പാരീസ്: ഒളിംപിക്‌സില്‍ ബോക്‌സിങില്‍ ഇന്ത്യക്കു മികച്ച തുടക്കം. വനിതകളുടെ 54 കിഗ്രാമില്‍ പ്രീതി പവാറാണ് ഇന്ത്യക്കായി ആദ്യം ഇടിക്കൂട്ടില്‍ ഇറങ്ങിയത്. മിന്നുന്ന ജയവുമായി താരം പ്രീക്വാര്‍ട്ടറിലേക്കു മുന്നേറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വനിതകളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സഖ്യത്തിന് ആദ്യ റൗണ്ടില്‍ തിരിച്ചടി നേരിട്ടു. എങ്കിലും ഇവര്‍ പുറത്തായിട്ടില്ല. രണ്ടു മല്‍സരങ്ങള്‍ കൂടി ഇന്ത്യന്‍ സഖ്യത്തിനു ശേഷിക്കുന്നുണ്ട്.
നോര്‍ത്ത് പാരീസ് അരീനയില്‍ നടന്ന ബോക്‌സിങില്‍ വിയറ്റ്‌നാമിന്റെ വോ തി കിം ആനിനെ തകര്‍ത്താണ് പ്രീതിയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. 5-0നാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 20 കാരിയായ പ്രീതി വളരെ സ്ലോയായിട്ടാണ് മല്‍സരം തുടങ്ങിയത്. പിന്നീട് ഫൈനല്‍ റൗണ്ടില്‍ കിടിലന്‍ പഞ്ചുകളുമായി എതിരാളിയെ തീര്‍ക്കുകയും ചെയ്തു. ഈ മല്‍സരത്തിനായി റിങിലെത്തിയപ്പോള്‍ എന്താണ് എനിക്കു ചെയ്യേണ്ടത് എന്നതിനെക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളൂയെന്നാണ് മല്‍സശേഷം പ്രീതി പ്രതികരിച്ചത്.
ആദ്യ റൗണ്ടില്‍ എതിരാളിയുടെ റേഞ്ച് മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്റെ റേഞ്ചിനകത്തു അവരെ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ ആദ്യ റൗണ്ടില്‍ സ്പ്ലിറ്റ് തീരുമാനത്തെ തുടര്‍ന്ന് എനിക്കു തോല്‍വി നേരിടേണ്ടതായി വന്നു. അതിനു ശേഷം ഞാന്‍ തന്ത്രത്തില്‍ മാറ്റം വരുത്തി.
എനിക്കു അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കേണ്ടത് ആവശ്യമായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടുകളില്‍ എതിരാളിയെ ബാക്ക് ഫൂട്ടിലാക്കാന്‍ ഞാന്‍ നിര്‍ബന്ധിതയാക്കുകയും ഒരുപാട് മുന്നിലേക്കു താന്‍ വരികയും ചെയ്തായും മല്‍സരശേഷം പ്രീതി വ്യക്തമാക്കി.

മികച്ച ചില പഞ്ചുകളും ഹുക്കുകളുമാണ് രണ്ടാം റൗണ്ടില്‍ ജയിച്ചുകയറാന്‍ പ്രീതിയെ സഹായിച്ചത്. മൂന്നാം റൗണ്ടില്‍ കൂടുതല്‍ ആക്രമണോത്സുകതയോടെയാണ് താരം കാണപ്പെട്ടത്. തുടക്കത്തില്‍ തന്നെ എതിരാളിക്കു മേല്‍ ആധിപത്യം നേടാന്‍ ഇതു പ്രീതിയെ സഹായിക്കുകയും ചെയ്തു. ഇതോടെ എതിരാളി പ്രതിരോധത്തിലേക്കു വലിയുകയും മികച്ച ചില പഞ്ചുകളിലൂടെ ഇന്ത്യന്‍ താരം കളി ജയിച്ച് പ്രീക്വാര്‍ട്ടറിലേക്കും മുന്നേറി. സെമി ഫൈനലില്‍ കടക്കാനായാല്‍ പ്രീതിക്കു മെഡല്‍ ഉറപ്പിക്കാന്‍ സാധിക്കും. ഇതിനായി അവര്‍ക്കു ഇനി വേണ്ടത് രണ്ടു ജയങ്ങളാണ്.
ബോക്‌സിങില്‍ ഇന്ത്യക്കായി മല്‍സരിക്കുന്നത് ആറു പേരാണ്. രണ്ടു തവണ ലോക ചാംപ്യനായ വനിതാ താരം നിഖാത് സറീന്‍ ഇന്നു ആദ്യ മല്‍സരത്തിനിറങ്ങുന്നുണ്ട്. 32ാം റൗണ്ടില്‍ മെക്‌സിക്കോയുടെ മാക്‌സി കരീന ക്‌ളോട്‌സറാണ് നിഖാതിന്റെ എതിരാളി. വരും ദിവസങ്ങളില്‍ ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ലവ്‌ലീന ബൊര്‍ഗോഹെയ്ന്‍ (75 കിഗ്രാം), അമിത് പംഗല്‍ (51 കിഗ്രാം), നിഷാന്ത് ദേവ് (71 കിഗ്രാം), ജാസ്മിന്‍ ലംബോറിയ (57 കിഗ്രാം) എന്നിവരും ഇടിക്കൂട്ടിലിറങ്ങുന്നുണ്ട്.
അതേസമയം, ബാഡ്മിന്റണ്‍ ഡബിള്‍സില്‍ അശ്വിനി- തനീഷ ക്രാസ്റ്റോ ജോടിയെ വീഴ്ത്തിയത് ലോക ഏഴാം നമ്പര്‍ സൗത്ത് കൊറിയന്‍ സഖ്യമായ കിം സോ യുങ്- കോങ് ഹീ യോങ് എന്നിവരാണ്. ആദ്യ ഗെയിമില്‍ ഇന്ത്യന്‍ ജോടി ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും 21-18ന് സെറ്റ് കൈവിടേണ്ടി വന്നു. അടുത്ത ഗെയിമില്‍ പക്ഷെ കൊറിയന്‍ സഖ്യത്തിന്റെ ആധിപത്യമാണ് കണ്ടത്. 21-10നാണ് രണ്ടാം ഗെയിമും ഒപ്പം മല്‍സരവും അവര്‍ സ്വന്തമാക്കിയത്.
ആദ്യറൗണ്ടില്‍ തോറ്റെങ്കിലും നോക്കൗട്ടില്‍ കടക്കാന്‍ പൊന്നപ്പ- തനീഷ സഖ്യത്തിന് ഇനി രണ്ടു മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്. എന്നാല്‍ ലോക നാലാം നമ്പര്‍ ജോടിക്കെതിരേ മല്‍സരമുണ്ടെന്നത് ഇന്ത്യന്‍ ജോടിക്കു വെല്ലുവിളിയാണ്.