പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ഒമ്പതാം ദിനം പുരോഗമിക്കവെ ഇന്ത്യ പ്രതീക്ഷവെച്ച പല താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അമ്പെയ്ത്തിലും ബോക്‌സിങ്ങിലും ഇന്ത്യ സമ്പൂര്‍ണ്ണ ദുരന്തമായി. ഷൂട്ടിങ്ങില്‍ മൂന്ന് മെഡല്‍ നേടാനായത് ഇന്ത്യക്ക് ആശ്വാസമാണെങ്കിലും പ്രതീക്ഷിച്ച പല ഇനങ്ങളിലും താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ പോയി. ബാഡ്മിന്റണില്‍ മൂന്നാം മെഡല്‍ പ്രതീക്ഷിച്ച സിന്ധു നിരാശപ്പെടുത്തി.
പുരുഷന്മാരില്‍ എച്ച്എസ് പ്രണോയിക്കും മുന്നോട്ട് പോകാനായില്ല. ബോക്‌സിങ് ടീമിനായി മാസങ്ങള്‍ക്ക് മുമ്പ് വിദേശത്ത് പരിശീലന ക്യാംപ് ആരംഭിച്ചിരുന്നു. വിദേശ പരിശീലകനെയടക്കം നല്‍കി എല്ലാ സൗകര്യങ്ങളും ഒരുക്കിയെങ്കിലും മെഡല്‍ നേട്ടത്തിലേക്കെത്താനായില്ല. നിഖാത്ത് സെറീനയും ലോവ്‌ലിന ബോര്‍ഗോഹെയ്‌നുമെല്ലാം പൊരുതി വീണു. ഇതോടെ ബോക്‌സിങ്ങില്‍ ഇന്ത്യക്ക് ഒരു മെഡല്‍ പോലും നേടാനാവാതെ പുറത്താവേണ്ടി വന്നു.
ഇനി ഇന്ത്യയുടെ പ്രതീക്ഷ ഗുസ്തിയിലാണ്. ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്താന്‍ ഗുസ്തി താരങ്ങളുടെ മത്സരങ്ങള്‍ നാളെ മുതല്‍ ആരംഭിക്കുകയാണ്. ആറ് താരങ്ങളടങ്ങുന്ന ഇന്ത്യയുടെ ഗുസ്തി ടീമില്‍ പ്രതീക്ഷ നല്‍കുന്നവരാണ് എല്ലാവരും. അമാന്‍ സെഹ്‌റാവത്ത്, വിനേഷ് ഫോഗട്ട്, അന്‍ഷു മാലിക്ക്, ആന്റിം പങ്കല്‍, രീതിക ഹൂഡ, നിഷ ദഹിയ എന്നിവരാണ് ഇന്ത്യന്‍ ഗുസ്തി ടീമിലെ താരങ്ങള്‍.
വിനേഷ് ഫോഗട്ടിലാണ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷവെക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ഒളിംപിക്‌സിനിറങ്ങുന്ന വിനേഷ് അനുഭവസമ്പത്തുള്ള താരമാണ്. ഇത്തവണ വനിതകളുടെ 50 കിലോഗ്രാമിലാണ് വിനേഷ് മത്സരിക്കുന്നത്. ആന്റിം പങ്കല്‍ 53 കിലോഗ്രാമില്‍ യോഗ്യത നേടിയെടുത്തതുകൊണ്ടാണ് വിനേഷ് വഴിമാറിയത്. അന്‍ഷു മാലിക്ക് 57 കിലോഗ്രാമിലും നിഷ 68 കിലോഗ്രാമിലും രീതിക 76 കിലോഗ്രാമിലും മത്സരിക്കും.

പുരുഷന്മാരുടെ ഗുസ്തിയില്‍ അമാന്‍ സെഹ്‌റാവത്തിലാണ് എല്ലാ പ്രതീക്ഷയും. ബജറംഗ് പുനിയയുടെ പാതയില്‍ താരത്തില്‍ നിന്ന് ഒളിംപിക്‌സ് മെഡല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ എല്ലാ ബോക്‌സര്‍മാരുടേയും മത്സരം അഞ്ചാം തീയ്യതിയാണ് ആരംഭിക്കുന്നത്. വിനേഷിന്റെ അവസാന ഒളിംപിക്‌സ് വേദനിക്കുന്ന ഓര്‍മയാണ്. 2016ലെ റിയോ ഒളിംപിക്‌സില്‍ കാലിന് ഒടിവ് നേരിട്ടാണ് വിനേഷ് മടങ്ങിയത്. 2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും താരത്തെ പരിക്ക് ബാധിച്ചു.
29കാരിയായ താരം സമീപകാലത്തൊന്നും ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയോ മികവ് കാട്ടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ നിര്‍ണ്ണായക ഒളിംപിക്‌സ് മത്സരത്തില്‍ എങ്ങനെയാവും പ്രകടനമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും വിനേഷ് ഫോഗട്ടില്‍ ഇന്ത്യക്ക് സജീവ മെഡല്‍ പ്രതീക്ഷയാണുള്ളത്. ഇന്ത്യയുടെ ഏക സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുടെ മത്സരം ആറാം തീയ്യതിയാണ് ആരംഭിക്കുന്നത്. എട്ടാം തീയ്യതിയാണ് ഫൈനല്‍.