പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ ഒമ്പതാം ദിനം ഇന്ത്യക്ക് വലിയ നിരാശ നല്‍കി ഷൂട്ടര്‍മാര്‍. ഇന്ത്യക്ക് വലിയ പ്രതീക്ഷ ഷൂട്ടിങ്ങിലുണ്ടായിരുന്നെങ്കിലും ക്വാളിഫിക്കേഷന്‍ റൗണ്ട് പോലും താണ്ടാന്‍ പലര്‍ക്കുമായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളിലാണ് ഇന്ത്യയുടെ പുരുഷ, വനിതാ താരങ്ങള്‍ നിരാശപ്പെടുത്തിയത്.
വിജയ്‌വീര്‍ സിദ്ധു ഇന്ത്യ വലിയ മെഡല്‍പ്രതീക്ഷവെച്ച ഷൂട്ടറായിരുന്നു. ആദ്യ റൗണ്ടില്‍ 393 പോയിന്റുകളോടെ താരം ഫൈനല്‍ റൗണ്ട് പ്രതീക്ഷ നല്‍കി. എന്നാല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ല. രണ്ടാം റൗണ്ടിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടെ ഒമ്പതാം സ്ഥാനത്തോട് താരം പിന്നോട്ട് പോവുകയായിരുന്നു. ആദ്യത്തെ ആറ് സ്ഥാനക്കാരാണ് ഫൈനല്‍ യോഗ്യത നേടുന്നത്. അതുകൊണ്ടുതന്നെ വിജയ് വീറിന്റെ പോരാട്ടം ഫൈനല്‍ റൗണ്ടിലേക്കെത്താതെ അവസാനിച്ചു.
അനിഷ് ബന്‍വാലും മികച്ച രീതിയില്‍ തുടങ്ങി സമ്മര്‍ദ്ദത്തിനടിമപ്പെട്ട് പുറത്തായി. ആദ്യ റൗണ്ടില്‍ എട്ടാം സ്ഥാനത്തായിരുന്ന അനിഷ് മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിര്‍ണ്ണായകമായ റൗണ്ടില്‍ പതറിയതോടെ 13ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഇതോടെ ഷൂട്ടിങ്ങിലെ ഇന്ത്യയുടെ പുരുഷ താരങ്ങളുടെ പോരാട്ടം നിരാശയില്‍ അവസാനിച്ചു. സമ്മര്‍ദ്ദ സാഹചര്യത്തില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ഷൂട്ടര്‍മാര്‍ക്ക് സാധിക്കാതെ പോയി.
വനിതകളേയും ബാധിച്ചത് സമ്മര്‍ദ്ദമാണ്. മഹേശ്വരി ചൗഹാനില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷവെച്ചിരുന്നു. ആദ്യ സീരിസില്‍ മികച്ച പ്രകടനത്തോടെ ആറാം സ്ഥാനത്തായിരുന്നു മഹേശ്വരി. എന്നാല്‍ നിര്‍ണ്ണായകമായ അവസാന സീരിസില്‍ അടിപതറിയതോടെ താരത്തിന് ഫൈനല്‍ റൗണ്ട് യോഗ്യത നഷ്ടമായി. മറ്റൊരു താരമായ റൈസ ദിലോണ്‍ തീര്‍ത്തും നിരാശപ്പെടുത്തി. 25ാം സ്ഥാനത്താണ് താരത്തിന് എത്താനായത്.
മനു ഭാക്കര്‍ ഇന്ത്യക്കായി രണ്ട് മെഡലുകള്‍ ഷൂട്ടിങ്ങില്‍ നേടിയിരുന്നു. വെങ്കല മെഡലുകളാണ് മനു ഭാക്കര്‍ നേടിയത്. ഇന്ത്യയുടെ മൂന്ന് മെഡലുകളും ഷൂട്ടിങ്ങിലാണ് പിറന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ഷൂട്ടര്‍മാര്‍ മികവ് കാട്ടിയെങ്കിലും 25 മീറ്ററില്‍ മത്സരിച്ച താരങ്ങളെല്ലാം നിരാശപ്പെടുത്തി. ഇതോടെ ഇന്ത്യയുടെ ഷൂട്ടിങ്ങിലെ അവസാന മെഡല്‍ പ്രതീക്ഷകളും അവസാനിച്ചു.

ഇന്ത്യയുടെ അമ്പെയ്ത്ത് ടീമും ഇത്തവണ ദുരന്തമായി. ദീപികാ കുമാരിയടക്കം പ്രതീക്ഷ നല്‍കിയ പല താരങ്ങള്‍ക്കും മെഡലിലേക്ക് ഉയരാനായില്ല. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മുന്നൊരുക്കം മാസങ്ങള്‍ മുമ്പ് ആരംഭിച്ചതാണ്. എന്നാല്‍ ഒരു താരത്തിന് പോലും മെഡല്‍ നേടാന്‍ സാധിക്കാതെ പോയി. നിഖാത്ത് സെറീനും ലോവ്‌ലിന ബോര്‍ഗോഹെയ്‌നുമെല്ലാം നിരാശപ്പെടുത്തി. ജര്‍മനിയില്‍ ക്യാംപടക്കം നടത്തിയാണ് ഇവര്‍ മത്സരിക്കാനെത്തിയതെങ്കിലും മികവ് കാട്ടാനാവാതെ പോയതാണ് നിരാശപ്പെടുത്തിയത്.
ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ ഫൈനലില്‍ തോറ്റു. എന്നാല്‍ വെങ്കല മെഡല്‍ പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്. പിവി സിന്ധു, എച്ച് എസ് പ്രണോയി എന്നിവര്‍ക്ക് പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയി. പുരുഷന്മാരുടെ ടെന്നില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തി റെക്കോഡ് സൃഷ്ടിച്ചു.
ഫൈനലില്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കാരസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2 മണിക്കൂറും 52 മിനുട്ടും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ജോക്കോവിച്ചിന്റെ ജയം. ടെന്നിസില്‍ ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് 37കാരനായ ജോക്കോവിച്ച് സ്വന്തം പേരിലാക്കി