പാരീസ്: ഒളിംപിക്‌സില്‍ ഭാര പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പട്ട സംഭവത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) മെഡിക്കല്‍ ടീമിനെ പ്രതിരോധിച്ചിരിക്കുകയാണ് ഐഒഎ പ്രസിഡന്റ് പിടി ഉഷ. ഭാര നിയന്ത്രണത്തെക്കുറിച്ച് ശ്രദ്ധ പുലര്‍ത്തേണ്ടത് അത്‌ലറ്റും അവരുടെ കോച്ചുമാണെന്നുമാണ് ഉഷ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വിനേഷിന്റെ അയോഗ്യതയില്‍ നേരത്തേ ഐഒഎ നിയമിച്ച മെഡിക്കല്‍ ഓഫീസറായ ദിന്‍ഷോ പര്‍ദിവാല പ്രതിക്കൂട്ടിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ അവരെ ന്യായീകരിച്ച് ഉഷ രംഗത്തു വന്നിരിക്കുന്നത്.
വനിതകളുടെ 50 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഫൈനലിനു മുമ്പ് വിനേഷ് അയോഗ്യയാക്കപ്പെട്ടത്. അനുവദിക്കപ്പെട്ട 50 കിഗ്രാമിനേക്കാള്‍ 100 ഗ്രാം അധികമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്. ഇതേ തുടര്‍ന്ന് ഉറപ്പായും അര്‍ഹിച്ചിരുന്ന വെള്ളി മെഡലും വിനേഷിനു നഷ്ടമായിരുന്നു. തനിക്കെതിരായ നടപടിക്കെതിരേ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരിക്കുകയാണ് താരം. വെള്ളി മെഡല്‍ തനിക്കു നല്‍കണമെന്നാണ് ഹര്‍ജിയില്‍ വിനേഷിന്റെ പ്രധാന ആവശ്യം.

വാര്‍ത്താക്കുറിപ്പിലൂടെയാണ് ഐഒഎ മെഡിക്കല്‍ ടീമിനെ ന്യായീകരിച്ചും വിനേഷിനെയും അവരുടെ കോച്ചിനെയും സംഭവത്തില്‍ പരോക്ഷമായി കുറ്റപ്പെടുത്തിയും ഉഷ രംഗത്തു വന്നിട്ടുള്ളത്. ഗുസ്തി, ഭാരോദ്വഹനം, ബോക്‌സിങ്, ജൂഡോ പോലെയുള്ള കായിക ഇനങ്ങളില്‍ ഭാരം കൃത്യമായി പാലിക്കേണ്ടത് അത്‌ലറ്റിന്റെയും അവരുടെ കോച്ചിന്റെയും ചുമതലയാണ്. ഐഒഎ നിയമിച്ചിട്ടുള്ള മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിന്‍ഷോ പര്‍ദിവാലയോ, അദ്ദേഹത്തിന്റെ ടീമോയല്ല ഇതു ചെയ്യേണ്ടതെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പിടി ഉഷ വ്യക്തമാക്കിയിരിക്കുന്നത്.
കുറച്ചു മാസങ്ങള്‍ മാത്രം മുമ്പാണ് ഒരു മെഡിക്കല്‍ ടീമിനെ ഐഒഎ നിയമിച്ചത്. ഗെയിംസിനിടെയോ, ശേഷമോ അത്‌ലറ്റുകള്‍ക്കു ഏല്‍ക്കാനിടയുള്ള പരിക്കുകള്‍ കൈകാര്യം ചെയ്യുകയും അതില്‍ നിന്നും അവരെ മുക്തരാക്കുകയുമാണ് ഈ മെഡിക്കല്‍ ടീമിന്റെ പ്രധാന ചുമതല. കൂടാതെ സ്വന്തമായി ഫിസിയോ തെറാപ്പിസ്റ്റുകളും ന്യൂട്രീഷ്യനുകളുമില്ലാത്ത അത്‌ലറ്റുകളെയും ഈ മെഡിക്കല്‍ ടീം സഹായിക്കും.
ഐഒഎ മെഡിക്കല്‍ ടീമിനും, പ്രത്യേകിച്ച് ഡോ. ദിന്‍ഷോ പര്‍ദിവാലയ്ക്കുമെതിരേ ഇപ്പോഴുയരുന്ന വിദ്വേഷം അസ്വീകാര്യമാണ്. ഐഒഎ മെഡിക്കല്‍ ടീമിനെ വിമര്‍ശിക്കുന്നതിനായി തിരക്ക് കൂട്ടുന്നവര്‍ എന്തെങ്കിലും നിഗമനങ്ങളില്‍ എത്തുന്നതിനു മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കണമെന്നു പ്രതീക്ഷിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ ഉഷ വിശദമാക്കി.

അതേസമയം, പാരീസ് ഒളിംപിക്‌സിനു കഴിഞ്ഞ ദിവസമാണ് തിരശീല വീണത്. ആറു മെഡലുകളുമായിട്ടാണ് ഇത്തവണ ഇന്ത്യയുടെ മമടക്കം. ഒരു വെള്ളിയും അഞ്ചു വെങ്കലവുമുള്‍പ്പെടെയാണിത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമുള്‍പ്പെടെ ഏഴു മെഡലുകള്‍ ഇന്ത്യക്കു ലഭിച്ചിരുന്നു.
ഇത്തവണ അതിനേക്കാള്‍ ഒരു മെഡല്‍ കുറച്ചാണ് ഇന്ത്യക്കു നേടാനായത്. മാത്രമല്ല ഒരു സ്വര്‍ണം പോലും പാരീസില്‍ ലഭിക്കാതെ പോയപ്പോള്‍ വെള്ളി മെഡലിന്റെ എണ്ണം കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന സമാപനച്ചടങ്ങില്‍ ഹോക്കി ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷും ഷൂട്ടിങിലെ ഇരട്ട മെഡലിനു അവകാശിയായ മനു ഭാക്കറുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.