പാരീസ്: ഒളിംപിക്‌സില്‍ പോരാട്ടങ്ങള്‍ ആവേശകരമായ 15ാം ദിനത്തിലേക്കു കടന്നിരിക്കുകയാണ്. ഒരു വെള്ളിയും അഞ്ചു വെങ്കലവും ആറു മെഡലുകള്‍ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞ ഇന്ത്യ ഒന്ന് കൂടി നേടി കഴിഞ്ഞ തവണത്തെ നേട്ടത്തിനൊപ്പമെത്താമെന്ന ശുഭപ്രതീക്ഷയിലാണ്. ഇന്നു ഗുസ്തിയിലാണ് ഇന്ത്യ വീണ്ടുമൊരു മെഡല്‍ ലക്ഷ്യമിട്ടിറങ്ങുന്നത്. ഗുസ്തി കൂടാതെ ഗോള്‍ഫിലാണ് ഇന്നു ഇന്ത്യക്കു മല്‍സരങ്ങളുള്ളത്.
കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 57 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്ത് ഇന്ത്യക്കു വെങ്കല മെഡല്‍ സമ്മാനിച്ചിരുന്നു. ഇത്തവണ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡഡലും കൂടിയാണിത്. നേരത്തേ വനിതകളുടെ 50 കിഗ്രാം ഫ്രീസ്റ്റൈലില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ഫൈനല്‍ വരെയെത്തിയിരുന്നു. അതുകൊണ്ടു തന്നെ തോറ്റാലും വെള്ളി മെഡല്‍ ഉറപ്പായിരുന്നു. പക്ഷെ ഭാര പരിശോധനയില്‍ പരാജയപ്പെട്ടതു കാരണം വിനേഷിനെ അയോഗ്യയാക്കുകയും ഇതോടെ മെഡലും നഷ്ടമാവുകയുമായിരുന്നു.

ഗുസ്തി കൂടാതെ ഷൂട്ടിങ്, ഹോക്കി എന്നിവയിലാണ് ഇന്ത്യക്കു ഇത്തവണ വെങ്കല മെഡല്‍ ലഭിച്ചത്. അത്‌ലറ്റിക്സില്‍ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. പുരുഷന്‍മാരുടെ ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെയായിരുന്നു ഇന്ത്യയുടെ വെള്ളി മെഡല്‍ നേട്ടം. ഷൂട്ടിങില്‍ മനു ഭാക്കര്‍ രണ്ടു വെങ്കല മെഡലുകളാണ് കഴുത്തിലണിഞ്ഞത്. വ്യക്തിഗത, ടീമിനങ്ങളിലായിരുന്നു ഇത്.
പുരുഷന്‍മാരുടെ വ്യക്തിഗത ഇനത്തില്‍ സ്വപ്‌നില്‍ കുസാലെയും ടീമിനത്തില്‍ സരബ്‌ജോത് സിങും വെങ്കലം നേടുകയും ചെയ്തു. പുരുഷ ഹോക്കി ടീമാണ് മറ്റൊരു വെങ്കലത്തിന്റെ അവകാശികള്‍. ഇന്ത്യയുടെ ഇന്നത്തെ മല്‍സര ഷെഡ്യൂള്‍ എങ്ങനെയാണെന്നു നോക്കാം.
ഗോള്‍ഫ്
ഗോള്‍ഫ് മല്‍സരത്തോടെയാണ് ഇന്ത്യയുടെ ഇന്നത്തെ പോരാട്ടം തുടങ്ങുന്നത്. വനിതകളുടെ വ്യക്തിഗത വിഭാഗം സ്‌ട്രോക്ക് പ്ലേ നാലാം റൗണ്ടില്‍ രണ്ടു പേര്‍ ഇന്ത്യക്കായി മല്‍സരിക്കും. അദിതി അശോകും ദിക്ഷ ഡഗറുമാണ് രാജ്യത്തിനു വേണ്ടി ഇറങ്ങുന്നത്. ഉച്ചയ്ക്കു 12.30 മുതലാണ് മല്‍സരം.
ഗുസ്തി
വനിതകളുടെ 76 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ റീതിക ഹൂഡയാണ് ഇന്ത്യക്കു വേണ്ടി മല്‍സരിക്കുന്നത്. വൈകീട്ട് മൂന്നു മണിക്കാണ് റീതികയുടെ പോരാട്ടം. ഈ മല്‍സരത്തില്‍ ജയിക്കാനായാല്‍ റീതികയുടെ ക്വാര്‍ട്ടര്‍ പോര് വൈകീട്ട് 4.20 മുതലാണ്.
ക്വാര്‍ട്ടറിലും ജയിച്ചു മുന്നേറാനായാല്‍ ഇന്ത്യന്‍ താരത്തിന്റെ സെമി ഫൈനലും ഇന്നു തന്നെ നടക്കും. രാത്രി 10.25നാണ് സെമി മല്‍സരങ്ങള്‍ തുടങ്ങുന്നത്. സെമിയില്‍ ജയിച്ചാല്‍ റീതികയ്ക്കു വെള്ളി മെഡല്‍ ഉറപ്പിക്കാം. എന്നാല്‍ തോല്‍ക്കുകയാണെങ്കില്‍ വെങ്കല മെഡല്‍ മാച്ചില്‍ താരത്തിനു കളിക്കേണ്ടി വരും.