പാരീസ്: ഇന്ത്യന്‍ ഹോക്കിയിലെ ഇതിഹാസ താരങ്ങളലൊരാളായി മാറിയ ഗോള്‍കീപ്പറും മലയാളി താരവുമായ പിആര്‍ ശ്രീജേഷിനെ വെങ്കല മെഡല്‍ നേട്ടത്തോടെ യാത്രയാക്കി ടീമംഗങ്ങള്‍. വെങ്കല മെഡലിനായുള്ള ത്രില്ലിങ് മല്‍സരത്തില്‍ കരുത്തരായ സ്‌പെയിനിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യക്കു വെങ്കല മെഡല്‍ ലഭിച്ചത്. കഴിഞ്ഞ ടോക്കിയോ ഗെയിംസിലും ഇന്ത്യ വെങ്കലമണിഞ്ഞിരുന്നു. 13ാം തവണയാണ് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡലിനു അവകാശികളായത്. 50 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടു ഒളിംപിക്‌സുകളില്‍ ഇന്ത്യ മെഡല്‍ ചൂടിയത്.
ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യ കളി ജയിച്ചുകയറിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഗോള്‍മെഷീനായി മാറിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഈ മല്‍സരത്തിലും ടീമിന്റെ ഹീറോ. ഇന്ത്യയുടെ രണ്ടു ഗോളും അദ്ദേഹത്തിന്റെ വകയായിരുന്നു. പെനല്‍റ്റി കോര്‍ണറിനൊടുവിലാണ് 30, 33 മിനിറ്റുകളളില്‍ ഹര്‍മന്‍പ്രീത് സ്‌കോര്‍ ചെയ്തത്. 14ാം മിനിറ്റില്‍ മാര്‍ക്ക് മിറാലസാണ് സ്‌പെയിനിനായി ലക്ഷ്യം കണ്ടത്.

ഇന്ത്യ വളരെ പോസിറ്റീവായാണ് മല്‍സരം തുടങ്ങിത്. അഗ്രസീവ് ഗെയിം കാഴ്ചവച്ച ഇന്ത്യക്കാണ് കളിയിലെ ആദ്യത്തെ അവസരവും ലഭിച്ചത്. പക്ഷെ സുഖ്ജീത്് സിങിന്റെ ഗോളിലേക്കുള്ള ഷോട്ട് ഗോള്‍കീപ്പര്‍ തടുക്കുകയായിരുന്നു. തുടര്‍ന്നും ഇന്ത്യ തന്നെ കളി നിയന്ത്രിച്ചു. സ്‌പെയിനിന്റെ ഭാഗത്തു നിന്നു അപകടകരമായ നീക്കങ്ങളൊന്നും ആദ്യത്തെ ക്വാര്‍ട്ടറില്‍ കണ്ടില്ല. ഗോള്‍രഹിതമായാണ് ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചത്.
രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി മിനിറ്റുകള്‍ക്കകം മല്‍സരഗതിക്കു വിപരീമായി സ്‌പെയിന്‍ മുന്നിലെത്തി. സ്പാനിഷ് താരത്തെ ബോക്‌സിനുള്ളില്‍ വച്ച് തടുത്തതിന് ഇന്ത്യക്കെതിരേ പെനല്‍റ്റി സ്‌ട്രോക്ക് വിധിക്കുകയായിരുന്നു. ശ്രീജേഷിനു യാതൊരു അവസരവും നല്‍കാതെ മിറാലസ് ഇതു ഗോളാക്കി മാറ്റുകയും ചെയ്തു. ഈ ഗോളിനു ശേഷം സ്‌പെയിന്‍ ചില മികച്ച നീക്കങ്ങലിലൂടെ ഇന്ത്യയെ വിറപ്പിച്ചു.
എന്നാല്‍ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു മുമ്പ് ഹര്‍മന്‍പ്രീതിലൂടെ ഇന്ത്യ സമനില കൈക്കലാക്കി. പെനല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഈ ഗോള്‍. 1-1നാണ് ഇരുടീമുകളും ആദ്യപകുതിയില്‍ പിരിഞ്ഞത്. മൂന്നാം ക്വാര്‍ട്ടര്‍ ആരംഭിച്ച് ഉടന്‍ തന്നെ ഇന്ത്യ ലീഡ് സ്വന്തമാക്കി. ഇന്ത്യയുടെ റഫറലിനൊടുവില്‍ പെനല്‍റ്റി കോര്‍ണര്‍ ലഭിക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് ഇതു ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. തുട്ര്‍ന്നും ലീഡുയര്‍ത്താന്‍ പല അവസരങ്ങളും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യക്കു ലഭിച്ചെങ്കിലും ഇവ മുതലാക്കാന്‍ സാധിച്ചില്ല.
അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യയെ ബാക്ക്ഫൂട്ടിലാക്കി സ്‌പെയിന്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. പക്ഷെ ഇന്ത്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ ശ്രീജേഷും വിട്ടുകൊടുത്തില്ല. സ്‌പെയിനിന്റെ ഗോള്‍ ശ്രമങ്ങളെല്ലാം കോട്ട കെട്ടി തടഞ്ഞ ഇന്ത്യ വെങ്കല മെഡല്‍ കാത്തുസൂക്ഷിക്കുകയായിരുന്നു.