയ താരം വെള്ളിമെഡലെങ്കിലും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ വിനേഷിന് അനുകൂലമായല്ല കായിക കോടതി വിധി പറഞ്ഞിരിക്കുന്നത്. വിശദമായി കോടതി വിധി പിന്നീട് അറിയിക്കും. എന്തായാലും ഇന്ത്യന്‍ താരത്തിന് മെഡല്‍ ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
വെള്ളി മെഡല്‍ വിനേഷിനു ലഭിക്കുമെന്നു പ്രതീക്ഷയോടെ കാത്തിരുന്ന രാജ്യം വീണ്ടും നിരാശരാവുകയും ചെയ്തിരിക്കുകയാണ്. ഫൈനലിലെത്തിയ വിനേഷിന് മെഡല്‍ ഉറപ്പായിരുന്നെങ്കിലും ഫൈനലിന് മുമ്പ് നടത്തിയ പരിശോധനയില്‍ 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയോഗ്യയാക്കപ്പെട്ടത്. വിനേഷിന്റെ അപ്പീല്‍ തള്ളിയതോടെ പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറ് മെഡലുകളോടെ തന്നെ മടങ്ങേണ്ടി വന്നിരിക്കുകയാണ്.
വനിതകളുടെ 50 കിഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് പാരീസില്‍ വിനേഷ് മല്‍സരിച്ചത്. മിന്നുന്ന പ്രകടനം നടത്തി പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും സെമിയും ജയിച്ച അവര്‍ ഫൈനലിലും കടന്നിരുന്നു. എന്നാല്‍ ഫൈനലിനു മുമ്പുള്ള ഭാര പരിശോധനയില്‍ 100 ഗ്രാം അധികമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നു വിനേഷിനെ ഫൈനലില്‍ നിന്നും അയോഗ്യയാക്കുകയായിരുന്നു. മാത്രമല്ല നേരത്തേ സെമിയില്‍ വിനേഷിനോടു തോറ്റ യുസ്നെയ്ലിസ് ഗുസ്മാന്‍ ഫൈനലിലേക്കു യോഗ്യത നേടുകയും ചെയ്തു.

ഫൈനല്‍ വരെയെത്തിയതിനാല്‍ തന്നെ തനിക്കു വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ വിനേഷ് സമീപിച്ചിരിക്കുന്നത്. തലേ ദിവസം താന്‍ നിശ്ചിത ഭാരം കാത്തുസൂക്ഷിച്ചിരുന്നതായും പ്രീക്വാര്‍ട്ടറില്‍ ടോക്കിയോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവും നാലു തവണ ലോക ചാംപ്യനായ യുയി സസാക്കിയെ തോല്‍പ്പിച്ചയായും അപ്പീലില്‍ വിനേഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യുക്രെയ്നിന്റെ ഒക്സാന ലിവാച്ചിനെയും സെമിയില്‍ യുസ്നെയ്ലിസ് ഗുസ്മാനെയും അനായാസം പരാജയപ്പെടുത്തിയെന്നും അതിനാല്‍ വെള്ളിക്കു തനിക്കു അര്‍ഹതയുണ്ടെന്നുമാണ് ഹര്‍ജിയില്‍ വിനേഷ് കുറിച്ചിട്ടുള്ളത്.
കഴിഞ്ഞ ആറു ദിവസത്തോളമായി വിനേഷിന്റെ പരാതിയെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടും കോടതിക്കു അന്തിമ തീരുമാനത്തിലേക്കു ഇനിയുമെത്താന്‍ കഴിഞ്ഞിട്ടില്ല. വെള്ളിയാഴ്ചയെങ്കിലും വിനേഷും ഇന്ത്യയും ആഗ്രഹിക്കുന്നതു പോലെയൊരു വിധി കോടതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അതേസമയം, ആറു മെഡലുകളുമായിട്ടാണ് ഇന്ത്യ പാരീസ് ഒളിംപ്കസില്‍ നിന്നും വിടവാങ്ങിയത്. നീരജ് ചോപ്രയിലൂടെ ഒരു വെള്ളി മെഡല്‍ ഇന്ത്യക്കു ലഭിച്ചപ്പോള്‍ ശേഷിച്ചത് അഞ്ചും വെങ്കല മെഡലുകളാണ്.