പാരിസ്: പാരിസ് ഒളിംപിക്‌സ് അഞ്ചാം ദിനത്തില്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തി ദീപികാ കുമാരി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. എസ്‌തോനിയയുടെ റീന പര്‍നാട്ടിനെ 6-5ന് തോല്‍പ്പിച്ചാണ് ദീപികാ കുമാരി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. നാളെ പ്രീ ക്വാര്‍ട്ടര്‍ നടക്കാനിരിക്കെ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായി ദീപികാ കുമാരി മാറിക്കഴിഞ്ഞു. 30കാരിയായ ദീപികയിലൂടെ അമ്പെയ്ത്തില്‍ ഇന്ത്യ മെഡല്‍ നേടുമോയെന്നതാണ് കണ്ടറിയേണ്ടത്.
1994 ജൂണ്‍ 13നാണ് ദീപികാ കുമാരിയുടെ ജനനം. ജാര്‍ഖണ്ഡുകാരിയായ ദീപിക ഓട്ടോറിക്ഷാ ഡ്രൈവറായ ശിവ ചരണ്‍ പ്രജാപതിയുടെ മകളാണ്. സാമ്പത്തികമായി വളരെയധികം പ്രതിസന്ധികള്‍ നേരിട്ടിടത്തുന്നിന്നാണ് താരത്തിന്റെ വളര്‍ച്ച. ചെറുപ്പം മുതല്‍ അമ്പെയ്ത്തില്‍ ദീപിക താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍ പരിശീലനം നടത്താനുള്ള അടിസ്ഥാന സൗകര്യമോ സാമ്പത്തിക അടിത്തറയോ ദീപികയ്ക്ക് ഇല്ലായിരുന്നു.
തുടക്ക കാലത്ത് മുളകൊണ്ടുള്ള അമ്പും വില്ലുമായിരുന്നു ദീപിക ഉപയോഗിച്ചിരുന്നത്. 2006ലാണ് ദീപികയുടെ പ്രതിഭ തിരിച്ചറിഞ്ഞ് ടാറ്റ ആര്‍ച്ചറി അക്കാദമിയില്‍ പരിശീലനം നടത്താനുള്ള അവസരം ദീപികയ്ക്ക് ലഭിക്കുന്നത്. ഇവിടെ ലഭിച്ച പരിശീലനം കരിയറിനെ മാറ്റിമറിച്ചു. ആദ്യത്തെ പ്രധാന നേട്ടം കൈവരിക്കുന്നത് 2009ലാണ്. കേഡറ്റ് ലോക ചാമ്പ്യന്‍ഷിപ്പ് ടൈറ്റില്‍ നേടാന്‍ ദീപികയ്ക്ക് സാധിച്ചു.
2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എല്ലാവരേയും ഞെട്ടിച്ച് രണ്ട് സ്വര്‍ണ്ണ മെഡല്‍ നേടാന്‍ ദീപികയ്ക്ക് സാധിച്ചു. ഇതേ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ താരം വെങ്കലവും നേടി. പങ്കെടുത്ത മിക്ക വേദികളിലും മെഡലുകള്‍ നേടിയെടുക്കാന്‍ ദീപകയ്ക്ക് സാധിച്ചു. സ്ഥിരതയോടെയും കൃത്യതയോടെയും അമ്പ് എയ്യുന്ന ദീപിക പ്രധാന ടൂര്‍ണമെന്റുകളില്‍ അമ്പെയ്ത്തിലെ ഇന്ത്യയുടെ പ്രതീക്ഷയായി മാറി.

ലോകകപ്പില്‍ 11 സ്വര്‍ണ്ണ മെഡലുകളാണ് ദീപിക നേടിയിട്ടുള്ളത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു തവണ സ്വര്‍ണ്ണ മെഡല്‍ നേടിയെടുത്തു. കരിയറില്‍ 14 സ്വര്‍ണ്ണ മെഡലുകളാണ് ദീപിക നേടിയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ഒളിംപിക്‌സ് മെഡല്‍ നേടാന്‍ ദീപികയ്ക്ക് സാധിച്ചിട്ടില്ല. ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ എത്തിയതോടെ ദീപിക കന്നി ഒളിംപിക്‌സ് മെഡല്‍ നേടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. നാളെയാണ് ദീപികയുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.
അഞ്ചാം ദിനം ഇന്ത്യന്‍ താരങ്ങള്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നോര്‍വേയുടെ സുനീവ ഹോഫ്സ്റ്റഡിനെ തോല്‍പ്പിച്ചാണ് ലോവ്‌ലിനയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ടോക്കിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ ലോവ്‌ലിനയില്‍ ഇത്തവണയും വലിയ പ്രതീക്ഷയാണുള്ളത്.
ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രാജേശ്വരിയും കുമാരിക്കും ശ്രേയസി സിങ്ങിനും നിരാശ. രണ്ട് പേര്‍ക്കും യോഗ്യതാ റൗണ്ടിലേക്കെത്താനായില്ല. ശ്രേയസി 23ാം സ്ഥാനത്തും രാജേശ്വരി 22ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
അശ്വാഭ്യാസത്തില്‍ ഇന്ത്യക്ക് നിരാശപ്പെടേണ്ടി വന്നു. പുരുഷന്മാരുടെ വ്യക്തിഗത അശ്വാഭ്യാസത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന അനുഷ് അഗര്‍വാല പുറത്താവുകയായിരുന്നു. 9ാം സ്ഥാനക്കാരനായാണ് ഫിനിഷ് ചെയ്തത്. 66.444 പോയിന്റാണ് ആകെ നേടിയത്.
അശ്വാഭ്യാസത്തിന്റെ വ്യക്തിഗത ഇനത്തില്‍ പാരീസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടിയ ഏക ഇന്ത്യക്കാരനായിരുന്നു അനുഷ്. പുരുഷന്മാരുടെ ടെന്നിസില്‍ സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തി. ജര്‍മനിയുടെ ഡൊമിനിക് കോപ്‌ഫെറിനെ 7-5, 6-3 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്