പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും കായിക പ്രേമികള്‍ ഒരുപോലെ ഉറ്റുനോക്കിയ പോരാട്ടം ജാവ്‌ലിന്‍ ത്രോയിലായിരുന്നു. പുരുഷന്‍മാരുടെ ജാവ്‌ലിന്‍ ത്രോ ഫൈനലില്‍ കഴിഞ്ഞ തവണത്തെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയും പാകിസ്താന്റെ മിന്നും താരം അര്‍ഷാദ് നദീമും നേര്‍ക്കുനേര്‍ വന്നതാണ് കായിക പ്രേമികളെ ത്രില്ലടിപ്പിച്ചത്. ഒടുവില്‍ നീരജിന്റെ രണ്ടാം സ്വര്‍ണ മെഡല്‍ മോഹം തകര്‍ത്ത് നദീം ചരിത്രം കുറിക്കുകയും ചെയ്തു. ഒളിംപിക് റെക്കോര്‍ഡോടെയാണ് അദ്ദേഹം പൊന്നണിഞ്ഞത്. നീരജ് വെള്ളി കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.
ഈ മെഡല്‍ വിജയത്തോടെ വലിയ സമ്മാനത്തുകയാണ് നദീമിനെ തേടിയെത്തിയത്. ഏകദേശം 42 ലക്ഷത്തോളം രൂപയാണ് അദ്ദേഹത്തിനു ലഭിച്ച സമ്മാനത്തുക. പക്ഷെ നീരജിനോ, മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത് വെങ്കല മെഡല്‍ നേടിയ താരത്തിനോ ഒന്നും തന്നെ ലഭിച്ചില്ല. ഇതിനു പിന്നിലെ കാരണമെന്താണെന്നു നോക്കാം.

അന്താരാഷ്ട്ര ഒളിംപിക് ഫെഡറേഷന്റെ ഒരു തീരുമാനമാണ് നീരജിനു വലിയ തിരിച്ചടിയായി മാറിയത്. ഇത്തണത്തെ പാരീസ് ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ വിജയിക്കു മാത്രം സമ്മാനത്തുക നല്‍കിയാല്‍ മതിയെന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്കു ഒരു സമ്മാനത്തുകയും നല്‍കേണ്ടതില്ലെന്നും അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ സ്വര്‍ണ മെഡല്‍ ജേതാവിനൊഴികെ മറ്റാര്‍ക്കും ഇത്തവണ സമ്മാനത്തുകയും ലഭിച്ചില്ല.
2021ലെ ടോക്കിയോ ഒളിംപിക്‌സ് വരെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കു സമ്മാനത്തുകയുണ്ടായിരുന്നു. പക്ഷെ ഇത്തവണ അതു എടുത്തു കളയുകയായിരുന്നു. എന്നാല്‍ 2028ലെ അടുത്ത ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലെത്തുന്നവര്‍ക്കെല്ലാം മെഡലുകള്‍ നല്‍കുന്ന രീതി തിരികെ കൊണ്ടുവരുമെന്നാണ് അന്താരാഷ്ട്ര ഒളിംപിക് ഫെഡറേഷന്റെ തീരുമാനം.

പാരീസില്‍ നിന്നും ഇത്തവണ വെറും വെള്ളി മെഡല്‍ മാത്രം നേടിയാണ് നീരജിന്റെ മടക്കമെങ്കിലും നാട്ടില്‍ വലിയ പാരിതോഷികങ്ങളാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചപ്പോള്‍ വ്യത്യസ്ത സര്‍ക്കാരുകള്‍ അദ്ദേത്തിനു പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ അഞ്ചു കോടിയും സംസ്ഥാന സര്‍ക്കാര്‍ (ഹരിയാന) ആറു കോടിയും ഇന്ത്യന്‍ റെയില്‍വേസ് മൂന്നു കോടിയും രൂപയാണ് നീരജിനു പാരിതോഷികമായി നല്‍കിയത്.
നീരജിനു മാത്രമല്ല പാരീസില്‍ ഷൂട്ടിങില്‍ ഇന്ത്യക്കായി രണ്ടു വെങ്കല മെഡലുകള്‍ നേടിയ മനു ഭാക്കര്‍, വെങ്കലം കൊയ്ത പുരുഷ ഹോക്കി ടീം, ഷൂട്ടിങിലെ വെങ്കല മെഡല്‍ വിജയികളായ സ്വപ്‌നില്‍ കുസാലെ, സരബ്‌ജോത് സിങ് എന്നിവരെയും നാട്ടില്‍ സമ്മാനമഴയാണ് കാത്തിരിക്കുന്നത്. ഹോക്കി ടീമിലെ ഓരോ താരത്തിനും 15 ലക്ഷം രൂപ വീതവും സപ്പോര്‍ട്ട് സ്റ്റാഫിലെ ഓരോരുത്തര്‍ക്കും 7.5 ലക്ഷം രൂപം ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.