Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: സിന്ധുവിന് ശേഷം ആര്? ബാഡ്മിന്റണില്‍ ഇന്ത്യ പിന്നോട്ട് വീഴുമോ? ഇവരില്‍ പ്രതീക്ഷ

പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ആവേശം അവസാനിക്കാന്‍ ഇനി ഒരു നാള്‍ മാത്രം. ആഗസ്റ്റ് 11ന് ഔദ്യോഗികമായി പാരീസ് ഒളിംപിക്‌സിന് അവസാനമാവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ഒളിംപിക്‌സ് നിരാശപ്പെടുത്തുന്നതായിരുന്നു. പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും മെഡലിലേക്കെത്താന്‍ സാധിക്കാതെ പോയി. ഇന്ത്യയുടെ ബാഡ്മിന്റണ്‍ ടീം എപ്പോഴും ഇന്ത്യക്കായി ഒളിംപിക്‌സില്‍ തിളങ്ങുന്നവരാണ്. പിവി സിന്ധുവിലായിരുന്നു ഇന്ത്യ പാരീസ് ഒളിംപിക്‌സിലും പ്രതീക്ഷവെച്ചത്.

രണ്ട് തവണ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ താരമാണെങ്കിലും ഇത്തവണ പിവി സിന്ധുവിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. പുരുഷ ബാഡ്മിന്റണില്‍ എച്ച്എസ് പ്രണോയിയും ലക്ഷ്യ സെന്നും മെഡലിലേക്കെത്താതെ മടങ്ങി. സൈന നെഹ് വാളും പിവി സിന്ധുവും ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരുന്ന കാലം അവസാന ഘട്ടത്തിലാണ്. സിന്ധുവിനെ പരിക്കും മോശം ഫോമും വേട്ടയാടവെ പകരക്കാരെ കണ്ടെത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

സിന്ധുവിന് പകരക്കാരായി ഇന്ത്യക്കായി വളര്‍ന്നുവരുന്ന വനിതാ ബാഡ്മിന്റണ്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം അഷ്മിത ചാലിഹയാണ്. നിലവിലെ ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുഖമാണ് അഷ്മിത. 24കാരിയായ ആസാം താരം 2019ലെ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിനടക്കം കടുത്ത വെല്ലുവിളി ഉയര്‍ത്തി. 2024ലെ ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണമെഡല്‍ നേടാന്‍ അഷ്മിതക്കായിരുന്നു.

സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലും അഷ്മിതക്കായിരുന്നു. സിന്ധുവിന് ശേഷം ഇന്ത്യയുടെ ബാഡ്മിന്റണിലെ പ്രതീക്ഷകള്‍ കാക്കാന്‍ ഏറ്റവും കരുത്തുള്ള താരമാണ് അഷ്മിത. 2028ലെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ ടീമില്‍ അഷ്മിതയും ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം. മറ്റൊരു താരം ആകര്‍ഷി കശ്യപാണ്. 22കാരിയായ താരം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന യുവതാരമായി ഇതിനോടകം മാറിക്കഴിഞ്ഞു.

Ashmita Chaliha

2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും 2023ലെ ഏഷ്യ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടാന്‍ താരത്തിനായിട്ടുണ്ട്. മികച്ച പരിശീലനം നല്‍കിയാല്‍ സിന്ധുവിനെപ്പോലെ അഭിമാനതാരമായി വളരാന്‍ കഴിവുള്ള താരമാണ് ആകര്‍ഷി കശ്യപെന്ന് പറയാം. മാല്‍വിക ബന്‍സോദാണ് മറ്റൊരു താരം. മഹാരാഷ്ട്രക്കാരിയായ മാളവിക ഇതിനോടകം മികച്ച പ്രകടനങ്ങളോടെ കൈയടി നേടിയിട്ടുണ്ട്.

2019ലെ മാലിദ്വീപ് അന്താരാഷ്ട്ര ഫ്യൂച്ചര്‍ സീരിസിലും അന്നപൂര്‍ണ പോസ്റ്റ് ഇന്റര്‍നാഷണല്‍ സീരിസിലും മെഡല്‍ നേടാന്‍ താരത്തിനായിട്ടുണ്ട്. മികച്ച പിന്തുണ ലഭിച്ചാല്‍ വളര്‍ന്നുവരാന്‍ മാല്‍വികയ്ക്ക് സാധിച്ചേക്കും. മുഗ്ത ആഗ്രേയാണ് മറ്റൊരു താരം. നാഗ്പൂരുകാരിയായ താരം ഇതിനോടകം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. 2019ലെ ഓള്‍ഇന്ത്യ സീനിയര്‍ റാങ്കിങ് ബാഡ്മിന്റണില്‍ താരം മെഡല്‍ നേടിയിട്ടുണ്ട്. പിബിഎല്ലിലും താരം സജീവമാണ്.

ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി വളരാന്‍ കെല്‍പ്പുള്ള താരമാണ് മുഗ്തയെന്ന് പറയാം. ഗായത്രി ഗോപിചന്ദാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരം. 15 വയസുള്ളപ്പോള്‍ 2019ലെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ ഗായത്രിക്ക് സാധിച്ചിരുന്നു. പിബിഎല്ലിലും കളിക്കുന്ന താരത്തിന് വലിയ ഭാവി കല്‍പ്പിക്കപ്പെടുന്നുണ്ട്. എന്തായാലും സിന്ധുവിന് ശേഷവും ഇന്ത്യയുടെ ബാഡ്മിന്റണ്‍ പ്രതീക്ഷ കാക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, August 10, 2024, 21:15 [IST]
Other articles published on Aug 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+