പാരിസ്: ഒളിംപിക്‌സ് ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ പോവുകയാണ്. 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കാന്‍ പോവുന്നത്. അവസാന ഘട്ട മുന്നൊരുക്കം പൂര്‍ത്തിയാക്കി ടീമുകളെല്ലാം ഒളിംപിക്‌സിനായി തയ്യാറെടുത്ത് കഴിഞ്ഞു. ഇന്ത്യയും ഇത്തവണ വലിയ മെഡല്‍ പ്രതീക്ഷയിലാണ്. ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയുമുണ്ട്. നീരജ് ചോപ്ര, പിവി സിന്ധു എന്നിവരെല്ലാം ഇന്ത്യക്ക് മെഡല്‍ നേടിത്തരുമെന്ന് ഉറപ്പുള്ളവരാണ്.
ഒളിംപിക്‌സ് ചരിത്രത്തിലേക്ക് പിന്നോട്ട് നടക്കവെ ചില രസകരമായ സംഭവങ്ങളും കാണാനാവും. ഇതിലൊന്നാണ് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നവര്‍ മെഡലില്‍ കടിക്കുന്നത്. ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുമ്പോള്‍ മെഡലില്‍ കടിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും ഇത് എന്തിനാണെന്ന സംശയം പലര്‍ക്കുമുണ്ടാവും. ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്. അത് എന്താണെന്ന് അറിയാം. ആദ്യ കാലങ്ങളില്‍ ഒളിംപിക്‌സ് മെഡലുകള്‍ ഒളിംപിക്‌സ് മെഡലുകളുടെ ആധികാരികത പരിശോധിക്കാനാണ് മെഡലുകളില്‍ കടിച്ചിരുന്നത്.
സ്വര്‍ണ്ണം മൃദുവായ ലോഹമാണ്. അതില്‍ കടിക്കുമ്പോള്‍ പല്ലുകള്‍ ഇറങ്ങുകയും അടയാളം അവശേഷിക്കുകയും ചെയ്യും. ആദ്യ കാലങ്ങളിലാണ് ഇത്തരത്തില്‍ പരിശോധന നടത്തിയിരുന്നത്. കടിച്ച് നോക്കി മെഡല്‍ സ്വര്‍ണ്ണമാണെന്ന് ഉറപ്പിക്കാനായിരുന്നു ജേതാക്കള്‍ ഇത്തരത്തില്‍ ചെയ്തിരുന്നത്. എന്നാല്‍ 1912ല്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി ശുദ്ധമായ സ്വര്‍ണ്ണ മെഡലുകള്‍ നല്‍കുന്നത് നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സ്വര്‍ണ്ണം പൂശിയ മെഡലുകളാണ്.
എന്നിട്ടും എന്തിനാണ് മെഡലുകളില്‍ താരങ്ങള്‍ കടിക്കുന്നതെന്നത് സംശയമായി ഉയരുന്നു. ഇതിന് കാരണം പാരമ്പര്യം മാത്രമാണ്. മുന്‍ ജേതാക്കള്‍ ചെയ്തിരുന്ന രീതി ഇപ്പോഴുള്ള ഒരുവിഭാഗം അത്‌ലറ്റുകള്‍ പിന്തുടരുകയാണ് ചെയ്യുന്നത്. എന്നാല്‍ നേരത്തെ എല്ലാ ജേതാക്കളും മെഡലുകളില്‍ കടിക്കുമായിരുന്നു. ഇപ്പോഴത് വളരെ ചുരുക്കം അത്‌ലറ്റുകള്‍ മാത്രമാണ് ചെയ്യുന്നത്. കൂടുതല്‍ ജേതാക്കളും മെഡലുകളില്‍ കടിക്കുന്നത് ഫോട്ടോഗ്രാഫര്‍മാരുടെ ആവശ്യ പ്രകാരമാണ്.

ഫോട്ടോ ഗ്രാഫര്‍മാര്‍ ചിത്രമെടുക്കുമ്പോള്‍ മെഡലുകളില്‍ കടിച്ച് പോസ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. ഇതാണ് ഇത്തരത്തില്‍ ചെയ്യാനുള്ള കാരണം. ഇതില്‍ രസകരമായ കാര്യം ഇത്തരത്തില്‍ മെഡലില്‍ കടിച്ച് താരങ്ങളുടെ പല്ല് പൊട്ടിയിട്ടുണ്ടെന്നതാണ്. 2010ലെ ഒളിംപിക്‌സില്‍ വെള്ളി നേടിയ ജര്‍മ്മന്‍ ലുഗര്‍ ഡേവിഡ് മൊല്ലറുടെ പല്ല് മെഡലില്‍ കടിച്ചപ്പോള്‍ പൊട്ടിയിരുന്നു. കാലം പുരോഗമിക്കുമ്പോള്‍ ഒളിംപിക്‌സിലെ പാരമ്പര്യമെന്ന നിലയില്‍ ഇപ്പോഴും താരങ്ങള്‍ മെഡലില്‍ കടിക്കുന്നത് തുടരുകയാണ്.
പല പ്രമുഖരായ അത്‌ലറ്റുകളുടേയും മെഡലില്‍ കടിച്ചുകൊണ്ടുള്ള ചിത്രം വൈറലാണ്. ജമൈക്കന്‍ താരവും വേഗ രാജാവുമായ ഉസൈന്‍ ബോള്‍ട്ട് മെഡലില്‍ കടിച്ചുകൊണ്ടുള്ള ചിത്രങ്ങളെല്ലാം ആരാധകരുടെ മനസില്‍ ഇടം നേടിയതാണ്. സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ മൂന്ന് മെഡലുകളാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് നല്‍കുന്നത്. സ്വര്‍ണ്ണ മെഡലില്‍ 92.5% വരുന്നത് വെള്ളിയാണ്. 6 ഗ്രാം സ്വര്‍ണ്ണമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
രണ്ടാം സ്ഥാനക്കാരനുള്ള വെള്ളി മെഡലില്‍ 92.5% ആണ് വെള്ളി. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള വെങ്കല മെഡലില്‍ 97% വെങ്കലമാണുള്ളത്. കോപ്പറും ടിന്നും സിങ്കുമാണ് ഈ മെഡലിലെ മറ്റ് ഘടകങ്ങള്‍. ഇത്തവണ ആരൊക്കെയാവും മെഡല്‍ നേടുകയെന്നും ആരൊക്കെയാവും മെഡലില്‍ കടിച്ചുകൊണ്ടുള്ള ചിത്രങ്ങളെടുക്കുകയെന്നും കണ്ടറിയാം. ഒളിംപിക്‌സിനായി ഇന്ത്യ മികച്ച മുന്നൊരുക്കമാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ജര്‍മനിയിലും അമേരിക്കയിലുമെല്ലാം ഇന്ത്യ പരിശീലനം നടത്തിയിരുന്നു.
മികച്ച മുന്നൊരുക്കത്തോടെ ഇറങ്ങുന്ന ഇന്ത്യ മെഡലുകള്‍ വാരിക്കൂട്ടുമെന്നൊന്നും പ്രതീക്ഷിക്കാനാവില്ല. എങ്കിലും 10 മെഡലുകളെങ്കിലും ഇന്ത്യ പ്രതീക്ഷിക്കുന്നു. എന്നാല്‍ പരിക്ക് ഇന്ത്യക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ബോക്‌സര്‍മാരുടെ ഫിറ്റ്‌നസ് ആശങ്കയുണ്ടാക്കുന്നതാണ്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായിരിക്കില്ല. നീരജ് ചോപ്ര സ്വര്‍ണ്ണ മെഡല്‍ നേടുമെന്ന വലിയ വിശ്വാസത്തിലാണ് ഇന്ത്യയുള്ളത്.