ഒളിംപിക്‌സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ബാക്കി. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെ കായിക ലോകത്തിന്റെ കണ്ണും കാതും പാരിസിലേക്കായി മാറുകയാണ്. കായിക ഭൂപടത്തില്‍ തങ്ങളുടെ പേരും അടയാളപ്പെടുത്താമെന്ന മോഹവുമായി പ്രതിഭകള്‍ അണിനിരക്കുമ്പോള്‍ ആരാധകരെ കാത്തിരിക്കുന്നത് ആവേശത്തിന്റെ നിമിഷങ്ങളാണ്. ഇന്ത്യയും ഇത്തവണ വലിയ മെഡല്‍ പ്രതീക്ഷയിലാണ്.
ഒളിംപിക്‌സ് ചരിത്രത്തില്‍ 35 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇതില്‍ 10 എണ്ണം സ്വര്‍ണ്ണ മെഡലുകളാണ്. ഇതില്‍ എട്ടും പുരുഷ ഹോക്കി ടീം നേടിയത്. ബാക്കിയുള്ള രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ അഭിനവ് ബിന്ദ്രയും (2010) നീരജ് ചോപ്രയും (2020) നേടിയതാണ്. ഒളിംപിക്‌സില്‍ മെഡല്‍ നേടുകയെന്നത് ഏതൊരു താരത്തിന്റേയും സ്വപ്‌നമാണ്. എന്നാല്‍ ഇന്ത്യന്‍ ആരാധക മനസില്‍ ഇടം നേടാനും ചരിത്രത്തിന്റെ ഭാഗമാവാനും മെഡല്‍ നേടാതെ തന്നെ ചില താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
മെഡലിന് തൊട്ടടുത്ത് നിര്‍ഭാഗ്യം വേട്ടയാടിയ ചില അത്‌ലറ്റുകള്‍. ഇത്തരത്തില്‍ നിര്‍ഭാഗ്യത്താല്‍ ഒളിംപിക്‌സ് മെഡല്‍ നഷ്ടമായ ഇന്ത്യന്‍ അത്‌ലറ്റുകള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം മില്‍ഖാ സിങ്ങാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച അത്‌ലറ്റുകളിലൊരാളാണ് മില്‍ഖാ സിങ്. 'പറക്കും സിഖ്' എന്ന് അറിയപ്പെടുന്ന മില്‍ഖാ സിങ്ങിന് 1960ലെ റോം ഒളിംപിക്‌സിലാണ് നിര്‍ഭാഗ്യത്താല്‍ മെഡല്‍ നഷ്ടമായത്. 400 മീറ്റര്‍ ഓട്ടത്തില്‍ 250 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും താരത്തിന്റെ വേഗത കുറഞ്ഞു.
ഓട്ടിസ് ഡേവിസും കാള്‍ കഫുമാനും മില്‍ഖാ സിങ്ങിനെ മറികടന്നു. മാല്‍ക്കോമുമായി വെങ്കലമെഡലിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് താരം നടത്തിയത്. ഫോട്ടോ ഫിനിഷിനൊടുവില്‍ 0.1 സെക്കന്റുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടമായത്. ഇന്നും മില്‍ഖാ സിങ്ങിന്റെ ഓര്‍മകള്‍ ഇന്ത്യന്‍ ആരാധകരുടെ മനസിലുണ്ട്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളിലൊരാളാണ് മില്‍ഖാ സിങ് എന്ന് തന്നെ പറയാം.

മറ്റൊരു താരം പിടി ഉഷയാണ്. മലയാളിയായ പിടി ഉഷക്ക് 1984ലെ ഒളിംപിക്‌സിലാണ് നിര്‍ഭാഗ്യത്താല്‍ മെഡല്‍ നഷ്ടമായത്. വേഗംകൊണ്ട് ഞെട്ടിച്ച പയ്യോളിക്കാരി ഏഷ്യന്‍ റെക്കോഡോടെയാണ് ഒളിംപിക്‌സിനിറങ്ങിയത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കല മെഡലിനായി പിടി ഉഷ ശക്തമായ പോരാട്ടം നടത്തി. റൊമാനിയയുടെ ക്രിസ്റ്റീന കോജോക്കാറയും പിടി ഉഷയും ഫോട്ടോ ഫിനിഷിങ്ങാണ് നടത്തിയത്. എന്നാല്‍ 0.01 സെക്കന്റ് വ്യത്യാസത്തില്‍ പിടി ഉഷക്ക് മെഡല്‍ നഷ്ടമാവുകയായിരുന്നു.
ഇല്ലെങ്കില്‍ മലയാളിയുടെ പേരില്‍ ഒരു ഒളിംപിക്‌സ് മെഡല്‍ ഇന്ന് ഉണ്ടാവുമായിരുന്നു. മൂന്നാമത്തെ താരം ദീപാ കര്‍മാക്കറാണ്. 2016ലെ റിയോ ഒളിംപിക്‌സിലാണ് ദീപക്ക് നിര്‍ഭാഗ്യത്താല്‍ മെഡല്‍ നഷ്ടമായത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജിംനാസ്റ്റിക്കില്‍ ഇന്ത്യക്കായി മെഡല്‍ നേടിയ താരമാണ് ദീപാ കല്‍മാക്കര്‍. റിയോ ഒളിംപിക്‌സ് ഫൈനലില്‍ 14.833 പോയിന്റാണ് ദീപ നേടിയത്. 0.15 സെക്കന്റ് വ്യത്യാസത്തിലാണ് ദീപക്ക് വെങ്കല മെഡല്‍ നഷ്ടമായത്.
ഫൈനലില്‍ മികച്ച ഫോമിലേക്കെത്താന്‍ ദീപക്ക് സാധിക്കാതെ പോവുകയായിരുന്നു. 2016ലെ റിയോ ഒളിംപിക്‌സില്‍ത്തന്നെ അഭിനവ് ബിന്ദ്രക്കും മെഡല്‍ നഷ്ടമായത് നിര്‍ഭാഗ്യത്താലാണ്. ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ അഭിനവിന് ഷൂട്ടിങ്ങില്‍ രണ്ടാം മെഡല്‍ നേടാനുള്ള അവസരമാണ് നിര്‍ഭാഗ്യത്താല്‍ നഷ്ടപ്പെട്ടത്. പ്രാഥമിക റൗണ്ടില്‍ ഏഴാം സ്ഥാനത്തായിരുന്ന അഭിനവ് ഫിനിഷ് ചെയ്തപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു.
ചെറിയ പോയിന്റുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹത്തിന് മെഡല്‍ നഷ്ടമായത്. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ അദിതി അശോകിന് മെഡല്‍ നഷ്ടമായതും നേരിയ വ്യത്യാസത്തിലാണ്. ഗോള്‍ഫില്‍ 200ാം റാങ്കുകാരിയായിരുന്ന അദിതി ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. വന്‍ താരങ്ങളെയടക്കം അട്ടിമറിച്ചെങ്കിലും നാലാം സ്ഥാനത്തെത്താനെ അദിതിക്കായുള്ളൂ. ഇത്തവണയും അദിതി മത്സരിക്കുന്നുണ്ട്. മറ്റ് ചില മെഡലുകളും നേരിയ വ്യത്യാസത്തില്‍ ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്.
2016ലെ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ മത്സരത്തില്‍ സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും തോറ്റതും 2004ല്‍ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം തോറ്റതും 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ ദീപക് പുനിയ നാലാം സ്ഥാനത്തെത്തിയതുമെല്ലാം ഇന്ത്യക്ക് മറക്കാനാവാത്ത ഓര്‍മകളാണ്.