പാരിസ്: പാരീസ് ഒളിംപിക്‌സിന്റെ ഒമ്പതാം ദിനം ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കിയ താരമാണ് ലക്ഷ്യ സെന്‍. പുരുഷ ബാഡ്മിന്റണ്‍ സെമിയില്‍ ഇറങ്ങിയ ലക്ഷ്യ സെന്‍ പൊരുതി വീണിരിക്കുകയാണ്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സെനോടാണ് ലക്ഷ്യ സെന്‍ തോറ്റത്. ശക്തമായ മത്സരം കാഴ്ചവെക്കാന്‍ ലക്ഷ്യ സെന്നിന് സാധിച്ചിരുന്നു. എന്നാല്‍ സെമിയില്‍ ഇന്ത്യയുടെയും ലക്ഷ്യയുടേയും സ്വര്‍ണ്ണ മെഡല്‍ മോഹം പൊലിയുകയായിരുന്നു.
മികച്ച പോരാട്ടമാണ് ആദ്യം മുതല്‍ കണ്ടത്. ആദ്യ സെറ്റില്‍ വിക്ടര്‍ ആക്‌സെല്‍സനെതിരേ ലീഡോഡെയാണ് ലക്ഷ്യ സെന്‍ തുടങ്ങിയത്. എന്നാല്‍ പതിയെ ഫോമിലേക്കെത്തിയ ആക്‌സെല്‍സന്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ചു. ഒരു ഘട്ടത്തില്‍ 16-18 എന്ന നിലയിലായിരുന്നു മത്സരം. ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ ലക്ഷ്യസെന്നിന് സാധിച്ചെങ്കിലും 20-22ന് ആദ്യ സെറ്റ് ലക്ഷ്യ സെന്‍ കൈവിട്ടു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ലീഡ് നേടാന്‍ ലക്ഷ്യക്കായി.
7-1 എന്ന നിലയിലായിരുന്നു ആദ്യ സമയത്ത് ലീഡ്. എന്നാല്‍ ആദ്യ സെറ്റിലേതുപോലെ പതിയെ തിരിച്ചുവന്ന ആക്‌സെല്‍സന്‍ 11-11 എന്ന നിലയില്‍ ലക്ഷ്യ സെന്നിന് ഒപ്പമെത്തി. ഇതോടെ പോരാട്ടം കടുത്തു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി പോയിന്റ് നേടിയ വിക്ടര്‍ 21-14 എന്ന സ്‌കോറിന് രണ്ടാം സെറ്റും നേടി അനായാസം ഫൈനലിലേക്ക് ടിക്കറ്റെടുക്കുകയായിരുന്നു. ഇന്ത്യയുടെ എച്ച് എസ് പ്രണോയിയെയടക്കം തോല്‍പ്പിച്ചാണ് ലക്ഷ്യ ഇത്തവണ മുന്നേറ്റം നടത്തിയത്.
എന്നാല്‍ സ്വര്‍ണ്ണ, വെള്ളി മെഡലിലേക്കെത്താന്‍ സാധിക്കാതെ പോയി. എന്നാല്‍ വെങ്കല മെഡല്‍ നേടാനുള്ള അവസരം ഇനിയും ലക്ഷ്യക്ക് മുന്നിലുണ്ട്. മലേസ്യയുടെ ലീ സീ ജിയയെ തോല്‍പ്പിച്ചാല്‍ ലക്ഷ്യക്ക് വെങ്കല മെഡല്‍ നേടാന്‍ സാധിക്കും. ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമെന്ന നേട്ടത്തിലേക്കെത്താനുള്ള അവസരം ലക്ഷ്യക്ക് മുന്നിലുണ്ട്.

നേരത്തെ വനിതകളുടെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പിവി സിന്ധുവും പുറത്തായിരുന്നു. മൂന്നാം മെഡല്‍ പ്രതീക്ഷിച്ചെത്തിയ സിന്ധു ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടിയ ശേഷം പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്താവുകയായിരുന്നു. ഇതോടെ പാരീസ് ഒളിംപിക്‌സ് ബാഡ്മിന്റണിലെ ഇന്ത്യയുടെ പ്രധാന സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷ അവസാനിക്കുകയായിരുന്നു.
നേരത്തെ ബോക്‌സിങ്ങിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. വനിതകളുടെ 75 കിലോഗ്രാമില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്ന ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. നിഖാത്ത് സെറീന്‍ നേരത്തെ തന്നെ മടങ്ങിയിരുന്നു. ഇതോടെ ബോക്‌സിങ്ങില്‍ ഒരു മെഡല്‍ പോലും നേടാതെ ഇന്ത്യ പുറത്തായി. അതേ സമയം പ്രതീക്ഷ നല്‍കി ഇന്ത്യയുടെ ഹോക്കി ടീം സെമിയില്‍ കടന്നിട്ടുണ്ട്. ബ്രിട്ടണെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം.