പാരിസ്: വിശ്വ കായിക മാമാങ്കത്തിന് ഇന്ന് പാരീസില്‍ തിരി തെളിയുകയാണ്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം കായിക ലോകത്തിന്റെ മനസ് ഇനി പാരീസിനൊപ്പം. വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഇന്ത്യ 69 ഇനങ്ങളിലായി 112 താരങ്ങളുമായാണ് പാരീസ് ഒളിംപിക്‌സിനിറങ്ങുന്നത്. ഇന്ത്യക്കൊപ്പം വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങളുണ്ട്. നാളെ ഇന്ത്യയുടെ ചില പ്രധാന താരങ്ങള്‍ കളത്തിലിറങ്ങുന്നുണ്ട്.
അതിലൊരാളാണ് പിവി സിന്ധു. വനിതാ ബാഡ്മിന്റണിലെ ഇന്ത്യയുടെ ഉറച്ച മെഡലാണ് സിന്ധുവെന്ന് പറയാം. വനിതാ സിംഗിള്‍സിലാണ് സിന്ധുവിന് ആദ്യ മത്സരം. എസ്‌തോനിയയുടെ ക്രിസ്റ്റിയന്‍ കൂബ, മാലിദ്വീപിന്റെ ഫാത്തിമത്ത് നബാഹ അബ്ദുല്‍ റസാഖ് എന്നിവരാണ് സിന്ധു ഉള്‍പ്പെടുന്ന ഗ്രൂപ്പ് എമ്മില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ജയിച്ച് തുടങ്ങി മെഡലിലേക്കെത്തി ഹാട്രിക് മെഡലെന്ന മോഹത്തിലേക്കെത്താന്‍ സിന്ധുവിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
മികച്ച മുന്നൊരുക്കത്തോടെയെത്തുന്ന സിന്ധുവിന്റെ ഫിറ്റ്‌നസ് രഹസ്യം എന്താണെന്ന് അറിയാമോ?. താരം പിന്തുടരുന്ന രീതികള്‍ എന്തൊക്കെയാണെന്ന് നോക്കാം. സിന്ധു ഒരു ദിവസം 6 മണിക്കൂറാണ് പരിശീലനം നടത്തുന്നത്. ആഴ്ചയിലെ ആറ് ദിവസവും വ്യായാമവും പരിശീലനവും സിന്ധു നടത്തും. ഒരു ദിവസം മാത്രമാണ് സിന്ധു വിശ്രമമെടുക്കുന്നത്. എല്ലാ പരിശീലനങ്ങളും ഒരു ദിവസം തന്നെ നടത്തുന്നതല്ല സിന്ധുവിന്റെ രീതി.
കാര്‍ഡിയോ, മസില്‍, ബാഡ്മിന്റണ്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേക സമയം വെച്ചാണ് സിന്ധു പരിശീലനം നടത്തുന്നത്. സ്വാഭാവികമായ പരിശീലനത്തോടും ഭക്ഷണ ക്രമത്തോടുമൊപ്പം വലിയ മത്സരങ്ങള്‍ക്ക് മുമ്പായി സിന്ധു ഭക്ഷണ ക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ശരീര ഭാരം നിയന്ത്രിക്കുന്നതിനും മസിലിന് കൂടുതല്‍ കരുത്ത് നല്‍കുന്നതിനുമായുള്ള ഭക്ഷണ ക്രമമാണ് സിന്ധും കൂടുതലായും പിന്തുടരുന്നത്. നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് സിന്ധു കൂടുതലായും കഴിക്കുന്നത്.

ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കാന്‍ കൂടുതല്‍ ജലാംശം ലഭിക്കുന്ന ഭക്ഷണം പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പായി കൂടുതല്‍ ഭക്ഷണത്തില്‍ സിന്ധു ഉള്‍പ്പെടുത്തും. പ്രഭാത ഭക്ഷണത്തില്‍ പഴവും മുട്ടയും പാലുമാണ് സിന്ധും ഉപയോഗിക്കുന്നത്. ഡ്രൈ ഫ്രൂട്ട്‌സും സിന്ധുവിന്റെ ഭക്ഷണത്തിനൊപ്പമുണ്ട്. എപ്പോഴും ലഘു ഭക്ഷണം അടങ്ങിയ ചെറിയ ബോക്‌സ് സിന്ധു കൊണ്ടു നടക്കാറുണ്ട്. ഡ്രൈ ഫ്രൂട്ട്‌സാണ് ഇതില്‍ കൂടുതലായും ഉണ്ടാവുക.
സിന്ധു ഭക്ഷണക്രമത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്ന രണ്ട് കാര്യങ്ങള്‍ ചോക്ലേറ്റും ഐസ് ക്രീമുമാണ്. ജങ്ക് ഭക്ഷണങ്ങളും അമിതമായി മസാല അടങ്ങിയ ഭക്ഷണവും സിന്ധു കഴിക്കില്ല. മുടങ്ങാതെ അരമണിക്കൂര്‍ യോഗ ചെയ്യുന്നതും സിന്ധുവിന്റെ ദിനചര്യയുടെ ഭാഗമാണ്. മികച്ച മുന്നൊരുക്കത്തോടെയെത്തുന്ന സിന്ധുവിന് ഇന്ത്യക്ക് മെഡല്‍ നേടിക്കൊടുക്കാന്‍ സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും വലിയ പ്രതീക്ഷയാണ് സിന്ധുവിലുള്ളത്.