പാരീസ്: ഒളിംപിക്‌സ് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്കു അടുക്കുകയാണ്. ഗെയിംസിന്റെ 14ാം ദിനമായ ഇന്നു ഇന്ത്യയെ സംബന്ധിച്ച് അധികം മല്‍സരങ്ങളില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. എങ്കിലും ആറാമത്തെ മെഡല്‍ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യക്കു ഇന്നു അവസരമുണ്ട്. നേരത്തേ നേടിയ ഒരു വെള്ളിയും നാലു വെങ്കലവുമടക്കം അഞ്ചു മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. വീണ്ടുമൊരു വെങ്കലമാണ് ഇന്നു ഇന്ത്യയെ കാത്തിരിക്കുന്നത്. പുരുഷന്‍മാരുടെ ഗുസ്തിയിലാണ് വെങ്കല മെഡല്‍ പോരാട്ടം.
ഗുസ്തിയിലെ മെഡല്‍ മല്‍സരം കൂടാതെ ഗോള്‍ഫ്, അത്‌ലറ്റിക്‌സ് എന്നിവയിലാണ് ഇന്ത്യക്കു പാരീസില്‍ ഇന്നു മല്‍സരങ്ങളുള്ളത്. ഇന്ത്യ ഇത്തവണ നേടിക്കഴിഞ്ഞ അഞ്ചു മെഡലുകളെടുത്താല്‍ മൂന്നെണ്ണം ഷൂട്ടിങിലും ഒന്ന് അത്‌ലറ്റിക്‌സിലും മറ്റൊന്ന് ഒന്ന് പുരുഷ ഹോക്കിയിലുമാണ്. ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോാപ്ര കഴിഞ്ഞ ദിവസം രാജ്യത്തിനു വെള്ളി നേടിത്തന്നിരുന്നു. ഷൂട്ടിങില്‍ മനു ഭാക്കര്‍ വ്യക്തിഗിത ഇനത്തിലും ടീമിനത്തില്‍ സരബ്‌ജോത് സിങിനൊപ്പവും വെങ്കലം നേടിയപ്പോള്‍ സ്വപ്‌നില്‍ കുസാലെ വ്യക്തിഗത ഇനത്തിലും വെങ്കലം കൈക്കലാക്കി.

കഴിഞ്ഞ ദിവസമാണ് നീരജും ഹോക്കി ടീമും ഓരോ മെഡലുകള്‍ വീതം രാജ്യത്തിനു സമ്മാനിച്ചത്. ഹോക്കി വെങ്കല മെഡല്‍ മാച്ചില്‍ സ്‌പെയിനിനെ 2-1നാണ് ഇന്ത്യ വീഴ്ത്തിയത്. ഒളിംപിക്‌സില്‍ വീണ്ടുമൊരു മെഡല്‍ ഇന്ത്യ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കുമോ? ഇന്നത്തെ ഇന്ത്യയുടെ മല്‍സരങ്ങളും അവയുടെ സമയവും പരിശോധിക്കാം.
ഗോള്‍ഫ്
ഗോള്‍ഫില്‍ വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ രണ്ടു പേരാണ് ഇന്ത്യക്കു വേണ്ടി മല്‍സരിക്കുക. അദിതി അശോക്, ദിക്ഷ ഡാഗര്‍ എന്നിവരാണ് ഇന്ത്യക്കായി ഉറങ്ങുന്നത്. ഉച്ചയ്ക്കു 12.30 മുതലാണ് മല്‍സരം ആരംഭിക്കുന്നത്. മെഡല്‍ നേട്ടത്തിന് അരികിലെത്തി നില്‍ക്കുകയാണ് അദിതി. ഇത്തവണ മെഡല്‍ നേടിയാല്‍ അതു ഗോള്‍ഫില്‍ ഇന്ത്യയുടെ കന്നി മെഡല്‍ കൂടിയായി ചരിത്രത്തില്‍ ഇടം പിടിക്കും.
അത്‌ലറ്റിക്‌സ്
അത്‌ലറ്റിക്‌സില്‍ വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യയുടെ യോഗ്യതാ മല്‍സരം ഉച്ചയ്ക്കു 2.10 മുതലാണ്. കിരണ്‍ പവല്‍, ജ്യോതിക ശ്രീ ദന്‍ഡി, എം പൂവമ്മ രാജു, വിദ്യ രാംരാജ് എന്നിവകാണ് ട്രാക്കിലിറങ്ങുക. ഈ സീസണില്‍ ഒരു ഇന്ത്യന്‍ താരത്തിന്റ ഏറ്റവും മികച്ച സമയം കുറിച്ച താരം കൂടിയാണ് കിരണ്‍.
പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ യോഗ്യതാ മല്‍സരം ഉച്ചയ്ക്കു 2.45 മുതാണ്. മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്മല്‍, അമോല്‍ ജേക്കബ്, രാജേഷ് രമേഷ് എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്. കഴിഞ്ഞ വര്‍ഷം ലോക അത്‌ലറ്റിക്‌സില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടീം കൂടിയാണിത്.
ഗുസ്തി
ഇന്ത്യയുടെ അവസാനത്തെ മല്‍സരം ഗുസ്തിയിലെ വെങ്കല മെഡല്‍ പോരാട്ടമാണ്. രാത്രി 11നാണ് പുരുഷന്‍മാരുടെ 57 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്തിന്റെ വെങ്കല മെഡല്‍ മാച്ച് നടക്കാനിരിക്കുന്നത്. പ്യൂര്‍ട്ടോ റിക്കയില്‍ നിന്നുള്ള ഡാരിയന്‍ ക്രൂസാണ് അമന്റെ എതിരാളി.