പാരീസ്: പാരീസ് ഒളിംപിക്‌സിന്റെ 11ാം ദിനം ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍. ഇന്ത്യയുടെ പുരുഷ ഹോക്കി ടീം സെമി ഫൈനലില്‍ ജര്‍മനിയെ നേരിടാനിറങ്ങും. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പിക്കാം. രാത്രി 10.30നാണ് മത്സരം ആരംഭിക്കുന്നത്. ബ്രിട്ടണെ തകര്‍ത്താണ് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്. ടേബിള്‍ ടെന്നിസില്‍ ഹര്‍മീത് ദേശായി, ശരത് കുമാര്‍, മാനവ് താക്കര്‍ എന്നിവര്‍ അടങ്ങുന്ന പുരുഷ ടീം പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ടീമിനെ നേരിടും.
ഉച്ചക്ക് 1.30നാണ് മത്സരം. ഉച്ചക്ക് 1.50ന് ജാവലിന്‍ ത്രോയിലെ ഗ്രൂപ്പ് എ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ കിഷോര്‍ ജെന മത്സരിക്കും. ഉച്ചക്ക് 1.50നാണ് മത്സരം ആരംഭിക്കുന്നത്. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് പ്രീ ക്വാര്‍ട്ടറിലിറങ്ങും. ജപ്പാന്റെ യൂയി സുസാക്കിയാണ് വിനേഷ് ഫോഗട്ടിന്റെ എതിരാളി. ഇന്ത്യയുടെ സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലെ ഗ്രൂപ്പ് ബി ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ ഇന്നിറങ്ങും.
ഉച്ചക്ക് 3.20നാണ് മത്സരം. ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വൈകുന്നേരം 4.20നും സെമി ഫൈനലില്‍ രാത്രി 10.25നും നടക്കും. വിനേഷിന് മെഡല്‍ നേടാനാവുമോയെന്നത് ഇന്ന് തന്നെ വ്യക്തമാവും. ഇന്ത്യയുടെ ബോക്‌സിങ് ടീം തീര്‍ത്തും നിരാശപ്പെടുത്തിയതിനാല്‍ ഗുസ്തി ടീമില്‍ നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ആറ് അംഗ ഗുസ്തി ടീമില്‍ ഏറ്റവും മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരമാണ് വിനേഷ് ഫോഗട്ട്.

അനുഭവസമ്പന്നയായ താരത്തിന് മെഡലിലേക്കെത്താന്‍ സാധിക്കുമോയെന്നതാണ് അറിയേണ്ടത്. നീരജ് ചോപ്ര സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രായവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും നീരജിനെ ചെറുതായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ പ്രകടനം എങ്ങനെ ആവുമെന്നതാണ് കണ്ടറിയേണ്ടത്. യോഗ്യതാ റൗണ്ടിലെ നീരജ് ചോപ്രയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.
പാരീസ് ഒളിംപിക്‌സ് മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് നിരാശയാണ് ഓരോ ദിവസവും ലഭിക്കുന്നത്. പ്രതീക്ഷിച്ച പല താരങ്ങളും മെഡല്‍ നേടാതെ പുറത്തുപോയി. ഇതോടെ ഷൂട്ടിങ്ങില്‍ നേടിയ മൂന്ന് മെഡലുകള്‍ മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. ഇനി പ്രതീക്ഷ ഹോക്കി ടീമിലും വിനേഷ് ഫോഗട്ടിലും നീരജ് ചോപ്രയിലുമാണ്.