പാരീസ്: പാരീസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ പ്രതീക്ഷക്ക് തന്നെ തിരിച്ചടി. 10 മീറ്റര്‍ എയര്‍ റൈഫില്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യക്ക് മെഡല്‍ റൗണ്ടില്‍ പ്രവേശിക്കാനായില്ല. അര്‍ജുന്‍ ബാബൂട്ട-രമിത ജിന്തല്‍ ടീം ആറാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. 628.7 പോയിന്റാണ് ടീമിന് നേടാനായത്. എന്നാല്‍ ഇളവേനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യം തീര്‍ത്തും നിരാശപ്പെടുത്തി. 12ാം സ്ഥാനത്താണ് ഈ ടീം ഫിനിഷ് ചെയ്തത്.
626.3 പോയിന്റാണ് ഈ സഖ്യം നേടിയത്. 60 ഷൂട്ടുകള്‍ ഒരു ടീം ചെയ്ത ശേഷമാണ് ഈ പോയിന്റിലേക്കെത്തിയത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാവുക. ഇതോടെ ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ഷൂട്ടിങ്ങില്‍ നിരാശയോടെ തുടങ്ങേണ്ടി വന്നു. മികച്ച ടീമായിരുന്നെങ്കിലും മത്സരത്തില്‍ മികവിനൊത്തുയരാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കാതെ പോയി എന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

ഇളവേനില്‍ വാളറിവന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. 24കാരിയായ താരത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നിരാശപ്പെടുത്തി. 2018ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെള്ളിയും 2019ലെ ലോകകപ്പ് ഫൈനലില്‍ സ്വര്‍ണ്ണവും ലോകകപ്പില്‍ നാല് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം നിരവധി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണെങ്കിലും ഒളിംപിക്‌സ് വേദിയില്‍ നിരാശപ്പെടുത്തി.
314.5 പോയിന്റ് നേടിയ രമിതയാണ് ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ പോയിന്റ് നേടിയത്. അര്‍ജുന്‍ 314.2, ഇളവേനില്‍ വാളറിവന്‍ 312.6, സന്ദീപ് 313.7 പോയിന്റുകളാണ് നേടിയത്.ഈ ഇനത്തില്‍ ചൈനയുടെ ഹുവാങ് യൂടിങ്-ഷിങ് ലിഹോ സഖ്യം സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയ വെള്ളിയും നേടി. കസാക്കിസ്ഥാനാണ് വെങ്കലം.
പുരുഷന്മാരുടെ റോവിങ്ങില്‍ (തുഴച്ചില്‍) ഇന്ത്യക്ക് പ്രതീക്ഷയുണ്ടായിരുന്ന ബല്‍രാജ് പന്‍വാറിന് ആദ്യ ഹീറ്റ്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടാനായില്ല. നാലാം സ്ഥനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്. 7.07.11 സമയം കുറിച്ചാണ് താരം ഫിനിഷ് ചെയ്തത്. ആദ്യത്തെ 1000 മീറ്റര്‍ 3.31.24 സമയം കുറിച്ച് മറികടക്കാന്‍ ബല്‍രാജിന് സാധിച്ചു. ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്കാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത ലഭിക്കുക. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാന്‍ ബല്‍രാജിന് മുന്നില്‍ ഇനിയും അവസരമുണ്ട്.
തോറ്റവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റൗണ്ടില്‍ മത്സരിച്ച് ആദ്യ മൂന്ന് സ്ഥാനത്തിനുള്ളില്‍ ഫിനിഷ് ചെയ്യാനായാല്‍ ബല്‍രാജിന് ക്വാര്‍ട്ടറിലെത്താം. ഞായറാഴ്ച ഉച്ചക്ക് 1.30നാണ് ഈ മത്സരം. 6.55.29 സമയം കുറിച്ച് ന്യൂസീലന്‍ഡിന്റെ മാക്കിന്റോഷ് തോമസാണ് ആദ്യ ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്തെത്തിയത്. എന്റൗസ്‌കോസ് സ്റ്റിഫാനോസ് രണ്ടാം സ്ഥാനത്തും എല്‍ബാന അബ്ദല്‍ഖാലിക് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റലിലും ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. സരഭ്‌ജോത് സിങ്ങിനും അര്‍ജുന്‍ ചീമയ്ക്കും 10 മീറ്റര്‍ എയര്‍പിസ്റ്റലില്‍ ഫൈനല്‍സിലെത്താനായില്ല. ഇതോടെ ഷൂട്ടിങ്ങില്‍ ആദ്യ ദിനം തന്നെ ഇന്ത്യക്ക് തീര്‍ത്തും നിരാശപ്പെടേണ്ടി വന്നു.