ഇന്ത്യന്‍ അത്‌ലറ്റുകളെ സംബന്ധിച്ച് തങ്ങളുടെ കഴിവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയായിരുന്നു പാരീസ് ഒളിംപിക്‌സ്. വനിതകളുടെ ഷൂട്ടിങില്‍ ഇരട്ട മെഡല്‍ നേടിയ മനു ഭാക്കറായിരുന്നു ഈ ഗെയിംസില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം. കന്നി ഒളിംപിക്‌സില്‍ തന്നെ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് ഹരിയാനയില്‍ നിന്നുള്ള ഈ യുവതാരം കാഴ്ചവച്ചത്.
പാരീസില്‍ മെഡല്‍ വഴുതിപ്പോയെങ്കിലും വലിയ പ്രതീക്ഷ നല്‍കിയ ചില യുവ അത്റ്റുകളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഭാവിയില്‍ രാജ്യത്തിനായി ഒളിംപിക് മെഡല്‍ നേടാനുള്ള ശേഷിയും ഇവര്‍ക്കുണ്ട്. വിവിധ കായിക ഇനങ്ങളില്‍ ഭാവിയിലില്‍ മെഡലണിയാന്‍ സാധ്യതയുള്ള ഇന്ത്യന്‍ അത്‌ലറ്റുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

അമ്പെയ്ത്ത് താരം ധീരജ് ബൊമ്മദേവരയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള അത്‌ലറ്റാണ് ഈ 22കാരന്‍. കന്നി ഒളിംപിക്‌സില്‍ സാന്നിധ്യമറിയിക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തു. പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ നാലാംസ്ഥാനത്താണ് ധീരജ് ഫിനിഷ് ചെയ്തത്.
ധീരജിന്റെ മികച്ച പ്രകടനം ഇന്ത്യയെ അമ്പെയ്ത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടു 2-6നു പരാജയപ്പെടുകയായിരുന്നു. കൂടാതെ മിക്‌സഡ് ഡബിള്‍സില്‍ സെമി ഫൈനലിലെത്തിയ സംഘത്തിലും ധീരജുണ്ടായിരുന്നു. നേരിയ വ്യത്യാസത്തിലാണ് ടീമിനു മെഡല്‍ നഷ്ടമായത്.
അമ്പെയ്ത്തില്‍ വനിതകളുടെ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തിയ യുവതാരമാണ് ഭജന്‍ കൗര്‍. 18കാരിയായ താരത്തിന്റെ കന്നി ഗെയിംസായിരുന്നു പാരീസിലേത്. വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ 22ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. പ്രീക്വാര്‍ട്ടറില്‍ ഇന്തോനേഷ്യന്‍ താരത്തോടു ഷൂട്ടോഫില്‍ ഭജന്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു.

ബാഡ്മിന്റണ്‍ പുരുഷ വിഭാഗത്തിലെ സെന്‍സേഷനായി മാറിയ ലക്ഷ്യ സെന്നാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. കരിയറിലെ ആദ്യ ഗെയിംസ് കളിക്കാനെത്തിയ അദ്ദേഹത്തിനു കൈയെത്തുംദൂരത്താണ് വെങ്കല മെഡല്‍ നഷ്ടമായത്. എങ്കിലും ഗെയിംസ് ചരിത്രത്തില്‍ സെമിയിലെത്തിയ ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ലക്ഷ്യ മാറിയിരുന്നു.
സെമി ഫൈനലില്‍ പൊരുതിവീണ ലക്ഷ്യ പിന്നീട് വെങ്കല മെഡല മാച്ചിലും മല്‍സരിച്ചിരുന്നു. എന്നാല്‍ മലേഷ്യന്‍ താരത്തിനെതിരേ ആദ്യ ഗെയിം നേടിയ ശേഷം അടുത്ത രണ്ടു ഗെയിമും തോറ്റ് ലക്ഷ്യ മെഡല്‍ കൈവിടുകയായിരുന്നു.
സെമി ഫൈനലില്‍ ഇതിഹാസ താരവും ഇത്തവണണത്തെയും കഴിഞ്ഞ തവണത്തെയും ഒളിംപിക് ചാംപ്യനെയും ലക്ഷ്യ വിറപ്പിച്ചിരുന്നു. 54 മിനിറ്റോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം മല്‍സരം കൈവിട്ടത്. മല്‍സരശേഷം ലക്ഷ്യയെ എതിരാളി അഭിനന്ദിക്കുകയും മികച്ച ഭാവിയുണ്ടെന്നു പ്രവചിക്കുകയും ചെയ്തിരുന്നു.
ഗുസ്തിയില്‍ വെങ്കലം നേടിയ അമന്‍ സെഹ്‌റാവത്താണ് മികച്ച ഭാവിയുള്ള ഇന്ത്യയുടെ നാലാമത്തെ അത്‌ലറ്റ്. 57 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് അദ്ദേഹം രാജ്യത്തിനു മെഡല്‍ സമ്മാനിച്ചത്. ഇതോടെ ഗെയിംസില്‍ മെഡല്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായും 21 വയസും 24 ദിവസം പ്രായവുമുള്ള അമന്‍ മാറിയിരുന്നു. 2016ലെ റിയോ ഒളിംപിക്‌സില്‍ പിവി സിന്ധു സ്ഥാപിച്ച റെക്കോര്‍ഡാണ് അമന്‍ തിരുത്തിയത്.