പാരീസ്: വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയില്‍ ഭാരക്കൂടുതലിനെത്തുടര്‍ന്ന് അയോഗ്യ ആക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ കാര്യത്തില്‍ വിധി ഇന്നുണ്ടാകില്ല. അയോഗ്യയാക്കപ്പെട്ട തീരുമാനത്തിനെതിരേ കായിക തര്‍ക്ക പരിഹാര കോടതിയില്‍ വിനേഷ് അപ്പീല്‍ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിധി പറയല്‍ 13ാം തീയ്യതിയിലേക്ക് മാറ്റിയിരിക്കുകയാണ്. അര്‍ഹതപ്പെട്ട മെഡല്‍ നേടാനാവുമോയെന്നറിയാന്‍ ഇനിയും വിനേഷ് കാത്തിരിക്കണം.
വിനേഷ് ഫോഗട്ട് വഞ്ചിക്കുന്ന കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റത്തെത്തുടര്‍ന്നാണ് 100 ഗ്രാം ഭാര വ്യത്യാസം സംഭവിച്ചത്. സ്വന്തം ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയെന്നത് അത്ലറ്റിന്റെ അവകാശവും കടമയുമാണ്. ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ ശരീര ഭാരം മത്സരത്തിന് യോഗ്യത നല്‍കുന്നതായിരുന്നു. പിന്നീട് ശരീര ഭാരം കൂടിയത് ശരീരത്തിന്റെ സ്വാഭാവികമായ പ്രക്രിയയാണ്. ഇതൊരു കള്ളത്തരമല്ല.
ശരീരത്തിലെ ന്യൂട്രീഷ്യന്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമായത് മാത്രമാണ് ചെയ്തത്. ഇതിനെ വഞ്ചനയായി കാണാനാവില്ല എന്നാണ് വിനേഷ് ഫോഗട്ടിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം കോടതി ശരിവെക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മത്സരത്തിന്റെ ആദ്യ സമയത്തൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല.
ഫൈനല്‍ മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഭാരക്കൂടുതല്‍ കണ്ടെത്തിയത്. ന്യൂട്രീഷ്യനും ഡോക്ടറും പരിശീലകനുമെല്ലാം ഉണ്ടായിട്ടും വിനേഷ് ഫോഗട്ടിന് ഇത്തരമൊരു അയോഗ്യത നേരിടേണ്ടി വന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ലോക ഒന്നാം നമ്പര്‍ താരത്തെയടക്കം തോല്‍പ്പിച്ചാണ് വിനേഷ് ഫൈനലിലേക്കെത്തിയത്. 100 ഗ്രാം വ്യത്യസത്തിന്റെ പേരിലാണ് വിനേഷിനെ അയോഗ്യതയാക്കിയത്. അതുകൊണ്ടുതന്നെ യുക്തിയോടെ തീരുമാനമെടുക്കണമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം അഭിപ്രായപ്പെട്ടിരുന്നു. വിനേഷ് ഫോഗട്ടിനെ അയോഗ്യതയാക്കിയതിന് പിന്നാലെ താരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
വിനേഷും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനും തമ്മിലുള്ള ബന്ധവും മോശമാണ്. ലൈംഗിക ആരോപണം നേരിട്ട ഫെഡറേഷന്‍ തലവനെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചവരിലൊരാളാണ് വിനേഷ് ഫോഗട്ട്. അതുകൊണ്ടുതന്നെ വിനേഷ് ഫൈനലിലെത്തിയപ്പോള്‍ സാക്ഷി മാലിക്കടക്കം ഇതിനോട് പ്രതികരിച്ചിരുന്നു. പിന്നീടാണ് തികച്ചും അപ്രതീക്ഷിതമായി താരത്തെ അയോഗ്യയാക്കിയത്. ഇതിന്റെ പിന്നില്‍ രാഷ്ട്രീയമായ ഇടപെടലുണ്ടെന്ന ആക്ഷേപവും ഇതിനോടകം ശക്തമാണ്.
എന്തായാലും വിനേഷ് ഫോഗട്ട് മെഡല്‍ അര്‍ഹിച്ചിരുന്നുവെന്ന് തന്നെ പറയാം. സ്വര്‍ണ്ണ മെഡല്‍ നേട്ടത്തിന് തൊട്ടരികില്‍ നിന്നാണ് അപ്രതീക്ഷിതമായി അയോഗ്യ ആക്കപ്പെട്ടതും പിന്നീട് താഴോട്ട് വീണതും. ഇന്ത്യക്കായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണവും ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണ്ണവും വെങ്കലവും ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെങ്കലവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും നേടിയിട്ടുള്ള താരമാണ് വിനേഷ് ഫോഗട്ട്